സഊദിയിലെ നജ്‌റാനില്‍ യമന്‍ ഹൂത്തി മലീഷികളുടെ റോക്കറ്റാക്രമണം; മൂന്നു വിദേശികളടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു
റിയാദ്: സഊദിയുടെ അതിര്‍ത്തി പ്രദേശമായ നജ്‌റാനില്‍ യമനിലെ ശീഈ ഹൂതി മലീഷികള്‍ അതിര്‍ത്തിയിലെ സഊദി പട്ടണത്തിലേക്ക് തൊടുത്തു വിട്ട ഷെല്ലാക്രമണത്തില്‍ മൂന്നു വിദേശികളടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടു. സഊദിയും യമനും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ നജ്‌റാനില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സഊദിയെ ലക്ഷ്യമാക്കി ഹൂത്തി മലീഷികള്‍ തൊടുത്തു വിട്ട ഷെല്ലുകള്‍ പതിച്ചാണ് മൂന്ന് വിദേശികളും നാലു സഊദി പൗരന്മാരും കൊല്ലപ്പെട്ടതെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പതിനേഴ് മാസ മാസം മുന്‍പ് യമനില്‍ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം യുദ്ധം ആരംഭിച്ച ശേഷം സഊദി അതിര്‍ത്തിയിലേക്ക് ഹൂത്തികള്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.
വൈകീട്ട് നജ്‌റാന്‍ നഗരത്തെ ലക്ഷ്യമാക്കിയാണ് യമനിലെ ഇറാന്‍ അനുകൂല ഹൂത്തി ശീഈ മലീഷികള്‍ റോക്കറ്റ് തൊടുത്തു വിട്ടത്. നജ്‌റാനിലെ ഇന്‍ഡസ്ട്രിയല്‍ കൊമേഴ്‌സല്‍ മേഖലയിലെ വര്‍ക്ക് ഷോപ്പിലേക്ക് ഇത് പതിക്കുകയായിരുന്നു. ഈ സമയത്ത് നിരവധി പേര്‍ ഇവിടെ ജോലിയിലേര്‍പ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ സഊദി പൗരന്മാരും മൂന്നു പേര്‍ വിദേശ തൊഴിലാളികളുമാണെന്ന് സ്ഥിരീകരിച്ചതായി നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് വാര്‍ത്ത കാര്യ വക്താവ് ലഫ്റ്റനന്റ് കേണല്‍ അലി ശഹ്‌റാനി വ്യക്തമാക്കി. എന്നാല്‍ വിദേശ തൊഴിലാളികള്‍ ഏതു രാജ്യത്തു നിന്നുള്ളവരെന്ന് വ്യക്തമല്ല.
സമാധാന പുനസ്ഥാപനത്തിനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞതിനു ശേഷം സഊദി അതിര്‍ത്തിയെ ലക്ഷ്യമാക്കി നടത്തിയ രണ്ടാമത്തെ ആക്രമണമാണിത്. രണ്ട് ദിവസം മുന്‍പ് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരടക്കം ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു.
സഊദി അറേബിയയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യം യമനിലെ വിഘടിത വിഭാഗമായ ഇറാന്‍ അനുകൂല ശീഈ ഹൂത്തി മലീഷികള്‍ക്കെതിരെ യുദ്ധം തുടങ്ങിയ 2015 ഏപ്രില്‍ മുതല്‍ സഊദിയെ ലക്ഷ്യമാക്കി നിരവധി മിസൈലുകളും ഷെല്ലുകളുമാണ് ഹൂത്തികള്‍ തൊടുത്തു വിട്ടത്. ഇതില്‍ ചിലത് സഊദി പ്രദേശത്തു പതിക്കുകയും നിരവധി പേര്‍ ഇതിനു മുന്‍പ് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സഊദി പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടത് ഇതാദ്യമായാണ്. സംഭവത്തെ തുടര്‍ന്ന് സഊദിയുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."