മികച്ച മൈലേജ്, ഏഴ് പേര്‍ക്ക് യാത്ര പോകാം;ഈ ടൊയോട്ട കാറിനായി അൽപം കാത്തിരിക്കണം
ഇന്ത്യയില്‍ വളരെ ജനപ്രീതിയാര്‍ജ്ജിച്ച ഒരു വാഹന മോഡലാണ് എം.പി.വികള്‍. ഉപഭോക്താക്കള്‍ക്ക് അത്രയെളുപ്പത്തിലൊന്നും കൈയെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഈ ശ്രേണിയില്‍ ടൊയോട്ട റൂമിയോണ്‍ അവതരിപ്പിച്ചത് ഏറെ ആഹ്ലാദത്തോടെയാണ് വാഹന പ്രേമികള്‍ സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് മികച്ച മൈലേജും, ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്നതുമായ പ്രസ്തുത വാഹനം കമ്പനി മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരുന്നത്.
ടൊയോട്ടസുസുക്കി പങ്കാളിത്തത്തിന് കീഴില്‍ വിപണിയില്‍ എത്തിയ റൂമിയോണ്‍ S, G, V എന്നിങ്ങനെ 3 വേരിയന്റുകളിലാണ് പുറത്തിറങ്ങുന്നത്. മൊത്തം അഞ്ച് കളര്‍ ഓപ്ഷനുകളാണ് കാറിനുള്ളത്. പെട്രോള്‍, സി.എന്‍.ജി പതിപ്പിലും ഉപഭോക്താക്കള്‍ക്ക് വാഹനം ലഭ്യമാണ്. എന്നാല്‍ വന്‍ ഡിമാന്‍ഡുള്ള ഈ കാര്‍ ബുക്ക് ചെയ്താല്‍ സ്വന്തമാവുന്നതിനായി കുറച്ച് കാത്തിരിക്കേണ്ടതുണ്ട്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2024 ജനുവരി മാസത്തില്‍ ബുക്ക് ചെയ്ത ശേഷം ഏകദേശം ഏഴര മാസം വരെ കാര്‍ സ്വന്തമാക്കുന്നതിനായി കാത്തിരിക്കേണ്ടതുണ്ട്. മുമ്പ് ഈ കാലാവധി ആറ് മാസത്തോളമായിരുന്നു. ബുക്കിങ്ങ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാഹനം വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ 2023 സെപ്റ്റംബറില്‍ കമ്പനി മോഡലിന്റെ ബുക്കിങ് താത്ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
അതേസമയം 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആണ് റൂമിയോണിന്റെ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത്.
പരമാവധി 103 bhp പവറും 137 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിനാണ് വാഹനത്തിനുള്ളത്.ടൊയോട്ട റൂമിയോണിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജാണ് വാഗ്ധാനം ചെയ്യുന്നത്. എന്നാല്‍ വാഹനത്തിന്റെ സി.എന്‍.ജി പതിപ്പിന് 26.11 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നതാണ്.
Content Highlights:Toyota Rumion waiting period revealed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."