HOME
DETAILS

മുന്നോക്ക സംവരണം നടപ്പാക്കിയവർ എന്തുകൊണ്ട് ജാതിസെൻസസ് അവഗണിക്കുന്നു?

  
backup
January 23 2024 | 17:01 PM

why-are-caste-census-ignored-by-those-who-implemented-ews-reservation

പുന്നല ശ്രീകുമാർ


ചെറുതും വലുതുമായ അസംഖ്യം ജാതിവിഭാഗങ്ങളുടെ കൂട്ടായ്മയാണ് നമ്മുടെ രാജ്യം. ജാതിയെന്നത് ഒരു സാമൂഹിക യാഥാർഥ്യവും പൗരരുടെ അസ്തിത്വവുമാണ്. അതുകൊണ്ടുതന്നെ ജാതിതിരിച്ചുള്ള കണക്കുകൾകൂടി ഉൾപ്പെടുന്ന സമഗ്രമായൊരു സാമൂഹിക, സാമ്പത്തിക സർവേ വർത്തമാന കാലത്തിന്റെ സാമൂഹിക പുരോഗതിയുടെ അനിവാര്യതയാണ്. സ്വാതന്ത്ര്യം നേടിയതിന്റെ തുടർച്ചയായി രാഷ്ട്രീയത്തെ ജനാധിപത്യവൽക്കരിച്ചെങ്കിലും ഭൂമിയും പൊതുവിഭവങ്ങളടക്കമുള്ള സമ്പത്തിനെ ജനാധിപത്യവൽക്കരിക്കാൻ സാധിച്ചിട്ടില്ല. വിഭവം എന്നത് അധികാരം തന്നെയാണ്. ഇതിന്റെ നീതിയുക്ത വിതരണത്തിലൂടെ മാത്രമേ സാമൂഹികനീതി പുലരുകയുള്ളൂ.


രാജ്യത്ത് ദശവാർഷികമായി നടക്കേണ്ട സെൻസസ് ഇപ്പോൾ രണ്ടുവർഷം അധികമായിട്ടും നിശ്ചലമായിരിക്കുകയാണ്. ജാതി സെൻസസ് എന്ന ആശയം ഒരു രാഷ്ട്രീയ മുദ്രാവാക്യമായി ഉയർന്നുവരുമ്പോൾ ഭരണകൂടങ്ങളും മുഖ്യധാര കൈയാളുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും തന്ത്രപരമായ മൗനം തുടരുകയാണ്. ജാതി അടിസ്ഥാനത്തിലുള്ള വിവരങ്ങൾകൂടി ഉൾപ്പെടുന്നതാവണം രാജ്യത്തെ സെൻസസ് എന്ന ആവശ്യത്തിന് രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തോളം പഴക്കമുണ്ട്. വർത്തമാനകാലത്ത് സാമൂഹികനീതിയുടെ ആ ശബ്ദം ഇന്ത്യയിലെമ്പാടും അലയടിക്കുകയാണ്.

പാർശ്വവൽകൃത ജനവിഭാഗങ്ങളാണ് ഈ ആവശ്യത്തിന് മുറവിളി കൂട്ടുന്നത്. ജാതി സെൻസസ് സാമൂഹികമായ ഒരു പഠനംകൂടിയാണ്. പക്ഷേ ആ പഠനത്തെപ്പോലും എതിർക്കുകയാണ് വർണാധികാര ശക്തികൾ. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങൾ അവർക്കു ചുറ്റും ബഫർ സോണായി പ്രവർത്തിക്കുന്നു.
1990കൾക്കുശേഷം നടപ്പാക്കപ്പെട്ട സാമ്പത്തിക ഉദാരവൽക്കരണത്തെ പിൻപ്പറ്റി സ്വകാര്യമേഖലയെ പരിപോഷിപ്പിക്കുക എന്നത് കക്ഷിഭേദമെന്യേ ഭരണകൂടങ്ങളുടെ പൊതുനയമായി മാറി. അത്തരത്തിൽ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമ്പോൾ പ്രകൃതിവിഭവങ്ങൾ ഉൾപ്പെടെ പൊതുമുതൽ ലഭ്യമാക്കുന്നിടത്ത് പട്ടികവിഭാഗങ്ങൾക്ക് എന്ത് പങ്കാളിത്തമാണുള്ളതെന്ന കാര്യം ഭരണകൂടങ്ങൾ വ്യക്തമാക്കണം.

