യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് നോട്ടിസ്; തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് നോട്ടിസ്; തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: നവകേരള സദസിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നോട്ടിസ്. തിങ്കളാഴ്ച്ച ഹാജരാകാനാണ് ഗണ്മാന് അനില്‍കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നല്കിയ നോട്ടിസില്‍ പറഞ്ഞിരിക്കുന്നത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടിസ് കൈമാറിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചതോടെയാണ് ഒരുമാസം മുമ്പ് പൊലിസ് കേസെടുത്തത്. തുടര്‍ന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങിയതോടെയാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയാണ് അനില്‍ കുമാര്‍. സുരക്ഷാസേനയിലെ കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരിക്കേല്‍പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും.
16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്ന് ഗണ്‍മാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മര്‍ദ്ദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."