ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവോ?
റജിമോൻ കുട്ടപ്പൻ
ഈ വർഷത്തെ റിപ്പബ്ലിക്ദിന പരേഡിലെ നിശ്ചലദൃശ്യത്തിൽ ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി അവതരിപ്പിക്കുമെന്ന ഭരണകൂടത്തിന്റെ തീരുമാനത്തെപ്പറ്റി ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. കൊളോണിയൽ ആധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കെത്തിയ ശക്തമായ പ്രഖ്യാപനമായി ഈ ദൃശ്യം ലോകരാജ്യങ്ങളിലെല്ലാം മുഴങ്ങും. ഏതു ഇന്ത്യൻ പൗരനും അഭിമാനിക്കാവുന്ന നിമിഷവുമാണത്. എന്നാൽ ഈ ആഘോഷങ്ങൾക്കിടയിൽ മറ്റൊരു പ്രധാന ചോദ്യം അലയടിക്കുന്നില്ലേ? വാസ്തവത്തിൽ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവുതന്നെയാണോ?
ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറും മറ്റനേകം പേരും പ്രതീക്ഷയർപ്പിച്ച പോലെയുള്ള ഇന്ത്യയാണോ ഇത്? അങ്ങനെ ചോദിച്ചാൽ ആശങ്കയുണ്ടെന്നു പറയേണ്ടിവരും. വിദഗ്ധാഭിപ്രായത്തിൽ, പ്രായപൂർത്തി വോട്ടവകാശം, ബഹുമുഖ പാർട്ടിസംവിധാനം, സ്വതന്ത്ര നീതിന്യായവ്യവസ്ഥ, ശക്തമായ മാധ്യമസാന്നിധ്യം എന്നിവയാണ് ജനാധിപത്യത്തെ ഉറപ്പാക്കുന്ന ഘടകങ്ങൾ. ഈ നാലുഘടകങ്ങളും സ്വതന്ത്രമായി നിലനിൽക്കുന്നുണ്ടെങ്കിൽ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പറയാം. ആ അർഥത്തിൽ നമ്മുടെ രാജ്യം ജനാധിപത്യത്തിന്റെ മാതാവാണോ എന്ന ചോദ്യം വീണ്ടും ചോദിച്ചാൽ അല്ലെന്നായിരിക്കും ഉത്തരം.
പ്രായപൂർത്തി വോട്ടവകാശം
പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കുന്നുണ്ട്. എന്നാൽ വോട്ടർമാരെയെല്ലാം ഇതിലേക്ക് ഏകീകരിക്കുന്നതിന് തടസമായിനിൽക്കുന്ന മറ്റനേകം കാര്യങ്ങളുണ്ട്. നിരക്ഷരത, വോട്ടർമാരുടെ ഭാഗത്തുനിന്നുള്ള ഉദാസീനത എന്നിവ ഇതിൽ പ്രധാനമാണ്. രാജ്യത്തിൻ്റെ ഗ്രാമപ്രദേശങ്ങളിലെ വലിയ വിഭാഗം ജനങ്ങൾക്ക് വോട്ടുകൾ എങ്ങനെ പ്രയോഗിക്കണമെന്നതിൽ ധാരണക്കുറവുണ്ട്. ഇതിന്റെ പ്രധാന കാരണം വിദ്യാഭ്യാസമില്ലായ്മയാണ്. ഇത്തരമൊരു സാഹചര്യം അവരുടെ രാഷ്ട്രീയശബ്ദത്തെ അമർച്ച ചെയ്യുകയും ഇക്കൂട്ടർ മറ്റു പല കൗശലങ്ങൾക്ക് വശംവദരാകാനും ഇടയാക്കുന്നു.
ജാതിവ്യവസ്ഥയും ലിംഗാധീശത്വവും വോട്ടിങ് രീതികളെ വലിയൊരളവിൽ സ്വാധീനിക്കുന്നുണ്ട്. കൂടാതെ, പണവും ഉരുക്കുമുഷ്ടികളും ഇന്നും വോട്ട് വിനിയോഗത്തിൽ ഇടപെടുന്നുണ്ട്.
വിവിധ ജനസമൂഹങ്ങൾ ഇന്ത്യയിലുണ്ടായിട്ടുപോലും പാർശ്വവത്കൃത സമൂഹങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇക്കൂട്ടരുടെ പ്രശ്നങ്ങൾ പലപ്പോഴും പാർശ്വവത്കരിക്കപ്പെടാനുള്ള കാരണവും ഇതുതന്നെയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ 67.1 ശതമാനം മാത്രമുള്ള ആകെ പോളിങ്ങിൽ ഇന്ന് ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിക്ക് നേടാനായത് ആകെ വോട്ടിന്റെ 37 ശതമാനം മാത്രമാണെന്നത് വിസ്മരിച്ചുകൂടാ.