ഇത്തരം ഇടങ്ങളിൽ പ്രാതിനിധ്യം ലഭിക്കാൻ യാതൊരു പരിരക്ഷയും നിയമംമൂലം നിഷ്‌കർഷിക്കുന്നില്ല. തൊണ്ണൂറുകൾ മുതൽ തന്നെ ഇത്തരം സ്ഥാപനങ്ങളിൽ സമഗ്രമായ സാമൂഹിക സർവേ നടക്കേണ്ടതായിരുന്നു. ഭരണകൂടങ്ങൾ ഇൗ സന്ദർഭങ്ങളിൽ സാമൂഹിക നീതിയുടെ പക്ഷം നിൽക്കേണ്ടതാണ്. നിർഭാഗ്യവശാൽ അതുണ്ടാകുന്നില്ല.


രാജ്യത്ത് മുന്നോക്ക സംവരണം നടപ്പാക്കപ്പെട്ടത് ഏതെങ്കിലും തരത്തിൽ തെരുവുകൾ പ്രക്ഷോഭ ഭരിതമായിട്ടല്ല. ഭരണകൂടങ്ങൾ ജാത്യാധിപത്യത്തിന് വിധേയപ്പെട്ടപ്പോഴാണ്. അടിസ്ഥാന ജനതയുടെ ആവലാതികളെ സാമാന്യവത്കരിക്കുന്ന സർക്കാരുകൾ, സോഷ്യൽ പ്രിവിലേജിൽ അഭിരമിക്കുന്നവരുടെ ആധിപത്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. പാർലമെന്റ് പാസാക്കിയ മുന്നോക്ക സംവരണം ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. യാതൊരു സാമൂഹിക പഠനങ്ങളുടെയും പിൻബലമില്ലാതെയാണ് കേരളത്തിൽ ഇത് നടപ്പിലാക്കിയത്. എന്നാൽ ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യത്തിനുമേൽ പുറംതിരിഞ്ഞുനിൽക്കുന്ന സംസ്ഥാന സർക്കാരിന് മുന്നോക്ക സംവരണം നടപ്പാക്കാൻ അത്ഭുതപ്പെടുത്തുന്ന വേഗതയായിരുന്നു.

മുന്നോക്കക്കാരിലെ ദരിദ്രനെ കണ്ടെത്താൻ സർക്കാർ നിശ്ചയിച്ച മാനദണ്ഡം പരിശോധിച്ചാൽ, ആ നിലയിൽ ഒരു ദരിദ്രന്റെ അവസ്ഥയിലെത്താൻപോലും കഴിയാത്തവരാണ് ഈ സംസ്ഥാനത്തെ പട്ടികവിഭാഗങ്ങൾ. അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ട മുപ്പതിനായിരത്തിലധികം കോളനികളിൽ ദലിതരും ആദിവാസികളും തളയ്ക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിൽ അസമത്വം നിറഞ്ഞതാണ് കേരളത്തിലെ സാമൂഹിക പരിസരങ്ങൾ. വലിയ രീതിയിലുള്ള അസന്തുലിതാവസ്ഥയും അസംതൃപ്തിയും ഭാവിയിൽ സാമൂഹിക സംഘർഷങ്ങൾക്ക് വഴിവച്ചേക്കാം. ഇത്തരം കാര്യങ്ങൾ നാടിന്റെ പൊതുവികസനത്തിന് തടസമാവുകയും ചെയ്യും.


രാജ്യത്ത് ആദ്യമായി ജാതി സെൻസസ് നടന്നത് കർണാടകയിലാണ്. ആദ്യ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത്. എന്നാൽ ആ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഇപ്പോഴത്തെ സർക്കാരും റിപ്പോർട്ട് വെളിപ്പെടുത്താതെ ഒളിച്ചുവയ്ക്കുകയാണ്. റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ കർണാടകയിലെ ഭരണ, പ്രതിപക്ഷ കക്ഷികളിലെ മുന്നോക്കക്കാരായ എം.എൽ.എമാർ സംയുക്തമായി സർക്കാരിനെ സമ്മർദത്തിലാക്കുന്നു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം ജാതി സെൻസസിന് അകൂലമായി വാചാലമാകുമ്പോൾ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രി പരസ്യമായി ജാതി സെൻസസിനെതിരെ രംഗത്തുവരുന്നു.

