സനാതനധർമ ലംഘനത്തോടെയോ പ്രാണ പ്രതിഷ്ഠാ ചടങ്ങ്!
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കും. ക്ഷേത്ര ചടങ്ങ് ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് അടക്കമുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും രാജ്യമെമ്പാടും ഉത്സവച്ഛായയോടെയാണ് ചടങ്ങ് നടക്കുന്നത്. രാഷ്ട്രീയക്കാരുടെ ഇടപെടലുണ്ടെന്നും സനാതനധർമത്തിനും ആചാരവിധിക്കും എതിരാണെന്നും ചൂണ്ടിക്കാട്ടി ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്മാരും അറിയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നൽകുന്ന ചടങ്ങായതിനാൽ പ്രതിഷ്ഠാ ചടങ്ങിന് ഔദ്യോഗിക പരിവേഷമുണ്ട്. ബി.ജെ.പിക്ക് അടുത്ത അഞ്ചുവർഷത്തേക്കുള്ള തുടർഭരണത്തിന്റെ മണ്ണും വളവുമാണ് അയോധ്യ.
മുസ്‌ലിംകൾക്കുമേൽ അധികാരികളുടെ പങ്കാളിത്വത്തോടെ ഹിന്ദുത്വസമൂഹം നടത്തിയ അടിച്ചമർത്തലിന്റെയും തട്ടിയെടുക്കലിന്റെയും നീതിനിഷേധിക്കലിന്റെയും പ്രതീകമായി രാമക്ഷേത്രം നിലനിൽക്കും. ബാബരി തകർത്ത ഭൂമിയിലാണ് രാമക്ഷേത്രം നിർമിച്ചതെന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടും. ഈ ചരിത്ര വസ്തുതയെ നിലനിർത്തുക എന്നതായിരിക്കണം രാജ്യത്തെ മതേതര സമൂഹത്തിന്റെ ഇനിയുള്ള ദൗത്യം.
1992 ഡിസംബർ ആറിന് ബാബരി തകർത്തത് ലോകത്തിന്റെ കൺമുന്നിലാണ്. അതിനുവേണ്ടി രഥയാത്ര നടത്തിയവരും ഗൂഢാലോചന നടത്തിയവരും മുന്നിലുണ്ട്. രാഷ്ട്രീയഭേദമെന്യേ അനവധിപേർ ഈ ഗൂഢാലോചനയിൽ പങ്കാളികളാണ്. എന്നിട്ടും അതിന്റെ പേരിൽ ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല.
1885 ഡിസംബർ 24ന് ശ്രീരാമജന്മഭൂമിയിലെ മുഖ്യ പുരോഹിതനാണെന്ന് അവകാശപ്പെട്ട രഘുബീർദാസ് ഫൈസാബാദ് കോടതിയിൽ ഹരജി നൽകിയത് പള്ളിയുടെ അകത്താണ് ശ്രീരാമൻ ജനിച്ചതെന്ന വാദം ഉന്നയിച്ചായിരുന്നില്ല.
തങ്ങൾക്ക് ആരാധിക്കാൻ സ്ഥലമില്ലാത്തതിനാൽ ബാബരി മസ്ജിദിന്റെ പുറംമതിലിനകത്ത് ഒരു ക്ഷേത്രം പണിയാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. 1949ൽ പള്ളിക്കുള്ളിൽ വിഗ്രഹം സ്ഥാപിച്ചതോടെയാണ് പള്ളിയുടെ അസ്തിത്വം ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന് ഗൂഢാലോചന നടത്തിയത് അന്ന് ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റായിരുന്ന മലയാളി ഡി.എം നായരാണ്. 1980കളിൽ ഇത് വിശ്വഹിന്ദു പരിഷത്ത് ഏറ്റെടുത്തതോടെയാണ് പള്ളിക്കുള്ളിലാണ് ശ്രീരാമൻ ജനിച്ചതെന്ന വാദം ശക്തമാകുന്നത്. 1992ൽ പള്ളിക്കടുത്ത് പ്രതീകാത്മക കർസേവ നടത്താൻ അനുമതി നൽകിയ സുപ്രിംകോടതി വിധിയാണ് ഹിന്ദുത്വർക്ക് പള്ളിവളപ്പിലേക്ക് കയറിവരാനും ഡിസംബറിൽ പള്ളി തകർക്കാനും സാഹചര്യമൊരുക്കിയത്.
ഏറ്റവും ഒടുവിൽ ഭൂമിയുടെ പൂർണമായ ഉടമസ്ഥാവകാശം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുകയും മുസ്‌ലിംകൾക്ക് പകരം ഭൂമി അനുവദിക്കുകയും ചെയ്ത 2019 നവംബറിലെ സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി മറ്റൊരു അനീതിയായിരുന്നു. തെളിവുകളും ചരിത്രവസ്തുതകളുമല്ല, സുപ്രിംകോടതി ഈ വിധിക്ക് ആധാരമാക്കിയത്. മറിച്ച്, പകരം ഭൂമി നൽകി തീർപ്പാക്കാവുന്ന കേവലമൊരു ഭൂമിത്തർക്കമായാണ് കോടതി കണ്ടത്.
