ആശംസാവാക്കുകളില്‍ വിഷം പടരുന്നു
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപനവുമായി ബന്ധപ്പെട്ട് ഗായിക കെ.എസ് ചിത്രയുടേതായി വന്ന വിഡിയോ സന്ദേശം ഏറെ വിവാദമായിരിക്കുകയാണല്ലോ. പ്രതിഷ്ഠാദിനമായ ജനുവരി 22ന് ഉച്ച 12.20ന് എല്ലാവരും രാമനാമം ജപിക്കണമെന്നും അന്നു വൈകിട്ട് എല്ലാ വീടുകളിലും അഞ്ചുതിരിയിട്ട വിളക്ക് തെളിക്കണമെന്നുമാണ് വിഡിയോയില്‍ ചിത്ര പറഞ്ഞത്. ലോകാ സമസ്താ സുഖിനോഭവന്തു എന്ന് ആശംസിച്ചാണ് ചിത്ര വിഡിയോ അവസാനിപ്പിക്കുന്നത്. അത്ര നിഷ്‌കളങ്കവും ശ്രുതിമധുരവുമായൊരു സന്ദേശമാണ് ചിത്രയുടെ നാവില്‍നിന്ന് പുറത്തുവന്നതെന്ന് വിശ്വസിക്കാന്‍ ഏതായാലും കേരളത്തിന്റെ മതേതര മനസിന് കഴിയില്ല.
സ്വതന്ത്ര ഇന്ത്യയിലെ അത്രമേല്‍ കളങ്കിതമായൊരു ചരിത്രമാണ് 1992 ഡിസംബര്‍ ആറിനു നടന്ന ബാബരി മസ്ജിദ് തകര്‍ച്ചയുടേത്. ആയിരക്കണക്കിന് മനുഷ്യരുടെ രക്തം ചിന്തിയ, ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ വിശ്വാസങ്ങള്‍ക്കുമേല്‍ ഹിന്ദുത്വയുടെ ശൂലം ആഞ്ഞുവീശിയ ഇടത്താണ് ഈമാസം 22ന് രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. അല്‍പ്പമെങ്കിലും ചരിത്രബോധമുണ്ടായിരുന്നെങ്കില്‍, ലോകത്തിലെ എല്ലാവര്‍ക്കും സുഖം ഭവിക്കുന്ന ഒന്നല്ല തന്റെ വിഡിയോയിലുള്ളതെന്ന കാര്യം ചിത്രയെപ്പോലൊരാൾ മറക്കില്ലായിരുന്നു. എന്നാല്‍ ചിത്രയെപ്പോലുള്ള ഒരു കലാകാരിയെക്കൊണ്ട് ഈ സന്ദേശം വായിപ്പിച്ചവര്‍ക്ക് അത് കൃത്യമായി അറിയാമായിരുന്നു.
അയോധ്യയില്‍ ഒട്ടും തര്‍ക്കമില്ലാത്ത ഒരിടത്താണ് രാമക്ഷേത്രം തുറക്കപ്പെടുന്നതെങ്കില്‍, ആ ദിവസം വിളക്കുതെളിക്കാനോ നാമം ജപിക്കാനോ ആഹ്വാനം ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍ അധികാരത്തിന്റെയും പേശീബലത്തിന്റെയും മുഷ്‌കിലായിരുന്നല്ലോ സംഘ്പരിവാര്‍ ഭീകരര്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിഞ്ഞത്. രാജ്യത്തെ മാധ്യമങ്ങള്‍ ആ ഭീകരതയുടെ ദൃശ്യങ്ങള്‍ അപ്പോൾത്തന്നെ നമുക്ക് കാട്ടിത്തന്നതുമാണ്. ഇന്ന് ഷഷ്ടിപൂര്‍ത്തിയിലെത്തിനില്‍ക്കുന്ന ചിത്രയ്ക്ക് അന്ന് 28 വയസെങ്കിലുമായിരിക്കും; അത്യാവശ്യം കാര്യങ്ങള്‍ ഗ്രഹിക്കാനും വിവേചിച്ചറിയാനുമുള്ള പ്രായം. 2002ല്‍ നടന്ന ഗുജറാത്ത് വംശഹത്യയും അതിന്റെ തുടര്‍ച്ചതന്നെ. അതൊന്നും തങ്ങളറിഞ്ഞില്ലെന്ന നാട്യം കലാ, സാംസ്‌കാരിക രംഗത്തുള്ളവര്‍ക്കു ഭൂഷണമല്ല.
മതരാഷ്ട്രവാദത്തിന്റെ പടുകുഴിയിലേക്ക് ജനങ്ങളെ കണ്ണുകെട്ടി നയിക്കുന്ന വിചാരധാരയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി ഭരണത്തില്‍ ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും കൂടുതല്‍ അപകടത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യയെ ഇരുണ്ടകാലത്തിലേക്ക് പുനരാനയിച്ച സംഘ്പരിവാര്‍, അതിന്റെ തുടര്‍ച്ച സുഗമമാക്കാനാണ് അയോധ്യയില്‍ രാമക്ഷേത്രം പണിതുയര്‍ത്തുന്നതെന്ന ബോധ്യം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. സാമൂഹികജീവി എന്ന നിലയില്‍ കെ.എസ് ചിത്ര ഉള്‍പ്പെടെ കേരളത്തിലെ കലാ-, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലുള്ളവര്‍ക്കും അത്തരം മിനിമം ധാരണകള്‍ വേണമായിരുന്നു. ആ ധാരണക്കുറവിനെ മുതലെടുക്കാന്‍ മാനായും മാരീചനായും സംഘ്പരിവാർ വേഷംമാറി തന്റെ വീട്ടുപടിക്കലെത്തുമെന്ന ജാഗ്രതയും പലര്‍ക്കും ഇല്ലാതെപോയി.
