കാര്‍ഷിക, വ്യവസായ മുന്നേറ്റവും സാമൂഹിക നീതിയും ഉറപ്പു വരുത്തും: ഇ.പി ജയരാജന്‍
കൊച്ചി: കാര്‍ഷിക - വ്യവസായ രംഗത്തെ വന്‍ കുതിപ്പിന് നാടിനെ സജ്ജമാക്കുകയും സാമൂഹികനീതി ഉറപ്പുവരുത്തുകയുമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം കൈവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മാലിന്യ നിര്‍മാര്‍ജനം, ജീവിതശൈലി രോഗ പ്രതിരോധം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഐശ്വര്യസമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൈതാനത്ത് സ്വാതന്ത്ര്യദിന പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. അത്യന്തം ഗുരുതരവും പ്രശ്‌നസങ്കീര്‍ണവുമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അസഹിഷ്ണുതയുടെയും അസമാധാനത്തിന്റെയും അന്തരീക്ഷം ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍ സമത്വവും സാഹോദര്യവും ഐക്യവും കാത്തുസൂക്ഷിക്കാനാണ് നാം പ്രതിജ്ഞയെടുക്കേണ്ടത്. ഭീകരവാദത്തെയും തീവ്രവാദത്തെയും ഇല്ലായ്മ ചെയ്യാന്‍ ജനശക്തി ഉയര്‍ന്നുവരണം. ജനശക്തിയെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ, വിഘടനവാദികളെ ഒന്നിച്ച് നേരിടണമെന്നും ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടു.
എം.എല്‍.എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി. ദിനേശ്, ഡപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ഡോ. അരുള്‍.ആര്‍.ബി.കൃഷ്ണ, അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് സി.കെ. പ്രകാശ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ. രേണുരാജ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പരേഡില്‍ മുഖ്യാതിഥിയായെത്തിയ മന്ത്രിയെ ജില്ലാ കലക്ടര്‍ മുഹമ്മദ് വെ. സഫീറുള്ള, സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പതാക ഉയര്‍ത്തിയതിന് ശേഷം പരേഡ് കമാന്‍ഡര്‍ വി.ആര്‍. സെബാസ്റ്റ്യന്റെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ പരേഡ് പരിശോധിച്ചു.
വിവിധ വകുപ്പുകള്‍ തയാറാക്കിയ നിശ്ചലദൃശ്യങ്ങളും അതിഥികള്‍ക്ക് മുന്നിലൂടെ കടന്നുപോയി. സ്വാതന്ത്ര്യസമരസേനാനികളായ പി.വി. വര്‍ക്കി, എം.ഇ. അലിക്കുഞ്ഞ് എന്നിവരെ മന്ത്രി ആദരിച്ചു. റിപ്പബ്ലിക്ക് ദിനത്തില്‍ പൊലിസ് വകുപ്പിലെ വിശിഷ്ടസേവനത്തിന് മുഖ്യമന്ത്രിയുടെ പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്കുള്ള ട്രോഫികളും മെഡലുകളും മന്ത്രി സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."