എഴുത്തുകാർ എന്തുകൊണ്ട്ഉറക്കെ സംസാരിക്കുന്നു
യു.കെ കുമാരൻ
നമുക്കു ചുറ്റുമുള്ള ജീവൽസ്പർശിയായ പ്രശ്‌നങ്ങളോട് എഴുത്തുകാർ യുക്തിസഹമായി പ്രതികരിക്കുന്നില്ല എന്ന പരിവേദനം പലനാളുകളായി കേട്ടുതുടങ്ങിയിട്ട്. സമൂഹത്തെ ബാധിക്കുന്ന ഏതുപ്രശ്‌നങ്ങളിലും ഇടപെട്ട് പ്രതികരിക്കേണ്ട ഉത്തരവാദിത്വം മറ്റാരെക്കാളും എഴുത്തുകാർക്കുണ്ടെന്ന് കാലം വിശ്വസിക്കുകയും ചെയ്യുന്നു. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സമൂഹത്തിന്റെ സ്പന്ദനങ്ങളേറ്റ് ജീവിക്കുന്ന എഴുത്തുകാരന് താൻ ജീവിക്കുന്ന സമൂഹത്തിന്റെ അപഭ്രംശങ്ങൾ വിളിച്ചുപറയേണ്ട ധാർമിക ഉത്തരവാദിത്വമുണ്ട്. എന്നാൽ സമൂഹത്തിൽ മുമ്പത്തെതിനേക്കാൾ പാളിച്ചകൾ ഉണ്ടായിട്ടും അതൊന്നും ചൂണ്ടിക്കാട്ടാൻ ഒരെഴുത്തുകാരനും മുമ്പോട്ടുവരുന്നില്ല.
ഇതിന്റെ പ്രധാന കാരണം രാഷ്ട്രീയ താൽപര്യം എഴുത്തുകാരിൽ ചിലർ സ്വീകരിച്ചതുകൊണ്ടാണ്. സങ്കുചിത രാഷ്ട്രീയ നിലപാടുകൾ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിൽനിന്ന് എഴുത്തുകാരെ പിൻവലിക്കുന്നു. അത്തരം പ്രവണതകൾ വ്യാപകമായി വർധിച്ചുവരികയാണ്.
സമൂഹത്തിൽ ഏകാധിപത്യപ്രവണത ആഴത്തിൽ വേരോടിയിരിക്കുന്നു. നൈതികമായ എല്ലാ മൂല്യങ്ങളും ദുർബലപ്പെട്ടുകൊണ്ടിരിക്കുന്നു. അധികാരത്തിന്റെ സുഖാലസ്യത്തിൽ അഭിരമിക്കാനുള്ള പ്രവണത എല്ലാ മേഖലകളിലും ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിനൊന്നിനും കീഴ്പ്പെടാത്ത ഒരു സമൂഹം ഉണർന്നിരിക്കുന്നുണ്ട്. അവർ കാതോർത്തിരുന്നത് എഴുത്തുകാരുടെ ശബ്ദത്തിനാണ്.
ഏകാധിപത്യശക്തികൾക്കെതിരേ മുന്നറിയിപ്പ് നൽകുന്ന ഒരു ശബ്ദം. കഴിഞ്ഞയാഴ്ച ആ ശബ്ദം അവർ കേട്ടു. സമകാലീന ഏകാധിപത്യവാഴ്ചയുടെ പ്രതീകമായ അധികാരശക്തിയെ സാക്ഷിനിർത്തി മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ ഒരു സാഹത്യസമ്മേളനത്തിൽ പുറപ്പെടുവിച്ച ശബ്ദമായിരുന്നു അത്.
എം.ടിയുടെ മുന്നറിയിപ്പ് അത്യധികം സങ്കീർണമായ കേരളീയ മനസ്സാക്ഷിക്ക് ആശ്വാസമാവുകയായിരുന്നു. ഒരെഴുത്തുകാരന്റെ ധീരമായ വ്യത്യസ്ത ശബ്ദം കേട്ടല്ലോ എന്നൊരാശ്വാസം എല്ലാവർക്കുമുണ്ടായി. അധികാരക്കൊതിയുടെ കാലത്തെക്കുറിച്ചായിരുന്നു എം.ടി ശബ്ദിച്ചത്. അധികാരത്തിന്റെ കൊടുമുടിയിലിരുന്ന് ആസ്വദിക്കുന്ന ആർക്കും ഇത് ബാധകമാണെങ്കിലും നമുക്കുണ്ടായ തോന്നൽ നാം തൊട്ടറിയുന്ന ഒരു മണ്ഡലത്തെക്കുറിച്ചുള്ളതാണല്ലോ എന്നതായിരുന്നു. 'അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ മുമ്പെങ്ങോ നമ്മൾ കുഴിച്ചുമൂടി' -എം.ടി പറഞ്ഞു.