അയോധ്യയില്‍ പൂജിച്ച അക്ഷതം കേരളത്തിലെ ഒട്ടേറെ പ്രമുഖരുടെ വീടുകളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെത്തിച്ചിട്ടുണ്ട്. അതില്‍ നടന്‍ മോഹന്‍ലാലും നടനും സംവിധായകനുമായ ശ്രീനിവാസനും ഉള്‍പ്പെടെയുള്ളവരുണ്ട്. മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.കെ ശൈലജയുടെ വീട്ടില്‍പോലും അക്ഷതമെത്തിച്ച വാര്‍ത്ത കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ കണ്ടു. ശൈലജയുടെ ഭര്‍ത്താവും സി.പി.എം നേതാവുമായ കെ. ഭാസ്‌കരനാണ് അക്ഷതം ഏറ്റുവാങ്ങിയതെന്നും വാര്‍ത്തയിലുണ്ട്. സി.പി.എം സംസ്ഥാനസമിതി അംഗത്തിന്റെ വീട്ടില്‍പോലും ഈയൊരു പൂജാദ്രവ്യമെത്തിക്കുക വഴി കേരളത്തിലും ഹിന്ദുത്വയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാന്‍ തങ്ങളേ ഉള്ളൂ എന്ന് മേനിനടിക്കുന്നവര്‍ പോലും ഇത്തരം ചതിക്കുഴികളില്‍ അറിഞ്ഞോ അറിയാതെയോ വീഴുമ്പോള്‍ അത്രയൊന്നും രാഷ്ട്രീയബോധ്യമില്ലാത്ത ചിത്രയുടെ കാര്യം എന്തുപറയാന്‍.
ഏറെ സൂക്ഷ്മതയോടെയാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നത്. കേരളമെന്ന ബാലികേറാമലയില്‍ സാന്നിധ്യമുറപ്പിക്കുക തന്നെയാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആത്യന്തിക ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയതും തൃശൂരിലും കൊച്ചിയിലും റോഡ് ഷോ നടത്തിയതും.
2010ലാണ് ബി.ജെ.പിയുടെ ഐ.ടി സെല്‍ രൂപീകൃതമാവുന്നത്. 2014ല്‍ മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ആ ഐ.ടി സെല്‍
ആഞ്ഞുപണിയെടുത്തതുകൊണ്ടാണെന്ന് ഈയടുത്തകാലത്താണ് ഇന്ത്യയിലെ മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക് ബോധ്യമായത്. രാജ്യത്തെ ഡിജിറ്റല്‍ സാക്ഷരതയുള്ള നഗരമേഖലകളിലെ 155 ലോക്‌സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു 2010 മുതല്‍ ഐ.ടി സെല്ലിന്റെ പ്രവര്‍ത്തനം. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴി "അഴിമതിമുക്തഭാരതം' എന്ന കാംപയിനിലൂടെയായിരുന്നു ഇന്ത്യയിലെ ഇടത്തരക്കാരെയും വ്യവസായികളെയും ബി.ജെ.പി തങ്ങള്‍ക്കൊപ്പം നിര്‍ത്തിയത്. അതിനായി അന്നത്തെ മന്‍മോഹന്‍സിങ് സര്‍ക്കാരിനെതിരേ അവര്‍ നിരന്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചു. സാമൂഹികമാധ്യമങ്ങള്‍ക്കു പുറമേ രാജ്യത്തെ മുന്‍നിര മാധ്യമങ്ങളെയും ഈ കാംപയിനിന്റെ ഭാഗമാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.
രാജ്യഭരണം പിടിക്കാന്‍ 2024ലും ഇതേ ഐ.ടി സെല്‍ തന്നെയാണ് ബി.ജെ.പിക്ക് ആശ്രയം. 2014ല്‍ അഴിമതിയും വികസനമുരടിപ്പുമാണ് വിഷയമാക്കിയതെങ്കില്‍, മതത്തെ മാര്‍ക്കറ്റ് ചെയ്ത് എങ്ങനെ അധികാരത്തുടര്‍ച്ച സാധ്യമാക്കാമെന്നാണ് പിന്നീട് ബി.ജെ.പി പരീക്ഷിക്കുന്നത്. 2019ല്‍ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു. 2024ലും അതേ മതരാഷ്ട്രീയം പറഞ്ഞ് അധികാരത്തിലേറാനാണ് ബി.ജെ.പിയുടെ നീക്കം. ഒപ്പം ദക്ഷിണേന്ത്യയില്‍ തങ്ങള്‍ക്ക് വെല്ലുവിളിയായി നില്‍ക്കുന്ന കേരളത്തില്‍നിന്ന് ഒരാളെയെങ്കിലും ജയിപ്പിച്ചെടുക്കുക എന്നതും. അതിന് ഇവിടെയും മതം പറഞ്ഞേ മതിയാവൂ. അത്തരം വാക്കുകളില്‍ നിന്ന് വിഷമേല്‍ക്കാതിരിക്കാനുള്ള ജാഗ്രതയാണ് കേരളത്തിലെ ജനാധിപത്യവിശ്വാസികളോട് കാലം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."