സി.പി.ആറിനെ ഭരണകൂടത്തിന് ഭയമോ?
രാജ്യത്തെ പരിസ്ഥിതി, സാമൂഹിക, സാംസ്‌കാരിക, വികസന മേഖലകളിൽ സന്നദ്ധപ്രവർത്തനം നടത്തുന്ന ഒരു സ്വതന്ത്ര സ്ഥാപനത്തിന്റെ ചിറകുകൂടി കേന്ദ്രസർക്കാർ അരിഞ്ഞുതള്ളിയിരിക്കുന്നു. എണ്ണംപറഞ്ഞ സാമൂഹിക ഇടപെടലുകളിലൂടെയും ഗവേഷണങ്ങളിലൂടെയും രാജ്യം അഭിമാനത്തോടെ ചൂണ്ടിക്കാട്ടിയ സെന്റർ ഫോർ പോളിസി റിസേർച്ചിന്(സി.പി.ആർ) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്.സി.ആർ.എ(വിദേശ സംഭാവനാ നിയന്ത്രണ നിയമം) രജിസ്‌ട്രേഷൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. രാജ്യത്തിന്റെ സാമ്പത്തിക താൽപര്യത്തിന് വിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിക്കുകയും ദുരുപയോഗം നടത്തുകയും ചെയ്തുവെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നോട്ടിസിൽ പറയുന്നത്.
എന്നാൽ, ഇത് തെളിയിക്കുന്ന രേഖകളോ വസ്തുതാന്വേഷണ റിപ്പോർട്ടുകളോ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. സ്ഥാപനത്തിനെതിരേ കുറച്ചുകാലമായി നടക്കുന്ന ഭരണകൂടനീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സി.പി.ആർ സംശയിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കുന്നു എന്നാരോപിച്ച് 2023 ഫെബ്രുവരിയിൽ സി.പി.ആറിന്റെ രജിസ്‌ട്രേഷൻ ആഭ്യന്തരമന്ത്രാലയം താൽക്കാലികമായി തടഞ്ഞിരുന്നു. ആദായ നികുതി വകുപ്പുപ്രകാരമുള്ള നികുതി ഇളവും നേരത്തെ റദ്ദാക്കിയിരുന്നു.
അരനൂറ്റാണ്ടായി ഇന്ത്യയുടെ നയരൂപവത്കരണത്തിൽ ഏറ്റവും ഫലപ്രദ പ്രകടനം നടത്തുന്ന സ്ഥാപനമാണ് സി.പി.ആർ. മുൻ പ്രധാനന്ത്രി ഡോ. മൻമോഹൻ സിങ്, സുപ്രിംകോടതി മുഖ്യ ന്യായാധിപനായിരുന്ന വൈ.വി ചന്ദ്രചൂഡ്, മുതിർന്ന പത്രാധിപരായിരുന്ന ബി.ജി വർഗീസ് എന്നിവർ സി.പി.ആറിന്റെ ഗവേണിങ് ബോഡി അംഗങ്ങളായിരുന്നു. 1973ൽ സ്ഥാപിതമായ സി.പി.ആർ ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഗവേഷണവും നിരീക്ഷണങ്ങളും നടത്തിയാണ് നയവും പരിപാടികളും ആസൂത്രണം ചെയ്തിരുന്നത്.
സി.പി.ആറിന്റെ നിരവധി പഠന റിപ്പോർട്ടുകൾ കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളും ഏജൻസികളും സ്വയംഭരണ സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളും സ്വീകരിക്കുകയും പഠനവിഷയമാക്കുകയും ചെയ്തിട്ടുണ്ട്. അക്കാദമിക, നയരൂപീകരണരംഗത്ത് ഇത്രയും വിശ്വാസ്യതയും പാരമ്പര്യവുമുള്ള സി.പി.ആറിന്റെ പ്രവർത്തനം ബോധപൂർവം തടസപ്പെടുത്താനാണ് എഫ്.സി.ആർ.എ രജിസ്‌ട്രേഷൻ റദ്ദാക്കലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
സി.പി.ആറിനെതിരായ കേന്ദ്രസർക്കാർ നടപടി പൊടുന്നനെ ഉണ്ടായതല്ല. കേന്ദ്രസർക്കാരിനെ അലോസരപ്പെടുത്തുന്ന സാമൂഹികയാഥാർഥ്യം വെളിപ്പെടുത്തുന്ന സംഘടനയോ സ്ഥാപനമോ വ്യക്തിയോ ആവട്ടെ അവരെ നിശബ്ദരാക്കുക എന്ന തന്ത്രമാണ് പത്തുവർഷക്കാലമായി രാജ്യത്ത് നടക്കുന്നത്.
