ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാവില്ലെന്ന് അഖിലേഷ് യാദവ്
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാവില്ലെന്ന് അഖിലേഷ് യാദവ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാവില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ചയാണ് താൻ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കില്ലെന്ന സൂചന അഖിലേഷ് നൽകിയത്. കോൺഗ്രസോ ബി.ജെ.പിയോ തന്നെ പരിപാടികൾക്ക് ക്ഷണിച്ചിട്ടില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അഖിലേഷ് യാദവിന്റെ മറുപടി.
'ബി.ജെ.പി എന്നെ അവരുടെ പരിപാടിക്ക് ക്ഷണിക്കാറില്ല. കോണ്‍ഗ്രസും ക്ഷണിക്കാറില്ല. സമാജ് വാദി പാര്‍ട്ടിയുടേത് വ്യത്യസ്തമായ പോരാട്ടമാണ്. ഇന്‍ഡ്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റുകയാണ് ലക്ഷ്യം' മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഖിലേഷ് പ്രതികരിച്ചു.
അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷ് യാദവിനെ ക്ഷണിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അജയ് റായിയാണ് അഖിലേഷ് യാദവിനെ ക്ഷണിച്ച വിവരം സ്ഥിരീകരിച്ചത്. ഇന്‍ഡ്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഖിലേഷിനെ ക്ഷണിച്ചിട്ടുണ്ട്. ക്ഷണക്കത്തിന്റെ കോപ്പികള്‍ തന്റെ കൈവശമുണ്ടെന്നും അജയ് റായ് വ്യക്തമാക്കി.
അഖിലേഷ് യാദവിനൊപ്പം ബി.എസ്.പി അധ്യക്ഷ മായാവതിയും ആര്‍.എല്‍.ഡി പ്രസിഡന്റ് ജയന്ത് ചൗധരിയും ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാവില്ലെന്നാണ് സൂചന. ആര്‍.എല്‍.ഡി ഭാരത് ജോഡോ യാത്രക്കായി പ്രതിനിധികളെ അയച്ചേക്കും. ഫെബ്രുവരി 14നാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര യു.പിയില്‍ പ്രവേശിക്കുന്നത്. 10 ദിവസമാണ് യാത്ര യു.പിയില്‍ പര്യടനം നടത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ഉള്‍പ്പടെ യാത്രയുടെ പര്യടനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."