രാജ്യം ഭരിക്കുന്ന പാർട്ടിക്കും ഇടതുപക്ഷ കക്ഷികൾക്കും ഈ വിഷയത്തിൽ ഒരു വ്യക്തതയുമില്ല. തെക്കേയിന്ത്യയിൽ സാമൂഹിക നീതിയുടെ പക്ഷത്തു ചേരുന്ന സർക്കാരുകളുടെ എണ്ണംകൂടി വരുന്നു. ആന്ധ്രാപ്രദേശ് കൂടി ജാതി സെൻസസ് ആരംഭിച്ചു കഴിഞ്ഞു. പലകാര്യങ്ങളിലും ആദ്യം നടപടി സ്വീകരിക്കുന്ന കേരളം പക്ഷേ ഇക്കാര്യത്തിൽ അറച്ചുനിൽപ്പാണ്.


1891ലാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ജാതി സെൻസസ് ആരംഭിച്ചത്. 1931വരെ തുടർന്ന സെൻസസിലെ ജാതി തിരിച്ചുള്ള കണക്കെടുപ്പുകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകൂടങ്ങൾക്ക് താൽപ്പര്യക്കുറവായിരുന്നു. അധികാരത്തിന്റെ മുഴുവൻ മേഖലകളിലും വിഭവങ്ങളുടെ പരമാധികാരത്തിലും അമർന്നിരിക്കുന്ന സവർണാധിപത്യത്തിന്റെ മൂലക്കല്ലിളക്കാൻ ജാതി സെൻസസ് വഴിയൊരുക്കുമെന്ന് അവർ അന്നേ ഭയപ്പെട്ടു.


1979ൽ പ്രധാനമന്ത്രിയായിരുന്ന മോറാർജി ദേശായിയാണ് ഇന്ത്യയിലെ പിന്നോക്ക (ഒ.ബി.സി) വിഭാഗങ്ങളുടെ സർക്കാർ സർവിസിലെ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കാനായി ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്റെ നേതൃത്വത്തിൽ കമ്മിഷൻ രൂപീകരിച്ചത്. നിർഭാഗ്യവശാൽ കണക്കുകൾ പുറത്തുവരുമ്പോഴേക്കും മൊറാർജി ദേശായി പ്രധാനമന്ത്രി പദത്തിന് പുറത്തായിരുന്നു. തുടർന്നുവന്ന ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും മണ്ഡൽ കമ്മിഷൻ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനോ നടപ്പിൽ വരുത്തുന്നതിനോ താൽപ്പര്യമെടുത്തില്ല.

1990കളിൽ അധികാരത്തിൽ വന്ന പിന്നോക്ക ജനതയുടെ മിശിഹായെന്ന് വാഴ്ത്തപ്പെട്ട വി.പി സിങ്ങിന്റെ ഭരണകാലത്താണ് മണ്ഡൽ ശുപാർശകൾ നടപ്പിലാക്കിയത്. ഇതിന്റെ പേരിൽ രാജ്യത്തുണ്ടായ കലാപ സദൃശ്യമായ സാഹചര്യം അധികമാരും മറക്കാനിടയില്ല. മറ്റു പിന്നോക്ക വിഭാഗങ്ങൽക്ക് കേന്ദ്ര സർവിസിൽ 27 ശതമാനം സംവരണം നടപ്പിലാക്കപ്പെട്ട മണ്ഡൽ ശുപാർശകളുടെ തുടർച്ചയായി സാമൂഹിക, സാമ്പത്തിക ജാതി സെൻസസ് കൂടി നടന്നിരുന്നുവെങ്കിൽ രാജ്യത്തെ സമസ്ത മേഖലകളിലും വലിയ മാറ്റങ്ങൾക്കത് വഴിതെളിക്കുകയും സത്താപരമായി ഇന്ത്യൻ സമൂഹമെന്താണെന്നും അധികാരവും വിഭവങ്ങളും ആരിലൊക്കെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അറിയാൻ കഴിയുകയും ചെയ്യുമായിരുന്നു.


