അമ്മയെ പരിപാലിക്കാതിരുന്ന സംഭവത്തില്‍ മകളെ ജോലിയില്‍ നിന്ന് നീക്കാന്‍ തീരുമാനം
കുമളി: അമ്മയെ പരിപാലിക്കാതെ അവഗണിച്ച സംഭവത്തില്‍ ജീവനക്കാരിയായ മകള്‍ക്കെതിരെ പഞ്ചായത്ത് നടപടി. കുമളി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയും മരണപ്പെട്ട കുമളി സ്വദേശി അന്നക്കുട്ടി മാത്യുവിന്റെ മകളുമായ സിജിയെ ജോലിയില്‍നിന്ന് നീക്കാന്‍ കുമളി പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായി പ്രസിഡന്റ് രജനി ബിജു അറിയിച്ചു.
വൃദ്ധയായ മാതാവിനെ അവഗണിക്കുകയും മരണപ്പെട്ടശേഷംപോലും അവഗണന തുടരുകയും ചെയ്ത മക്കളുടെ നടപടി വലിയ പ്രതിഷേധത്തിനിടയായതോടെയാണ് നടപടി. കേരള ബാങ്ക് ജീവനക്കാരനായ മകന്‍ സജിക്കെതിരെയും അധികൃതര്‍ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊലീസില്‍നിന്ന് ബാങ്ക് റിപ്പോര്‍ട്ട് തേടി.
ഭര്‍ത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയില്‍ തന്നെയാണ് താമസം. മകന്റെ സംരക്ഷണത്തിലാണ് അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കള്‍ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. മകള്‍ മാസം തോറും നല്‍കിയിരുന്ന ചെറിയ തുകഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്.
പൊലീസ് അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകന്‍, വീട്ടിലെ നായെ നോക്കാന്‍ ആളില്ലന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. അന്നക്കുട്ടിയെ പരിചരിക്കാനായി വനിതാ പൊലീസിനെ നിയോഗിച്ചതായും തുടര്‍ന്നുള്ള സംരക്ഷണത്തിന് നാട്ടുകാരുടെ സഹായം തേടുമെന്നും എസ്എച്ച്ഒ ജോബിന്‍ ആന്റണി വ്യക്തമാക്കിയിരുന്നു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് അന്നക്കുട്ടി ആരുടെയും കാരുണ്യത്തിന് കാത്തുനില്‍ക്കാതെ മരണത്തിന് കീഴടങ്ങിയത്.
മക്കളുടെ നിസ്സഹകരണത്തിനിടെ കലക്ടറും സബ് കലക്ടറും നേരിട്ടെത്തി നാട്ടുകാരുടെയും പൊലീസിന്റെയും സഹകരണത്തോടെ കുമളി സെന്റ് തോമസ് ഫൊറോന പള്ളിയില്‍ സംസ്‌കാരം നടത്തുകയായിരുന്നു.
അമ്മയെ പരിപാലിക്കാതിരുന്ന സംഭവത്തില്‍ മകളെ ജോലിയില്‍ നിന്ന് നീക്കാന്‍ തീരുമാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."