ക്ലിഫ് ഹൗസിലേക്ക് നാളെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സമരജ്വാല രാത്രി എട്ടിന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ ക്ലിഫ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തും.നാളെ രാത്രി എട്ടിനാണ് സമര ജ്വാല എന്ന പേരില്‍ ക്ലിഫ് ഹൗസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. രാഹുലിന്റെ മെഡിക്കല്‍ രേഖ അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ദ്ദേശപ്രകാരം അഭിഭാഷകനായ മൃദുല്‍ ജോണ്‍ മാത്യു മുഖേന വക്കീല്‍നോട്ടീസ് നല്‍കുമെന്നും അബിന്‍ വര്‍ക്കി അറിയിച്ചു. അതേസമയം, അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലാതല പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളിലും തുടരും. ജനുവരി 12ന് കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി അറിയിച്ചു.
ഗോവിന്ദന്റേത് സാഡിസ്റ്റ് ചിന്തയാണെന്നും വ്യക്തിപരമായ ആരോഗ്യവിവരങ്ങളാണ് വ്യാജമെന്ന് പറഞ്ഞതെന്നും ഇത് മനുഷ്യത്വവിരുദ്ധമാണെന്നും യൂത്ത് കോണ്‍ഗ്രസ് അബിന്‍ വര്‍ക്കി പ്രതികരിച്ചിരുന്നു. 'രാഹുലിനെ ചാരി ഗോവിന്ദന്‍ ജയരാജന്മാരെ അടിക്കാനാണോ ഉദ്ദേശിക്കുന്നത്. ജാമ്യം ലഭിക്കാന്‍ വേണ്ടി കുറുക്കുവഴികള്‍ തേടുന്നത് ജയരാജന്മാരാണ്. എത്ര കേസെടുത്താലും കാര്യമില്ല. കേസുകള്‍ കൊണ്ട് തളര്‍ത്താമെന്ന് ശശിമാര്‍ വിചാരിക്കണ്ട.കേരളത്തില്‍ നടക്കുന്നത് ശശിരാജാണ്'. അബിന്‍ വര്‍ക്കി പറഞ്ഞു.
Content Highlights:youth congress protest against the arrest of rahul mankoottathil
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."