1986ൽ ബാബരി, ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് തുറന്നുകൊടുത്തത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കവെയാണ്. അദ്ദേഹത്തിന്റെ അറിവില്ലാതെയാണ് അത് നടന്നതെന്ന വാദമുണ്ടെങ്കിലും അതിനു പിന്നാലെ വിശ്വഹിന്ദു പരിഷത്തിന് ബാബരി ഭൂമിയിൽ ശിലാന്യാസത്തിന് അനുമതി നൽകിയത് ഇതേ രാജീവ് ഗാന്ധി സർക്കാരാണ്. 1991ലെ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഒരു വാഗ്ദാനം ബാബരി തകർക്കാതെ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നായിരുന്നു. 1992ൽ ബാബരി തകർത്തത് കേന്ദ്രത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെ അറിവോടെയാണ്. തൊട്ടുപിന്നാലെ ബാബരി മസ്ജിദ് പുനർനിർമിക്കുമെന്ന് പ്രധാനമന്ത്രി നരസിംഹറാവും രാജ്യത്തോട് വാഗ്ദാനം ചെയ്‌തെങ്കിലും അതുണ്ടായില്ല.
രാജ്യത്തിന്റെ ശിൽപികൾ സ്വപ്‌നംകണ്ട മതേതര ഇന്ത്യ ഇന്നെത്തി നിൽക്കുന്ന നിർഭാഗ്യകരമായ അവസ്ഥ ചർച്ചയ്ക്കെടുക്കേണ്ട സന്ദർഭമാണിത്. 73 വർഷങ്ങൾക്കുമുമ്പ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തയാറായപ്പോൾ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അതിനെ എതിർക്കുകയായിരുന്നു. ഒരു മതേതര രാജ്യത്തെ സർക്കാർ മതചടങ്ങിന്റെ ഭാഗമാകുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു നെഹ്‌റുവിന്റെ നിലപാട്. അത്തരമൊരു ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നെഹ്‌റു രാജേന്ദ്രപ്രസാദിന് എഴുതിയ കത്ത് വലിയൊരു ചരിത്രരേഖയാവുകയും ചർച്ച ചെയ്യപ്പെടുകയുമുണ്ടായി.
അതോടൊപ്പം രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർക്കെഴുതിയ കത്തിലും നെഹ്‌റു ഇക്കാര്യം ആവർത്തിച്ചു. ചടങ്ങിന് സൗരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ സംഭാവന നൽകിയതിനെയും നെഹ്‌റു എതിർത്തു. എതിർപ്പ് പരിഗണിക്കാതെ രാജേന്ദ്രപ്രസാദ് ചടങ്ങിൽ പങ്കെടുത്തു എന്നത് മറ്റൊരു ചരിത്രം.
നരേന്ദ്രമോദി നെഹ്‌റുവല്ല. നെഹ്‌റു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയധാരയ്ക്ക് എതിർദിശയിലാണ് മോദിയുടെ സഞ്ചാരം. എന്തിന് നരസിംഹറാവുവിനോ രാജീവ് ഗാന്ധിക്കോ പോലും നെഹ്‌റുവാകാൻ സാധിച്ചിട്ടുമില്ല. രാജ്യത്തെ മതേതരത്വം തകർന്നുവീണ ആ ഡിസംബറിനെക്കുറിച്ച് ഒാർക്കേണ്ട സമയമാണിത്.
പടച്ചവനുമുമ്പിൽ മാത്രമേ തലകുനിക്കൂ എന്ന് ശപഥമെടുത്തവരാണ് മുസ്‌ലിംകൾ. ആ തമ്പുരാനുമുമ്പിൽ നൂറ്റാണ്ടുകൾ നെറ്റിയമർത്തി പ്രാർഥിച്ച ഇടം പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം പണിതപ്പോൾ അവർ പ്രകോപിതരായില്ല. രാജ്യത്തെ നീതിന്യായവ്യവസ്ഥിതിയെ അവർ അനുസരിച്ചു. എന്നാൽ തട്ടിപ്പറിച്ചെടുത്ത ഭൂമിയിൽ ക്ഷേത്രം പണിത് പ്രാണ പ്രതിഷ്ഠ നടത്തുമ്പോൾ അതിനെ ആഘോഷമാക്കി മാറ്റുന്നതിൽനിന്ന് കേന്ദ്രസർക്കാർ മാറിനിൽക്കേണ്ടതായിരുന്നു.
പ്രതിഷ്ഠ നടത്തുമ്പോൾ ഒാരോ ഹിന്ദുവിന്റെയും വീട്ടിൽ തിരി തെളിയിക്കണമെന്ന് പറയുന്നത്, ക്ഷേത്രകർമ്മികളല്ല, ഇന്ത്യൻ പ്രധാനമന്ത്രിയാണ്. വിശ്വാസികളുടെ നെഞ്ചുപിളർക്കുന്ന ഇൗ രാഷ്ട്രീയാഹ്വാനം കേൾക്കുമ്പോഴും രാജ്യത്തെ 20 കോടി മുസ്‌ലിംകൾ പ്രകോപിതരല്ല. അവർ ഹൃദയത്തിൽ തിരികൊളുത്തി, ആത്മാവിനെ തൊട്ടുള്ള പ്രാർഥനയിലാണ്. ഞങ്ങൾകൂടി രക്തം നൽകി ഉണ്ടാക്കിയ ഇൗ രാജ്യത്തെ നീ കരിച്ചുകളയല്ലേ ദൈവമേ എന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."