ഇതൊരു ഓർമപ്പെടുത്തലായിരുന്നു. ഒപ്പംതന്നെ രാഷ്ട്രീയത്തിൽ ഇപ്പോൾ കണ്ടുവരുന്ന വ്യക്തിപൂജക്കെതിരേയും എം.ടി ആഞ്ഞടിച്ചു. അധികാരത്തിലിരിക്കുന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് കേട്ടുകൊണ്ടിരിക്കുന്ന സ്തുതിവചനങ്ങൾ നമുക്ക് ഏറെ സുപരിചിതമാണ്. ജനാധിപത്യത്തിന്റെ മറവിൽ നടക്കുന്ന ആർഭാട ജീവിതവും നമ്മെ കുറേക്കാലമായി വേദനിപ്പിക്കുന്നു. ഒരിടത്തും ഇത്തരം ജീവിതശൈലിക്കെതിരേ തിരുത്തൽ ശബ്ദം ഉയരുന്നില്ല. അപ്പോഴാണ് ഒരെഴുത്തുകാരന്റെ ധീരമായ ശബ്ദം അധികാരശക്തിയെ സാക്ഷിനിർത്തി ഉയർന്നത്. പെട്ടെന്നൊരു നാൾ ഉൾവിളിയുണ്ടായതല്ല ഇതെന്ന് എഴുത്തുകാരൻ തന്നെ സൂചിപ്പിച്ചു.
ചില കാര്യങ്ങൾ തുറന്നുപറയണമെന്ന് അദ്ദേഹം പ്രസംഗത്തിനുമുമ്പേ തന്റെ അടുത്ത ബന്ധത്തിലുള്ളവരോട് സൂചിപ്പിക്കുകയുണ്ടായി. ഏകാധിപത്യ ജീവിതശൈലികളും ആർഭാടപൂർണ ദൈനംദിന ജീവിതങ്ങളും കണ്ടുകൊണ്ടിരിക്കുമ്പോൾ ജാഗ്രതയുള്ള ഏത് മലയാളിക്കും തോന്നിയ കാര്യങ്ങൾ അദ്ദേഹത്തിലുണ്ടായി എന്നുമാത്രം. 2003ൽതന്നെ ഇത്തരം ചിന്തകൾ അദ്ദേഹത്തിൽനിന്നു പുറത്തുവന്നിരുന്നു. അന്നത് രേഖപ്പെടുത്തിവയ്ക്കുകയും ചെയ്തു. അത്തരം ചിന്തകൾ വീണ്ടും വെളിപ്പെടുത്താൻ അവസരം വന്നപ്പോൾ അതൊന്നുകൂടി മിനക്കിയെടുത്ത് വെളിച്ചത്തുകൊണ്ടുവരികയായിരുന്നു.
എം.ടിയുടെ അഭിപ്രായം പുറത്തുവന്നപ്പോൾ ഇത് പ്രധാനമായും ബാധിക്കുന്ന കേന്ദ്രങ്ങൾ അപ്പോൾതന്നെ വിളിച്ചുപറഞ്ഞു 'ഇത് ഞങ്ങളെക്കുറിച്ചല്ല! ഈ കാലത്ത് ജീവിക്കുന്ന ആർക്കും കാണാനും മനസ്സിലാക്കാനും കഴിയുന്ന ഒരു കാര്യം ഉൾക്കൊള്ളാൻ കഴിയാത്തവിധത്തിൽ അന്ധത ബാധിച്ചവരാണ് അധികാരശക്തികളെന്ന് ഇത് വെളിപ്പെടുത്തുന്നു. എം.ടിയുടെ ഇടിത്തീപ്പോലുള്ള ഈ പ്രസ്താവം പുറത്തുവന്നപ്പോൾ മറ്റാർക്കും കിട്ടാത്ത വ്യാഖ്യാനം പാർട്ടിയുടെ മുഖപത്രത്തിൽ പിറ്റേ ദിവസം പ്രത്യക്ഷപ്പെട്ടു. കേരളത്തെ മുൻനിർത്തിയല്ല താൻ സംസാരിച്ചത് എന്നായിരുന്നു എം.ടിയുടെ വിശദീകരണമായി പാർട്ടി പത്രങ്ങളിൽ കൊടുത്തത്. എം.ടിയുടെ ഏറ്റവും ശ്രദ്ധേയ പ്രസംഗത്തെക്കുറിച്ച് എന്തുകൊണ്ടാണ് പാർട്ടി പത്രത്തിൽ മാത്രം വിശദീകരണം വന്നത്? മറ്റു മുഖ്യധാരാ പത്രങ്ങളിൽക്കൂടി ഈ വിശദീകരണം വരേണ്ടതായിരുന്നു. എന്തുകൊണ്ടാണ് അതു കൊടുക്കാൻ തയാറാകാതിരുന്നത്? എം.ടിയുടെ വിശദീകരണം കൊടുക്കാൻ തയാറല്ലാത്ത ഏതെങ്കിലും ഒരു പത്രം കേരളത്തിലുണ്ടോ?