1996ൽ അധികാരത്തിൽ വന്ന എ.ബി വാജ്‌പേയിയോ ഇന്നത്തെ മോദി സർക്കാരോ ജാതി സെൻസസ് എന്ന വിഷയത്തിൽ താൽപ്പര്യമില്ലാതെ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. അവരിൽ ആരോപിക്കുന്ന വരേണ്യതയുടെ പുറം ദൃശ്യതകൂടിയാണ് ഈ നിലപാട്. 2011ൽ ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ സർക്കാർ നടത്തിയ ജാതി തിരിച്ചുള്ള സെൻസസിലെ വിവരങ്ങൾ അപൂർണമായിരുന്നെങ്കിലും അത് പുറത്തുവിടാൻ തയാറായില്ല.

സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് പിന്നിട്ട കാലത്തും ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിവിവര കണക്ക് പുറത്തുവിടാതിരിക്കാൻ ആ സർക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങൾ ഇന്നും അജ്ഞാതമാണ്.


ഇന്ത്യയിൽ ഇപ്പോൾ ജാതി സെൻസസ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം ബിഹാറാണ്. ഈ കണക്കെടുപ്പിലൂടെ പുറത്തുവന്ന വിവരങ്ങൾ എക്കാലവും സാമൂഹികനീതിയെ തുരങ്കംവയ്ക്കുന്ന വർണാധികാര ശക്തികളെ ഭ്രാന്തു പിടിപ്പിച്ചിട്ടുണ്ട്. 36 ശതമാനം അതി പിന്നോക്കരും 27.12 ശതമാനം പിന്നോക്കരും ചേർന്ന് 63 ശതമാനം ഒ.ബി.സികളും 21 ശതമാനം ദലിത്-_ആദിവാസി ജനതയുമുൾപ്പെടെ ബിഹാറിൽ 84 ശതമാനം പിന്നോക്ക ജനവിഭാഗങ്ങളാണെന്ന് കണ്ടെത്തി.

ഇത് ഇന്ത്യയുടെ ശരാശരി പരിഛേദമാണ്. ഇതോടെ ഭയപ്പാടിലായ വരേണ്യവിഭാഗങ്ങൾ ജാതി സെൻസസിനെ വക്രീകരിച്ച് പ്രചരിപ്പിക്കാനും സാമൂഹിക ഐക്യം തകർക്കപ്പെടുമെന്ന പൊള്ളയായ വാദങ്ങൾ ഉയർത്തി പ്രതിരോധിച്ച് ആധിപത്യം നിലനിർത്താനുമുള്ള പ്രചാരണങ്ങൾക്ക് ആക്കം കൂട്ടുകയാണ്.
രാജ്യം വലിയ പുരോഗതിയിലേക്ക് പോകുമ്പോഴും വികസനത്തിന്റെ മുഖ്യധാരാ കാഴ്ചപ്പാടിൽ പാർശ്വവത്കൃത വിഭാഗങ്ങൾ എന്നും പുറത്താണ്.

തുല്യതയും നീതിയും ഇല്ലാത്ത ഒരു സാമൂഹികഘടനയുടെ മുഖംമൂടിയായി ജനാധിപത്യം അങ്ങനെ നിലനിൽക്കുന്നു. ഐക്യ കേരള രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടിലേക്ക് അടുക്കുകയാണ് നമ്മൾ. സാമൂഹിക, സാമ്പത്തിക രംഗത്തെക്കുറിച്ചും പൊതുവിഭവങ്ങളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും ഒരു ബ്ലൂപ്രിന്റ് അനിവാര്യമാണ്.

(കെ.പി.എം.എസ് സംസ്ഥാന ജനറൽ
സെക്രട്ടറിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം; പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തലിന് പരക്കംപാഞ്ഞ് യു.എസ്, ചെവിക്കൊള്ളാതെ ഇസ്റാഈലും ഹമാസും

International
  •  2 months ago
No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago