HOME
DETAILS

അശ്ലീലമാകരുത് അധികാരം

  
backup
January 25 2024 | 00:01 AM

do-not-be-vulgar-authority


'അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി' എന്ന് രണ്ടാഴ്ച മുമ്പ് കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവേദിയില്‍ രോഷത്തോടെ പറഞ്ഞത് മലയാളത്തിന്റെ മഹാമനീഷി എം.ടി വാസുദേവന്‍നായര്‍ ആണ്. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റിയാണ് എം.ടി പറഞ്ഞതെന്നും ഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങളിലിരിക്കുന്ന ചിലരെയാണ് അത് ഉന്നംവയ്ക്കുന്നതെന്നുമുള്ള വാദവിവാദങ്ങള്‍ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.

എന്നാല്‍ ഇന്നാട്ടിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെക്കൂടി സംബോധന ചെയ്യുന്നതാണ് എം.ടിയുടെ വാക്കുകള്‍ എന്ന് ഒരാഴ്ചയ്ക്കിടെ കേരളത്തിലുണ്ടായ ചില ദാരുണസംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നു. അതില്‍ ഏറ്റവും സങ്കടകരം പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യയുടെ ആത്മഹത്യയാണ്. പാര്‍ട്ടിയിലെ 'പിടിപാട്' പകപോക്കാനുള്ള ഉപകരണമായി സഹപ്രവര്‍ത്തകരിലൊരാള്‍ എടുത്തുപ്രയോഗിക്കുമെന്ന ഭയത്തിലാണ് സമര്‍ഥയായൊരു നിയമവിദഗ്ധ ജീവനൊടുക്കിയത്. തങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നും കാസര്‍കോട്ടേക്ക് സ്ഥലം മാറ്റുമെന്നുമുള്ള സി.പി.എം നേതാവായ മറ്റൊരു എ.പി.പിയുടെ ഭീഷണിയാണ് അനീഷ്യയുടെ മരണത്തിനുപിന്നിലെന്നാണ് ആരോപണം.

തനിക്കെതിരേ വിവരാവകാശ അപേക്ഷ കൊടുത്തത് അനീഷ്യയാണെന്ന തെറ്റിദ്ധാരണയിലായിരുന്നു അഭിഭാഷകന്റെ ഹാലിളക്കം.
ചില സഹപ്രവര്‍ത്തകരില്‍ നിന്നും മേലുദ്യോഗസ്ഥനില്‍ നിന്നുമുള്ള മാനസികപീഡനം സംബന്ധിച്ച അനീഷ്യയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഡയറിക്കുറിപ്പും പൊലിസിന് ലഭിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ അടിമകളല്ലെന്നും അവര്‍ക്കും ആത്മാഭിമാനവും അന്തസും ഉണ്ടെന്നുമുള്ള ബോധം എന്നാണ് നമ്മുടെ സര്‍ക്കാര്‍ ലാവണങ്ങളിലെ മേലാളന്മാര്‍ക്കുണ്ടാവുക? നീതിതേടി ജനങ്ങള്‍ പോകുന്ന ഒടുവിലത്തെ ഭരണഘടനാ സംവിധാനമാണ് കോടതികള്‍. എന്നാല്‍ ന്യായാലയങ്ങളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവര്‍ത്തനങ്ങളെപ്പോലും രാഷ്ട്രീയക്കരുത്തില്‍ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ സാക്ഷ്യം കൂടിയാണ് അനീഷ്യയുടെ മരണം.


ഭരണത്തണലില്‍, തങ്ങളാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന ചില സഹപ്രവര്‍ത്തകരുടെ അമിതാധികാരപ്രമത്തതയാണ് അനീഷ്യയെ മരണത്തിലേക്ക് വഴിനടത്തിച്ചതെങ്കില്‍, കഴിഞ്ഞദിവസം കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരനായ വയോധികന്‍ മരണവഴിയിലേക്ക് സ്വയമിറങ്ങിയത് അധികാരകേന്ദ്രങ്ങള്‍ കണ്ണും കാതും അടച്ചതുകൊണ്ടു മാത്രം. അഞ്ചുമാസത്തെ പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ എഴുപത്തേഴുകാരനായ വളയത്ത് ജോസഫ് വീട്ടിനുമുന്നില്‍ തൂങ്ങിമരിക്കുകയായിരുന്നു. പെന്‍ഷന്‍ പുനഃസ്ഥാപിച്ചു കിട്ടാന്‍ നാലഞ്ചുമാസമായി ജോസഫ് പല സര്‍ക്കാര്‍ ഓഫിസുകളിലും കയറിയിറങ്ങുകയായിരുന്നു.

ഭിന്നശേഷിക്കാരിയായ മകളുടെ പെന്‍ഷന്‍ കൂടി നിലച്ചതോടെ ജോസഫിന്റെ കുടുംബം പട്ടിണിയുടെ പടുകുഴിയിലാവുകയായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതു കാട്ടി ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് ജോസഫ് പരാതി നല്‍കിയിരുന്നു. ഇതേ പരാതി പെരുവണ്ണാമൂഴി പൊലിസ് ഇന്‍സ്‌പെക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും നല്‍കി. എന്നാല്‍ ഒരുദ്യോഗസ്ഥനും ഈ വയോധികന്റെ ദുസ്ഥിതി തിരിച്ചറിയാനോ സഹായഹസ്തം നീട്ടാനോ ഉള്ള കനിവും കരുതലും ഇല്ലാതെ പോയി.

15 ദിവസത്തിനകം തന്റെ പരാതിയില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്ന് കഴിഞ്ഞ നവംബറില്‍ പഞ്ചായത്ത് സെക്രട്ടറിയോട് ജോസഫ് ഗതികെട്ട് പറഞ്ഞിരുന്നു. സകല ആശ്രയവുമറ്റ് തൊഴുകൈകളോടെ മുന്നില്‍ വരുന്നവരോട് അലിവോടെ രണ്ടുവാക്ക് ഉരിയാടാനെങ്കിലും നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ജോസഫിനെപ്പോലുള്ളവര്‍ക്ക് ജീവിതത്തില്‍നിന്ന് പലായനം ചെയ്യേണ്ടിവരില്ലായിരുന്നു. ജനസേവകരാണ് തങ്ങളെന്ന വിചാരം സര്‍ക്കാര്‍ ജീവനക്കാരില്‍ പലര്‍ക്കും കൈമോശംവരുന്നതിന്റെ രക്തസാക്ഷി കൂടിയാണ് ജോസഫ്.


ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചിട്ട് എട്ടു വര്‍ഷത്തോളമായി. ഇപ്പോഴും ഓരോ ആവശ്യത്തിന് ഓഫിസുകളിലെത്തുന്ന സാധാരണക്കാരോട് മുഖംതിരിക്കുകയോ മുട്ടാപ്പോക്ക് പറഞ്ഞ് മടക്കുകയോ ആണ് പല ഉദ്യോഗസ്ഥപ്രഭുക്കളും. കൈയില്‍ പൂത്തകാശും വിളിച്ചുപറയാന്‍ പാര്‍ട്ടി നേതാക്കളുമുണ്ടെങ്കില്‍ ഏതു ഫയലിനും കണ്ണടച്ചുതുറക്കുംമുന്‍പേ ജീവന്‍വയ്ക്കുമെന്നത് എന്തെങ്കിലും ആവശ്യത്തിനായി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങിയവര്‍ക്ക് നല്ല ബോധ്യമുണ്ടാവും. ജനങ്ങളാണ് യജമാനര്‍ എന്നും തങ്ങള്‍ സേവകര്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവിന്റെ അഭാവമാണ് ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയെങ്കിലും ഞാനെന്ന ഭാവത്തിനു പിന്നില്‍.


മേലുദ്യോഗസ്ഥരുടെ താന്‍പോരിമയുടെ മറ്റൊരു മുഖമാണ് കഴിഞ്ഞദിവസം വയനാട് വൈത്തിരിയില്‍ കണ്ടത്. സഹപ്രവര്‍ത്തകനായ പൊലിസ് ഓഫിസറെ പൊതുമധ്യത്തില്‍ തെറിവിളിച്ചും മര്‍ദിച്ചുമാണ് വൈത്തിരിയില്‍ സി.ഐ 'ആളായത്'. പരാതി അന്വേഷിക്കാനെത്തിയ സി.ഐ ടൗണിലുണ്ടായിരുന്ന ആള്‍ക്കൂട്ടവുമായി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ തന്നെ ന്യായീകരിക്കാന്‍ എത്താത്തതില്‍ പ്രകോപിതനായാണ് പൊലിസ് ഓഫിസറെ തെറിവിളിച്ചതും മര്‍ദിച്ചതും. എത്രമാത്രം അപമാനമായിരിക്കും നിസഹായനായ ആ പൊലിസ് ഉദ്യോഗസ്ഥന്‍ ആ ആള്‍ക്കൂട്ടത്തിനിടയില്‍ അനുഭവിച്ചിരിക്കുക.

ആ ഉദ്യോഗസ്ഥനും ഉണ്ടാവില്ലേ അന്തസും ആത്മാഭിമാനവുമൊക്കെ. സ്വകാര്യമായോ സ്‌റ്റേഷനില്‍ വച്ചോ ആയിരുന്നു അഹന്തമൂത്ത മോലുദ്യോഗസ്ഥന്റെ മെക്കിട്ടുകയറ്റമെങ്കില്‍ അത്രമാത്രം മുറിവേല്‍ക്കപ്പെടില്ലായിരുന്നു ആ പൊലിസുകാരന്‍. അധികാരം കൈയില്‍ കിട്ടുന്നതോടെ എല്ലാം തികഞ്ഞവരാണ് തങ്ങളെന്നും സഹപ്രവര്‍ത്തകര്‍ അടിമകളാണെന്നുമുള്ള പ്രാകൃതബോധമാണ് ഇക്കാലത്തും പല ഉദ്യോഗസ്ഥരെയും ഭരിക്കുന്നത്. കാലമുരുളുമെന്നും ഒരുപാട് വെള്ളം ഇനിയും കടലിലേക്കൊഴുകുമെന്നും നാളെ തന്റെ കസേരയില്‍ വേറൊരാള്‍ വരുമെന്നും അധികാരപരിധിയില്‍നിന്ന് ഒരുനാള്‍ താനും പുറത്താകുമെന്നുമുള്ള ബോധം ഇവര്‍ക്കുണ്ടായാല്‍ നല്ലത്. അതല്ലെങ്കില്‍ കാലം ഓരോന്നിനും എണ്ണിയെണ്ണി കണക്കുചോദിക്കുക തന്നെ ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്

Kerala
  •  a month ago
No Image

വര്‍ക്ക്‌ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ

National
  •  a month ago
No Image

മറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ

Saudi-arabia
  •  a month ago
No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago