തൊഴിൽ വിസ: വൈവിധ്യം നിർദേശിച്ച് അധികൃതർ
ദുബൈ: യുഎഇയിൽ തൊഴിൽ വിസകളിൽ വൈവിധ്യം നിർദേശിച്ച് അധികൃതർ. ജനസംഖ്യാപരമായ അസന്തുലിതത്വം ഇല്ലാതാക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് അധികൃതരിൽ നിന്നും അറിയുന്നത്. ഇതേ തുടർന്ന് പല കമ്പനികൾക്കും കഴിഞ്ഞ ദിവസങ്ങളിൽ വിസ ലഭിച്ചിട്ടില്ല. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇത് വരെ ഉണ്ടായിട്ടില്ല. അതേ സമയം, ജീവനക്കാരിൽ വൈവിധ്യം പാലിക്കാൻ ആവശ്യപ്പെട്ട് പല സ്ഥാപനങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മൊത്തം ജീവനക്കാർ പല രാജ്യങ്ങളിൽ നിന്നുള്ളവർ ആവണമെന്നാണ് നിർദേശം. പക്ഷെ, ഇക്കാര്യത്തിലും സർക്കാർ തലത്തിൽ നിന്നും പ്രഖ്യാപനം വന്നിട്ടില്ല.
ജനസംഖ്യാ സന്തുലിതത്വം നിർദ്ദേശിച്ചു കൊണ്ട് പല കമ്പനികൾക്കും ലഭിച്ച നോട്ടിഫിക്കേഷൻ പ്രകാരമാണ് ഇന്ത്യക്കാർക്ക് വിസ ലഭിക്കാതിരിക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. ഒരു കമ്പനിയിൽ 20% ജീവനക്കാർ ഒരേ രാജ്യക്കാർ ആണെങ്കിൽ, ആ കമ്പനി പുതിയ തൊഴിൽ വിസക്ക് അപേക്ഷിച്ചിക്കുമ്പോൾ ലഭിക്കുന്നില്ലെന്നാണ് നിരവധി ടൈപ്പിംഗ് സെന്ററുകളിൽ നിന്നും അറിയാനാകുന്നത്.
ഏതായാലും, ഇക്കാര്യത്തിലൊന്നും ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കാത്തതിനാൽ സ്ഥിരീകരണത്തിനു കാത്തിരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."