ഇതിന് സമാനമായ മറ്റൊരു സംജ്ഞ ഇതിനുമുമ്പ് കേരളത്തിലുണ്ടായിട്ടുണ്ട്. ബാബരി മസ്ജിദ് പ്രശ്‌നം കത്തിയാളുന്ന സന്ദർഭത്തിൽ 'ബാബരി മസ്ജിദ് പൊളിച്ചു പ്രശ്‌നം പരിഹരിക്കണമെന്നാ'വശ്യപ്പെട്ട് ഇ.എം.എസിന്റെ ഒരു പ്രസംഗം മാതൃഭൂമിയിൽ വന്നു. വിവാദമായതോടെ ഇതിന്റെ നിഷേധവുമായി പാർട്ടി മുഖപത്രത്തിൽ മാത്രം പിറ്റേദിവസം കുറിപ്പുവന്നു. മാതൃഭൂമിയിൽ വന്ന പ്രസംഗത്തിന് മാതൃഭൂമിയിൽ തന്നെ നിഷേധം വരുത്തേണ്ടതായിരുന്നു. എന്നാൽ അതിന് തുനിയാതെ പാർട്ടിപത്രത്തിൽ മാത്രം എന്താണ് നിഷേധം ഒതുക്കാൻ കാരണം. ഇതിന് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. എം.ടിയുടെ പ്രസംഗത്തിന്റെ വ്യാഖ്യാനം എന്തുകൊണ്ട് പാർട്ടി മുഖപത്രത്തിൽ മാത്രം ഒതുക്കി എന്നതിനും വിശദീകരണം ലഭിക്കേണ്ടതുണ്ട്.
സമകാലീന അവസ്ഥയെക്കുറിച്ചുള്ള എം.ടിയുടെ വിവാദപരമായ നിലപാടു പുറത്തുവന്നപ്പോൾ മറ്റു പല എഴുത്തുകാരും തങ്ങളുടെ നിലപാടുകൾ വെളിപ്പെടുത്താൻ തയാറായി.
സമരമുഖത്തുവച്ചു ഒരു പെൺകുട്ടിയുടെ മുടിയിൽ പൊലിസുകാരൻ ചവിട്ടിയപ്പോൾ ടി. പത്മനാഭൻ മുന്നറിയിപ്പ് നൽകിയത് മഹാഭാരതകഥ ഉദ്ധരിച്ചുകൊണ്ടാണ്. 'ചരിത്രത്തിന് ഒരു സ്വഭാവമുണ്ട്. അത് ആവർത്തിക്കപ്പെടും. അത് മറക്കരുത്'. ഡോ. എം. ലീലാവതിയും ഇതേ രീതിയിലുള്ള മുന്നറിയിപ്പു നൽകുന്നുണ്ട്. 'കശ്മല സംഘമൊടുവിൽ കുരുക്ഷേത്രഭൂമിയിൽ ഒന്നിച്ചൊടുങ്ങി ചരിത്രമാവർത്തിക്കും'.
'നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണെന്നും, ഒരു തുള്ളിച്ചോരക്കു കിരീടങ്ങൾ വീഴ്ത്താൻ കഴിയണമെന്ന്' എം. മുകുന്ദൻ പറഞ്ഞു. എം.ടിയുടെ പ്രശസ്തമായ ഈ മുന്നറിയിപ്പോടെ സുഷുപ്തിലാണ്ടിരുന്ന പല എഴുത്തുകാരും ജാഗ്രതയിലേക്ക് മടങ്ങിയെത്തിയതായി നാം കാണുന്നു. പലർക്കും മടിയോ ഭീതിയോ ആയിരുന്നു സ്വന്തം നിലപാടുകൾ വെളിപ്പെടുത്താൻ.
എന്നാലിപ്പോൾ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയ സ്ഥിതി സമൂഹത്തെ ഉണർത്താൻ എഴുത്തുകാരും തയാറായിരിക്കുന്നു. എല്ലാ കാലത്തും സാമൂഹികപരിവർത്തനത്തിന് മുമ്പേ നടക്കേണ്ടത് എഴുത്തുമാരും കലാകാരന്മാരുമാണ്. നമ്മുടെ എഴുത്തുകാർ ചില കാര്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ട് ധീരമായ ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. എന്നാൽ മറ്റു ചിലർ ഇപ്പോഴും ആ തിരിച്ചറിവിൽ എത്തിയിട്ടില്ല. അധികാരവിനിയോഗത്തിന്റെയും അധികാരദുർവിനിയോഗത്തിന്റെയും വേർതിരിവുകൾ മനസ്സിലാക്കാൻ തയാറാകാതെ എം.ടിയുടെ പ്രസംഗത്തിന് ദുർവ്യാഖ്യാനങ്ങൾ അവർ ചമച്ചുകൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."