ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ; രാഹുൽ ഗാന്ധിക്ക് വൻവരവേൽപ്പ്
ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ; രാഹുൽ ഗാന്ധിക്ക് വൻവരവേൽപ്പ്
കൊഹിമ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയിൽ നിന്നാണ് ഇന്നത്തെ യാത്ര ആരംഭിക്കുക. ഫുൽബാരിയിലും വോഖയിലും ജനങ്ങളെ രാഹുൽ അഭിസംബോധന ചെയ്യും. കൊഹിമ വാർ സെമിത്തേരിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. രണ്ട് ദിവസങ്ങളിലായി 5 ജില്ലകളിലൂടെ യാത്ര കടന്ന് പോകും.
ഇന്നലെ നാഗ ഹോഹോ സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 2015 ഓഗസ്റ്റ് 3-ന് കേന്ദ്ര സർക്കാരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും ഒപ്പുവെച്ച കരാർ നടപ്പാക്കാത്തതിൽ രാഹുൽ ഗാന്ധിക്ക് നിവേദനം കൈമാറി. വിഷയം പാർലമെൻറിൽ ഉന്നയിക്കണമെന്ന് സംഘം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാവിലെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇംഫാൽ താഴ്വരയിൽ നിന്ന് സംഘർഷബാധിതമായ മണിപ്പൂരിലെ കുക്കി-സോ ആധിപത്യമുള്ള കാങ്പോക്പി ജില്ലയിൽ പര്യടനം നടത്തി. ജനങ്ങളെയും സംഘടനകളെയും കണ്ട് രാഹുൽ അവരുടെ പ്രശ്നങ്ങൾ കേട്ടു. അവർ അദ്ദേഹത്തിന് പരമ്പരാഗത രീതിയിലുള്ള ഊഷ്മളമായ സ്വീകരണം നൽകി.
കാങ്പോക്പി പട്ടണത്തിൽ അദ്ദേഹം അര കിലോമീറ്ററോളം നടന്നു. ആവേശമായി ജനങ്ങളും അദ്ദേഹത്തോടൊപ്പം നടന്നു. മൂന്ന് സഹോദരിമാർ നടത്തുന്ന ഒരു ചെറിയ ഭക്ഷണശാലയിൽ കയറി രാഹുൽ ഗാന്ധി ചായയും കുടിച്ചു. കോൺഗ്രസിന്റെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു പ്രതികരണമെന്ന് നേതാക്കൾ പറയുന്നു.
കാങ്പോക്പി പട്ടണത്തിൽ പ്രവേശിക്കുന്നതിന് മുമ്പ്, "രാഹുൽ ഗാന്ധിക്ക് സ്വാഗതം" എന്നതിനൊപ്പം "വെൽക്കം ടു കുക്കിലാൻഡും" എന്ന ചില ഗാനങ്ങളും കേട്ടിരുന്നു - മെയ്തി ഭൂരിപക്ഷമുള്ള ഇംഫാൽ താഴ്വര കടന്നതിന് ശേഷം യാത്ര കുക്കി-സോ പ്രദേശത്തായിരുന്നു എന്നും നിവാസികൾ ഓർമപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."