'ഒരു യാഥാര്‍ഥ്യം പറയണമെന്ന് തോന്നി, പറഞ്ഞു; അത് ആര്‍ക്കെങ്കിലും ആത്മ വിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്' വിമര്‍ശനത്തില്‍ എം.ടിയുടെ വിശദീകരണം
'ഒരു യാഥാര്‍ഥ്യം പറയണമെന്ന് തോന്നി, പറഞ്ഞു; അത് ആര്‍ക്കെങ്കിലും ആത്മ വിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്' വിമര്‍ശനത്തില്‍ എം.ടിയുടെ വിശദീകരണം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെ, നേതൃപൂജയ്‌ക്കെതിരെ നടത്തിയ വിമര്‍ശനത്തില്‍ എം.ടി.വാസുദേവന്‍ നായരുടെ വിശദീകരണം. സാഹിത്യകാരന്‍ എന്‍.ഇ.സുധീര്‍ തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലാണ് എംടിയുടെ വിശദീകരണം വ്യക്തമാക്കുന്നത്. തന്റെ പരാമര്‍ശം കൊണ്ട് താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എം.ടി വ്യക്തമായി പറഞ്ഞെന്നും അതെന്താണെന്നും സുധീര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
'ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല . ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്' എന്നാണ് എം.ടി തന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുന്നത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം.ടിയുടെ വിമര്‍ശനം. അധികാരം എന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറി. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും എം.ടി വ്യക്തമാക്കി.
രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ടെന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണ്. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും എം.ടി ചൂണ്ടിക്കാട്ടി. വിപ്ലവം നേടിയ ജനാവലി ആള്‍ക്കൂട്ടമായി മാറുന്നു. ഈ ആള്‍ക്കൂട്ടത്തെ, ആരാധകരും, പടയാളികളുമാക്കുന്നുവെന്ന ശക്തമായ വിമര്‍ശനവും എം.ടി ഉന്നയിച്ചു.
ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടിയെന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാവാം. അത് ഒരു ആരംഭമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരമെന്നും വിശ്വസിച്ചതുകൊണ്ടാണ് ഇ.എം.എസ് സമാരാധ്യനും മഹാനായ നേതാവുമാകുന്നത്.
നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പത്തെ മാറ്റിയെടുക്കാനാണ് ഇ.എം.എസ് ശ്രമിച്ചത്. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ടുതന്നെ. കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളില്‍ ചില നിമിത്തങ്ങളായി ചിലര്‍ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്വത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിനെന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്നും അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയാറാകുമെന്ന് പ്രത്യാശിക്കാമെന്നും എം.ടി വാസുദേവന്‍ നായര്‍ ചൂണ്ടിക്കാട്ടി.
എന്‍.ഇ.സുധീറിന്റെ കുറിപ്പില്‍നിന്ന്:
വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ കെഎല്‍എഫ് ഉദ്ഘാടന വേദിയില്‍ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയാറാക്കി വച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട രാഷ്ട്രീയ വിമര്‍ശനമാവുമെന്നു ഞാനും കരുതിയിരുന്നില്ല. വൈകിട്ടു കണ്ടപ്പോള്‍ ഞങ്ങള്‍ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്: ''ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ഥ്യം പറയണമെന്നു തോന്നി, പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിനു വഴിയൊരുക്കിയാല്‍ അത്രയും നല്ലത്''. തന്റെ കാലത്തെ രാഷ്ട്രീയ യാഥാര്‍ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോടു കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."