തങ്ങൾക്കിഷ്ടമില്ലാത്ത കണക്കുകളും വിവരസൂചികകളും സ്വതന്ത്രസ്ഥാപനം എന്ന നിലയ്ക്ക് സി.പി.ആർ കണ്ടെത്തുമ്പോൾ അത് ഭരണകൂടത്തിന് അസ്വസ്ഥതയുണ്ടാക്കുക സ്വാഭാവികം. സമൂഹത്തിന്റെ അടിത്തട്ടിലെത്തി കൃത്യമായ മാനദണ്ഡങ്ങളിലൂടെയും ശാസ്ത്രീയ മാർഗങ്ങളിലൂടെയും വിവരസൂചികകൾ കണ്ടെത്തുകയാണ് സി.പി.ആർ ഉൾപ്പെടെയുള്ള സ്വതന്ത്ര ഗവേഷണ സ്ഥാപനങ്ങൾ ചെയ്യുന്നത്. ഇത്തരം സ്ഥിതി വിവരക്കണക്കുകൾ പഠനവിധേയമാക്കുമ്പോൾ, ഭരണകൂടം കൊട്ടിഘോഷിക്കുന്ന പല കള്ളക്കണക്കുകളും പൊളിഞ്ഞു വീഴാറുണ്ട്. രാജ്യം സമ്പൂർണമായി "വെളിയിട വിസർജ്യമുക്ത'മായെന്ന് രാഷ്ട്രീയ ലാക്കോടെ ഭരണക്കാർ പ്രചരിപ്പിച്ചാൽ, അതല്ലെന്ന് ഗ്രാമങ്ങളിലെത്തി വിവരശേഖരണം നടത്തി ഒരു സ്ഥാപനം വ്യക്തമാക്കിയാൽ അവരോട് സഹിഷ്ണുത കാട്ടുന്നതിന് പകരം വേട്ടയാടാനാണ് ഭരണകൂടം തുനിയുന്നത്. സി.പി.ആറിനെപ്പോലെ നിഷ്പക്ഷവും നീതിപൂർവകവുമായി ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളോട് മോദി സർക്കാരിന്റെ മനോഭാവം 2014 മുതൽ ഇതുതന്നെയാണ്.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയ സംഭാവനകൾ നൽകുന്ന ആംനസ്റ്റി ഇന്റർനാഷനൽ പോലുള്ള എൻ.ജി.ഒകൾ ഇന്ത്യയിലെ സേവനം മതിയാക്കിയത് കേന്ദ്രസർക്കാരിന്റെ ഈ വിധത്തിലുള്ള അധികാര ദുർവിനിയോഗം നിമിത്തമാണ്. വിദേശ സംഭാവനാ നിയമം ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ അന്വേഷണ ഏജൻസികൾ നിരന്തരമായി വേട്ടയാടുന്നു എന്ന കാരണത്താലാണ് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ വിട്ടത്. ഫോറിൻ ഡയരക്ട് ഇൻവെസ്റ്റ്‌മെന്റ്(എഫ്.ഡി.ഐ) പ്രകാരം പുറത്തുനിന്ന് ലഭിച്ച ഫണ്ടുകൾ വകമാറ്റുകയും സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സഹായകരമായ രീതിയിൽ വിനിയോഗിക്കുകയും ചെയ്തുവെന്നാണ് ആംനസ്റ്റിക്കെതിരേ അന്വേഷണ ഏജൻസികൾ ചുമത്തിയ കുറ്റം. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും ആരോപണം ശരിവെക്കുന്ന ഒരു തെളിവുപോലും കോടതിയിലെത്തിക്കാനായില്ല എന്നത് സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണ്.
ഡൽഹി കലാപം, ജമ്മുകശ്മിർ വിഷയം തുടങ്ങി മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് നിഷ്പക്ഷവും ശാസ്ത്രീയവുമായി ആംനസ്റ്റി തയാറാക്കിയ റിപ്പോർട്ടുകൾ എല്ലാ കാലത്തും ഭരണകൂടത്തിന് തലവേദനയായിരുന്നു.
രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യാനോ വികസന-, സാമ്പത്തിക-, സാമൂഹിക മേഖലയെ ദുർബലപ്പെടുത്താനോ സമാധാനം തകർക്കാനോ വേണ്ടിയാണ് വിദേശ പണം കൈപ്പറ്റുന്നതെങ്കിൽ അത്തരം സംഘടനകളെയും വ്യക്തികളെയും കർശനമായ നടപടിക്ക് വിധേയരാക്കണമെന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. എന്നാൽ മനുഷ്യന്റെ പുരോഗതിക്കും നാടിന്റെ നാളെയ്ക്കും വേണ്ടി ഗവേഷണം നടത്തുകയും നയരൂപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന സ്വതന്ത്ര സ്ഥാപനങ്ങൾക്കെതിരേ പ്രതികാര നടപടി സ്വീകരിക്കുന്നത് ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണ്.
സാമൂഹിക സേവനത്തിലൂടെ സമൂഹവികസനം സാധ്യമാക്കാൻ സന്നദ്ധരായി പ്രവർത്തിക്കുന്ന സംഘടനകളെയാണ് ഐക്യരാഷ്ട്രസഭ എൻ.ജി.ഒകളായി നിർവചിച്ചിട്ടുള്ളത്. ദാരിദ്ര്യനിർമാർജനം, ജീവിത സാഹചര്യങ്ങളിലെ കഷ്ടപ്പാടുകൾ ഇല്ലാതാക്കൽ, പാവപ്പെട്ടവരുടെ താൽപര്യങ്ങൾ സംരക്ഷിക്കൽ, അടിസ്ഥാന സൗകര്യവികസനത്തിൽ പങ്കാളിത്തം നൽകൽ, വിദ്യാഭ്യാസ-ആരോഗ്യ-പരിസ്ഥിതി മേഖലകളിൽ ഇടപെടൽ തുടങ്ങിയ കാര്യങ്ങളാണ്അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയ എൻ.ജി.ഒകൾ നടത്തുന്നത്. ചിലർ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്നതിന്റെ പേരിൽ സ്തുത്യർഹമായ സേവനം നടത്തുന്ന എല്ലാവരെയും പ്രതിക്കൂട്ടിൽ നിർത്തുന്നത് നീതിയല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."