കലയിൽ കലാപത്തിന്റെ അംശങ്ങളുണ്ട്
പി.കെ.പാറക്കടവ്
കലയിൽ കലാപത്തിന്റെ അംശങ്ങളുണ്ട്
ഇന്നലെ രാവിൽ എന്റെ ഉറക്കം ഓടിപ്പോവുകയും എന്റെ വിചിത്രഭാവനകൾ കീറിപ്പോവുകയും ചെയ്തു.
എന്റെ മനസിന്റെ വന്യനിലയിൽ
ഒരു കഴുകനെ ഞാൻ വീക്ഷിച്ചു.
അതിന്റെ കൊക്കിൽ പഴയ അതേ രീതിയിൽ
മാടപ്രാവിന്റെ ചോര.
കുന്നിൻ മുകളിൽനിന്ന്
അന്തരീക്ഷത്തിലേക്ക്
ചിതറിവീണ തൂവലുകൾ.
തലയിണയിൽ എന്റെ തല ചെരിച്ചുവെക്കവേ
ഞാൻ കണ്ടത് അഗാധമായ
കറുത്ത താഴ്‌വര.
ഉണർന്നപ്പോൾ എന്റെ പിൻഭാഗം
ചുമരിൽ ചാരിയിരുന്നു
നെഞ്ചിന്റെ മജ്ജയിൽ
ശീതകാലത്തിന്റെ തണുപ്പ്.
(റഹ്മാൻ റാഹിയുടെ "ഇരുട്ടിന്റെ സൂചനകൾ' എന്ന കശ്മിരി കവിതകളിൽനിന്ന്)
ഇക്കഴിഞ്ഞ ദിവസങ്ങളിൽ അധികാരത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് കേരളം. സർവാധിപത്യത്തെയും വ്യക്തിപൂജയെയും കുറിച്ച് നാം വീണ്ടും ചർച്ച ചെയ്യുന്നു എന്നുള്ളത് നല്ല കാര്യം.
ഇന്നത്തെ ഇന്ത്യനവസ്ഥയിൽ അധികാരത്തെക്കുറിച്ചുള്ള ഈ ചർച്ചക്ക് ഏറെ പ്രസക്തിയുണ്ട്. അധികാരം ഉപയോഗിച്ച് ചരിത്രംപോലും മാറ്റിയെഴുതുന്ന ഒരുകാലത്ത്, അധികാരം വർഗീയത വളർത്താൻ ഉപയോഗിക്കുന്ന ഒരു നാട്ടിൽ ഇത്തരം ചർച്ചകൾ അനിവാര്യമാണ്. അത് കേവലം വ്യക്തികൾക്കെതിരേ കേവല വിമർശനമല്ല.
തനിയെ തന്റെ കാലടിവച്ച്, നടന്നുപോയ കാലത്തിനുമുമ്പേ സഞ്ചരിച്ച പ്രശസ്ത ചിന്തകൻ എം. ഗോവിന്ദൻ അരനൂറ്റാണ്ടുമുമ്പ് അധികാരത്തെക്കുറിച്ച് ഗൗരവമായ ചില ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അധികാരത്തിന്റെ മനശ്ശാസ്ത്രം, അധികാരമെന്ന പ്രശ്‌നം തുടങ്ങിയ ഗൗരവമായ ലേഖനങ്ങൾ ഇന്നും പ്രസക്തമാണ്. അധികാരം ഒരറ്റത്ത് വ്യക്തിപരമാണെങ്കിൽ സമൂഹമധ്യത്തിലാണ് അതിന്റെ മറ്റേ തുമ്പ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അധികാരത്തിന്റെ അടിസ്ഥാനപ്രേരണകളെക്കുറിച്ച് അദ്ദേഹം എഴുതുന്നു: "സഹജീവികളിൽ ആധിപത്യം സ്ഥാപിക്കാനും അതിൽനിന്ന് ആനന്ദം നേടാനുമുള്ള മസോക്കിസ്റ്റ് മനോഭാവം, ജനഗണമന അധിനായകെന്ന അപദാനം കേൾക്കാനുള്ള കൊതി, ആശ്രിതസമൂഹങ്ങളുടെ ആർപ്പുവിളികൾക്കിടയിൽ അത്ഭുതപൂമാനായി വിലസുന്നതിലുള്ള ചാരിതാർഥ്യം, അഹന്തയ്ക്ക് സ്വൈര്യം വിഹരിക്കാൻ വിശാലമേഖലകൾ സജ്ജീകരിക്കാനുള്ള അടങ്ങാത്ത അഭിലാഷം, അനാഥരും അശരണരുമായവരുടെ രക്ഷാപുരുഷനാണെന്ന അഹംഭാവം, കുറുക്കുവഴികളിലൂടെ സ്ഥാനമാനങ്ങൾ നേടി വ്യക്തിപ്രഭാവം വികസിപ്പിക്കാനുള്ള സാധ്യത-ഇങ്ങനെ സങ്കീർണവികാരങ്ങളുടെ കേളീരംഗമാണ് അധികാരം. അബദ്ധംപോലും മാനുഷികമാണ്. എന്നാൽ അധികാരം, മനുഷ്യൻ മുഴുവനും അതിജീവിച്ചിട്ടില്ലാത്ത മൃഗീയ പാരമ്പര്യത്തിന്റെ അവശിഷ്ടമാണ്'(അധികാരത്തിന്റെ മനശ്ശാസ്ത്രം- എം. ഗോവിന്ദൻ, എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ).
