പണം നിങ്ങളുടേതാണെങ്കിലും വിഭവം എല്ലാവരുടേതുമാണ ്
മുഹമ്മദ്
സാഹസികരായിരുന്ന ആ നാല്‍വര്‍ സംഘം അക്കൊല്ലാം യാത്ര പോയത് വിദേശരാജ്യത്തേക്കായിരുന്നു. അവിടെയെത്തിയപ്പോഴേക്കും വിശപ്പ് അവരെ വല്ലാതെ വേട്ടയാടി. വിശപ്പിന്റെ വിളി ശക്തമായാല്‍ പിന്നീട് സംഭവിക്കുന്നതെന്തായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. തല്‍ക്കാലം മറ്റെല്ലാ പദ്ധതികളും മാറ്റിവച്ച് ആദ്യം അവര്‍ ഒരു റസ്റ്ററന്റില്‍ കയറി. കാഴ്ചയില്‍ മെച്ചപ്പെട്ടതെന്നു തോന്നിയ റസ്റ്ററന്റ്. അകം വളരെ ശാന്തം. വൃത്തിയും വെടിപ്പും വേണ്ടുവോളം. കുറഞ്ഞ ആളുകളേ അവിടെയുള്ളൂ. ഉള്ളവര്‍തന്നെ വളരെ കുറഞ്ഞ ഭക്ഷണമാണ് കഴിക്കുന്നതും. നാല്‍വരും അവിടെ കയറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. കൂടുതല്‍ കാത്തിരിക്കേണ്ടിവന്നില്ല. ഭക്ഷണം മുന്നിലെത്തി. വിശപ്പിന്റെ കാഠിന്യത്താല്‍ അവര്‍ പിന്നെയും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. അവസാനം വയറു നിറഞ്ഞുവെന്നു കണ്ടപ്പോള്‍ 'പരിപാടി' നിര്‍ത്തി. തീന്‍മേശയില്‍ ഭക്ഷണം ബാക്കി. അങ്ങനെ അവിടെനിന്ന് എഴുന്നേറ്റു പോകാനൊരുങ്ങിയപ്പോഴതാ ഒരു സ്ത്രീ അവര്‍ക്കുനേരെ കുപിതയായി വരുന്നു. ഭക്ഷണം ബാക്കിയാക്കിയതിന്റെ പ്രതിഷേധമാണ് അവളുടെ മുഖത്ത്. അവരും വിട്ടുകൊടുത്തില്ല. സ്ത്രീക്കു നേരെ തട്ടിക്കയറി അവര്‍ പറഞ്ഞു: 'ഞങ്ങളീ ഭക്ഷണം കഴിച്ചത് നിന്റെ ഔദാര്യത്തിലല്ല, ഞങ്ങളുടെ കീശയില്‍നിന്നു പണമെടുത്തുകൊണ്ടാണ്, ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടാന്‍ വരരുത്...'
ഇതു കേട്ടപ്പോള്‍ അവളൊന്നും പറഞ്ഞില്ല. നേരെ ഫോണെടുത്ത് ആര്‍ക്കോ കോള്‍ ചെയ്തു. വൈകിയില്ല. ഔദ്യോഗികവേഷമണിഞ്ഞ ഒരാളതാ അവിടേക്കു കയറിവരുന്നു. അവിടുത്തെ സാമൂഹികസുരക്ഷാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥനാണത്രെ അയാള്‍.
അദ്ദേഹം അവരോട് പറഞ്ഞു: 'നിങ്ങള്‍ അമ്പതു യൂറോ പിഴയടയ്ക്കണം..'
അവര്‍ക്കു കാര്യം മനസിലായില്ല. അവര്‍ ചോദിച്ചു: 'എന്തിന്..? ഞങ്ങള്‍ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലല്ലോ...'
ഉദ്യോഗസ്ഥന്‍ തീന്‍മേശയിലേക്കു ചൂണ്ടിക്കാണിച്ച് ചോദിച്ചു: 'ഇത് ആരു ബാക്കിയാക്കിയതാണ്?'
'ഞങ്ങള്‍'
'ഇതുതന്നെയാണ് നിങ്ങള്‍ നടത്തിയ നിയമലംഘനം. ഇവിടെ ഏതെങ്കിലും തീന്‍മേശയില്‍ ഭക്ഷണത്തിന്റെ ഒരു തരിയെങ്കിലും ബാക്കിയുണ്ടോ എന്നു നോക്കൂ...'
'സര്‍, ഞങ്ങളിതിന് പണം കൊടുത്തതല്ലേ...'
'പണം നിങ്ങളുടേതാണെങ്കിലും ഭക്ഷണം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. നിങ്ങളുടെ കൈയില്‍ പണമുണ്ടെന്നു കരുതി എല്ലാവര്‍ക്കും ലഭിക്കേണ്ട ഭക്ഷണം നിങ്ങള്‍ മാത്രം കൈയടക്കി നശിപ്പിച്ചാല്‍ എങ്ങനെയുണ്ടാകും? ആവശ്യമുള്ളതു മാത്രമേ ഇവിടെനിന്നു കഴിക്കാന്‍ പാടുള്ളൂ.'
