അസ്‌ലം വധക്കേസ് അന്വേഷണം സി.പി.എം നേതൃത്വത്തിലേക്ക്; ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ പരിശോധന
നാദാപുരം: വെള്ളൂരിലെ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് വഴിത്തിരിവിലേക്ക്. കഴിഞ്ഞ ദിവസം രാത്രി സി.പി.എം ഏരിയാ സെക്രട്ടറി പി.പി ചാത്തുവിന്റെ വീട്ടില്‍ പൊലിസ് പരിശോധന നടത്തി. ഇതോടെ സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന ആരോപണത്തിനു സാധുതയേറി. കഴിഞ്ഞ മാസം ഇയാള്‍ തുണേരിയില്‍ നടന്ന സി.പി.എം പൊതുയോഗത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതികള്‍ക്കെതിരേ നടത്തിയ വിവാദ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ അണികളെ കൊലപാതകത്തിനു പ്രേരിപ്പിക്കുന്നതായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഈ പ്രസംഗത്തിനു ശേഷമാണ് വളയം കേന്ദ്രീകരിച്ച് കൊലപാതകത്തിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതെന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.
ചുഴലിയിലെ സി.പി.എം പ്രവര്‍ത്തകനായ യുവാവാണ് അക്രമികള്‍ക്ക് സഞ്ചരിക്കാന്‍ ആവശ്യമായ വാഹനം സംഘടിപ്പിച്ചു നല്‍കിയത്. കൊലപാതകം നടന്നയുടനെ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. 12,000 രൂപ അഞ്ചുദിവസത്തേക്ക് വാടക നല്‍കിയാണ് വാണിമേല്‍ സ്വദേശിയില്‍ നിന്ന് ഇയാള്‍ കാര്‍ വാടകക്കെടുത്തത്. ബേപ്പൂര്‍ സ്വദേശിയുടെ പേരിലാണ് കാറെങ്കിലും മാസങ്ങളായി നാദാപുരത്താണുള്ളത്. ഇയാളില്‍ നിന്ന് പിന്നീട് വാണിമേല്‍ സ്വദേശി വാടകയ്ക്ക് വാങ്ങുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാര്‍ വാടകയ്‌ക്കെടുത്ത വളയം ചുഴലിയിലെ സി.പി.എം പ്രവര്‍ത്തകനെക്കുറിച്ചുള്ള വിവരം പൊലിസിനു ലഭിച്ചത്.
പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും തെളിവുകള്‍ക്കും വേണ്ടിയാണ് ഏരിയാ സെക്രട്ടറിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലിസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍ പരിശോനയ്ക്കു പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തിപ്പെടുത്തി അന്വേഷണം മന്ദഗതിയിലാക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നും വിലയിരുത്തപ്പെടുന്നു. പരിശോധനയില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഇന്നലെ വളയത്ത് പ്രകടനവുമായി രംഗത്തിറങ്ങിയിരുന്നു.
മുന്‍പ് മേഖലയിലും അയല്‍ ജില്ലയായ കണ്ണൂരിലും നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ വളയം മേഖയിലുണ്ട്. ഇവരുമായി പാര്‍ട്ടി നേതൃത്വം അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലെ ഒളിത്താവളങ്ങളിലേക്ക് മുങ്ങിയതായാണ് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."