സമൂഹത്തിന്റെ ആലസ്യം കാരണമാണ് അധികാരകേന്ദ്രീകരണമുണ്ടാവുന്നതും അത് ആവശ്യത്തിലധികം ആപൽക്കരമായി ഭവിക്കുന്നതും എന്നുകൂടി അദ്ദേഹം പറയുന്നുണ്ട്. സംഘടിത രാഷ്ട്രീയകക്ഷികൾ വലിയ ബഹളങ്ങളൊക്കെ സൃഷ്ടിക്കുമ്പോഴും അധികാരത്തോട് പലപ്പോഴും രാജിയാവുന്നത് നാം കാണാറുണ്ട്.
ചിലപ്പോഴെങ്കിലും നമ്മുടെ ബുദ്ധിജീവികളും കലാകാരന്മാരും കുറ്റകരമായ മൗനം കൊണ്ട് അധികാരത്തിലിരിക്കുന്നവരുടെ കോപത്തിൽനിന്ന് രക്ഷതേടുന്നതും നമുക്കറിയാം. എങ്കിലും കലയിൽ അധികാരത്തോട് എതിരേ നിൽക്കുന്ന കലാപത്തിന്റെ അംശങ്ങളുണ്ട്.
പൈശാചികവും നിന്ദ്യവും ഭീകരത എന്ന് അക്ഷരാർഥത്തിൽ വിശേഷിപ്പിക്കാവുന്നതുമായ ഒന്നായിരുന്നല്ലോ അമേരിക്കയുടെ ഇറാഖ് അധിനിവേശം. അധികാരത്തിന്റെ അഹന്തയ്‌ക്കെതിരേ അമേരിക്കയിൽനിന്നുതന്നെ ഏറ്റവും വലിയ പ്രതിഷേധം ഉയർന്നത് കലാരംഗത്ത് നിന്നായിരുന്നു. "മിസ്റ്റർ ബുഷ്, ഇത് ലജ്ജാകരമാണ്. ഈ യുദ്ധത്തിന് ഞങ്ങളുടെ പിന്തുണയില്ല. നിങ്ങളെയോർത്ത് ഞങ്ങൾ ലജ്ജിക്കുന്നു' എന്ന് അമേരിക്കയുടെ തോക്ക് സംസ്‌കാരത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന 'ബൗളിങ് ഫോർ കൊളംബൻ' എന്ന ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം സ്വീകരിച്ചു പൊട്ടിത്തെറിച്ചു മൈക്കൽ മൂർ. ഹോളിവുഡിലെ ഉന്നതതാരങ്ങൾ നിറഞ്ഞ ഓസ്‌കാർ അവാർഡുദാന ചടങ്ങിൽ 3500 ഓളം പേരെ സാക്ഷിനിർത്തി മൈക്കൽ മൂർ ദൃഢമായ സ്വരത്തിൽ സ്വന്തം നാടിനെ പ്രതിക്കൂട്ടിൽ നിർത്തിയപ്പോൾ ലോസ് ആഞ്ചൽസിലെ കൊഡാക് തീയറ്റർ പ്രകമ്പനംകൊണ്ടു.
അധികാരത്തിന്റെ മുഖത്ത് ഇങ്ങനെ ആഞ്ഞടിച്ച ഒട്ടേറെ കലാകാരന്മാരും എഴുത്തുകാരുമുണ്ട്. മുങ്ങുന്ന കപ്പലിൽനിന്ന് സ്വർണപ്പതക്കങ്ങൾ സ്വപ്‌നം കാണുന്നവരെയല്ല നിലപാടുകളുള്ള എഴുത്തുകാരെയും ബുദ്ധിജീവികളെയുമാണ് കാലം ആവശ്യപ്പെടുന്നത്.
കഥയും കാര്യവും
രാത്രിയെ ചുമലിലേറ്റിയാലല്ലാതെ
നിനക്കൊരു ദീപമാവാൻ കഴിയില്ല-_
-അഡോണിസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."