ഉദ്യോഗസ്ഥന്റെ വിശദീകരണം കേട്ടപ്പോള്‍ മറുത്തൊന്നും പറയാന്‍ അവര്‍ക്കായില്ല. കീശയില്‍നിന്ന് അമ്പതു യൂറോ എടുത്ത് കൂട്ടത്തിലൊരാള്‍ പിഴയടിച്ചു. പിഴയുടെ രസീത് അദ്ദേഹം കീറിക്കളഞ്ഞില്ല. അതിന്റെ ഫോട്ടോ കോപ്പിയെടുത്ത് എല്ലാവര്‍ക്കും നല്‍കിയ ശേഷം പറഞ്ഞു: 'ഉദ്യോഗസ്ഥന്റെ വാക്കുകള്‍ എന്നും ഓര്‍മയിലിരിക്കാന്‍ ഈ രസീത് നിങ്ങള്‍ നിധിപോലെ സൂക്ഷിച്ചുവയ്ക്കുക'.
അനേക രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു നദിയില്‍ ഏതെങ്കിലുമൊരു രാജ്യം അണക്കെട്ട് നിര്‍മിച്ചാല്‍ എങ്ങനെയുണ്ടാകും? ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തല്ലേ അണക്കെട്ടുണ്ടാക്കുന്നതെന്നു പറഞ്ഞ് വിഷയം ലളിതവല്‍ക്കരിക്കുന്നത് സ്വീകാര്യമായ ന്യായമാകുമോ? ഓരോരുത്തര്‍ക്കും അവനവന്റെ പറമ്പ് സ്വകാര്യസ്വത്താണ്. അവിടെ അയല്‍ക്കാര്‍ക്കുകൂടി ഭീഷണിയാകുന്നവിധം പ്ലാസ്റ്റിക് വേസ്റ്റുകള്‍ കത്തിച്ചാല്‍ എങ്ങനെയുണ്ടാകും? ഞാന്‍ എന്റെ പറമ്പില്‍ എന്തും ചെയ്യുമെന്നു പറഞ്ഞ് അവര്‍ക്കെതിരേ ചാടിപ്പുറപ്പെടുന്നത് അംഗീകരിക്കാവുന്നതാണോ? ജലം കണക്കെ സമൂഹത്തില്‍ നിരന്തരം ഒഴുകിനടക്കേണ്ട ഒന്നാണ് പണം. അതിന്റെ ഒഴുക്കിനു തടയിട്ട് ഒരുവിഭാഗം അവരുടെ ഖജനാവിലേക്ക് എല്ലാ പണവും ഒരുക്കൂട്ടിവച്ചാല്‍ എങ്ങനെയുണ്ടാകും?
കൈയില്‍ സ്വകാര്യമായ സമ്പത്തുണ്ടെന്നു കരുതി അതുപയോഗിച്ച് മറ്റുള്ളവര്‍ക്കുകൂടി അവകാശപ്പെട്ട വിഭവങ്ങളെ നശിപ്പിക്കരുത്. ജലം ഉപയോഗിക്കുമ്പോള്‍ ഇതെന്റെ ജലമാണെന്നല്ല, പലര്‍ക്കും അവകാശപ്പെട്ട നിധിയാണെന്നു കരുതണം. ഒരു കടയില്‍ വില്‍പനയ്ക്കുവച്ചിരിക്കുന്ന വസ്തുക്കള്‍ എല്ലാവര്‍ക്കും കൂടിയുള്ളതാണ്. അവിടെയുള്ളതെല്ലാം ഒരാള്‍മാത്രം വാങ്ങി പൂഴ്ത്തിവയ്ക്കുന്നത് ശരിയല്ലല്ലോ. ഞാനെന്റെ പണം കൊണ്ടല്ലേ വാങ്ങുന്നതെന്നു ചോദിച്ചാല്‍ ചോദ്യം ശരിയാണ്. പക്ഷേ, ആ വാങ്ങലും വാങ്ങി സ്വകാര്യമായി മാത്രം ഉപയോഗിക്കലും ശരിയല്ല. കച്ചവടക്കാര്‍ തങ്ങളുടെ കടയില്‍ ചരക്കുകള്‍ വില്‍പനയ്ക്കു വയ്ക്കുന്നത് ഒരാളെമാത്രം മുന്നില്‍ കണ്ടല്ല, പലരെയും പരിഗണിച്ചാണ്. പടച്ചോന്‍ ഒരാള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണു വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്.
പ്രകൃതിവിഭവങ്ങളില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതേതെങ്കിലുമൊരു വിഭാഗത്തില്‍ മാത്രം പരിമിതപ്പെട്ടുപോകുന്ന സ്ഥിതിവിശേഷം സമൂഹത്തിന്റെ നട്ടെല്ലൊടിക്കും. ഭക്ഷണം ബാക്കിയാക്കി നശിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ മുന്നോട്ടുവരികയെന്നത് ഒരു ഗവണ്‍മെന്റ് ചെയ്യുന്ന ഏറ്റവും നല്ല സാമൂഹികപ്രവര്‍ത്തനങ്ങളിലൊന്നാണ്. 'ദുര്‍വ്യയമരുത്. ധൂര്‍ത്തരെ അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ലെ'ന്നു വിശുദ്ധ ഖുര്‍ആന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."