'എന്ത് ക്രൂരതയാണിത്, ആരാണ് ഇതിന് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്?'; ഗുജറാത്തില്‍ മുസ്‌ലിം യുവാക്കളെ പൊതുമധ്യത്തില്‍ തല്ലിച്ചതച്ച സംഭവത്തില്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുസ് ലിം യുവാക്കളെ പൊതുമധ്യത്തില്‍വച്ച് തല്ലിച്ചതച്ച സംഭവത്തില്‍ സംസ്ഥാന പൊലിസിനെ അതിനിശിതമായി വിമര്‍ശിച്ച് സുപ്രിംകോടതി. ഇന്നലെ കേസ് പരിഗണിക്കവെ, എന്ത് ക്രൂരതയാണിതെന്ന് ബി.ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന രണ്ടംഗ സുപ്രിംകോടതി ബെഞ്ച് ഗുജറാത്ത് പൊലിസിനോട് ചോദിച്ചു. വിഷയത്തില്‍ നാല് പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഗുജറാത്ത് ഹൈക്കോടതി തുടങ്ങിവച്ച കോടതിയലക്ഷ്യ നടപടി ചോദ്യംചെയ്തുള്ള ഹരജിയാണ് ഇന്നലെ സുപ്രിംകോടതി പരിഗണിച്ചത്.
സംഭവത്തില്‍ കോടതി നേരത്തെയും സ്വീകരിച്ച അതേ നിലപാട് തന്നെ ഇന്നലെയും ആവര്‍ത്തിക്കുകയായിരുന്നു. മുസ് ലിം യുവാക്കളെ തൂണില്‍ കെട്ടിയിട്ട് പൊലിസ് തല്ലുകയും അതു ദൃശ്യമാക്കുകയും ചെയ്ത നടപടി ഞെട്ടിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
2022 ഒക്ടോബറില്‍ ഗുജറാത്തിലെ ഖേദ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് അഞ്ച് യുവാക്കളെ റോഡരികില്‍ കെട്ടിയിട്ട് പൊലിസ് തല്ലിച്ചതച്ചത്. പൊലിസ് തന്നെ ഇതിന്റെ വിഡിയോ പകര്‍ത്തുകയും ചെയ്തു. സംഭവം കസ്റ്റഡി പീഡനത്തിനെതിരായ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാരോപിച്ചാണ് ഹൈക്കോടതി പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയലക്ഷ്യനടപടിക്ക് തുടക്കമിട്ടത്. കേസില്‍ നാലു പൊലിസ് ഉദ്യോഗസ്ഥരെ രണ്ടാഴ്ചത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ശിക്ഷിക്കപ്പെട്ട പൊലിസുകാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
യുവാക്കളെ മര്‍ദിച്ചതിന് വകുപ്പുതലനടപടി നേരിടുകയും ക്രിമിനല്‍ നടപടിക്ക് വിധേയരാകുകയും ചെയ്ത പൊലിസുകാര്‍ക്കെതിരേ എങ്ങിനെയാണ് ഹൈക്കോടതിക്ക് കോടതിയലക്ഷ്യനടപടി സ്വീകരിക്കാന്‍ കഴിയുകയെന്ന്് പ്രതികള്‍ സുപ്രിംകോടതിയില്‍ വാദിച്ചു. ഈ സംഭവത്തില്‍ കോടതിയലക്ഷ്യനടപടിക്കുള്ള ഹൈക്കോടതിയുടെ അധികാരത്തെയാണ് പ്രതിഭാഗം അഭിഭാഷകന്‍ ചോദ്യംചെയ്തത്. എന്നാല്‍, ആളുകളെ കെട്ടിയിട്ട് തല്ലാന്‍ നിങ്ങള്‍ക്ക് നിയമപ്രകാരം അധികാരമുമുണ്ടോയെന്ന് സുപ്രിംകോടതി തിരിച്ചുചോദിച്ചു. പരസ്യമായി തല്ലിയതും അത് വിഡിയോ എടുത്തതും ഏത് അധികാരത്തിന്റെ പുറത്താണ്? ജസ്റ്റിസ് ഗവായ് ചോദിച്ചു.
വാദത്തിനിടെ തടവുകാലാവധി റദ്ദാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍, എങ്കില്‍ കസ്റ്റഡി ആഘോഷിക്കൂ… നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ഓഫിസര്‍മാരുടെ അതിഥിയാകാമല്ലോ അപ്പോള്‍ നിങ്ങളെ അവര്‍ നല്ല നിലയില്‍ സല്‍ക്കരിക്കുമെന്നും ജസ്റ്റിസ് ഗവായി മറുപടി നല്‍കി.
പൊലിസുകാര്‍ക്കെതിരായ വകുപ്പ്തല നടപടി പരിഗണിച്ച് ഗുജറാത്ത് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ കേസിലെ കുറ്റവും ജയില്‍ ശിക്ഷയും സുപ്രിംകോടതി സ്‌റ്റേചെയ്തു. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ സ്‌റ്റേ നീട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."