ബഹുപാർട്ടി സംവിധാനം
ജനാധിപത്യത്തെ ശക്തമാക്കുന്ന രണ്ടാം ഘടകമായ വിവിധ പാർട്ടികളുടെ സംവിധാനം പരിശോധിക്കുമ്പോൾ ഇന്ത്യയിലെ ബഹമുഖ പാർട്ടി സംവിധാനം പൂർണമായും ഇല്ലാതായെന്നു പറഞ്ഞുകൂടാ. എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിക്കുള്ള മേൽക്കൈ നിഷേധിക്കാൻ സാധ്യമല്ല. രണ്ടുതവണയായി നേടിയ വൻ വിജയങ്ങൾ, കുറഞ്ഞുവരുന്ന പ്രതിപക്ഷ ശബ്ദങ്ങൾ എന്നിവ സൂചിപ്പിക്കുന്നത് ഒരു പാർട്ടിയുടെ മാത്രം ആധിപത്യത്തിലേക്കാണ്.
ഇന്ത്യയിലെ ബഹുപാർട്ടി സംവിധാനം ഇല്ലാതായെന്ന് ഇപ്പോൾ തന്നെ പറഞ്ഞുകൂടാ. എന്നാൽ ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾ വലിയ പരീക്ഷണ ഘട്ടത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ഇവിടുത്തെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും പൗരസമൂഹവും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ വൈവിധ്യപൂർണമായ പ്രാതിനിധ്യവും ബഹുരാഷ്ട്രീയ പാർട്ടികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നൊരു രാഷ്ട്രീയഭൂമിക സാധ്യമാവു.
സ്വതന്ത്ര നീതിന്യായവ്യവസ്ഥ
മൂന്നാമത്തെ ഘടകമായ സ്വതന്ത്ര നീതിന്യായവ്യവസ്ഥയിലേക്കുവരാം. ജനാധിപത്യത്തിന്റെ മൂന്നാമത്തെ തൂണായി കണക്കാക്കപ്പെടുന്ന സ്വതന്ത്ര നീതിന്യായവ്യവസ്ഥ ഇന്ത്യൻ ഭരണഘടനയെയും അതിലെ മൗലികാവകാശങ്ങളെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. നിയമവാഴ്ച ഉറപ്പാക്കാനും നീതിലഭ്യമാക്കാനും സ്വതന്ത്ര നീതിന്യായവ്യവസ്ഥ വേണം. എന്നാൽ സമീപകാലത്തായി, നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ ഇത് മറ്റൊരു ചോദ്യമാണ് ഉന്നയിക്കുന്നത്. ജുഡീഷ്യറി യഥാർഥത്തിൽ സ്വതന്ത്രമാണോ എന്ന ചോദ്യം.
ഈ സങ്കീർണ പ്രശ്നം പൂർണമായി മനസിലാക്കണമെങ്കിൽ, ഭരണഘടനാപരമായ സംരക്ഷണങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്. ഭരണഘടന സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ ഉറപ്പാക്കുന്നത്, ജഡ്ജിമാരുടെ സുരക്ഷിത കാലാവധി, ശക്തമായ തെരഞ്ഞെടുപ്പ് പ്രക്രിയ, സാമ്പത്തിക സ്വയംഭരണം തുടങ്ങിയ വ്യവസ്ഥകളിലൂടെയാണ്. എങ്കിലും, അടുത്തകാലത്തായി ആശങ്കയുടെ മുറുമുറുപ്പുകൾ അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. നിലവിലെ ഭരണകക്ഷിയുടെ വർധിച്ചുവരുന്ന സ്വാധീനം, ഭരണകൂട ബന്ധം പുലർത്തുന്ന ജഡ്ജിമാരുടെ നിയമനം, ജുഡീഷ്യൽ ആക്ടിവിസത്തിൽ കാണപ്പെടുന്ന ഇടിവ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളിൽ നിന്നാണ് മേൽപ്പറഞ്ഞ ആശങ്കകൾ ഉടലെടുക്കുന്നത്.
ഇന്ത്യൻ ജുഡീഷ്യറി സുപ്രധാനഘട്ടത്തിലാണുള്ളത്. അതിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആകുലതകൾക്ക് ഒരുപരിധിവരെ ന്യായമുണ്ടെങ്കിലും നിയമവ്യവസ്ഥ പൂർണമായും വിട്ടുവീഴ്ച ചെയ്തതായി മനസിലാക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുക, സമഗ്രത ഉയർത്തിപ്പിടിക്കുക, ശക്തമായ പൊതുസംവാദം വളർത്തുക എന്നിവയാണ് മുന്നോട്ടുള്ള മാർഗം. എങ്കിൽ മാത്രമേ നിയമസ്വാതന്ത്ര്യത്തിന്റെ സൂചി നീതിയുടെയും നിയമവാഴ്ചയുടെയും ദിശയിലേക്ക് നീങ്ങുന്നത് തുടരൂ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഊർജ്ജസ്വലമായ സ്ഥാനം സുരക്ഷിതമാകണമെങ്കിൽ ഇതു കൂടിയേ തീരൂ.
ശക്തമായ മാധ്യമസംവിധാനം
ഇന്ത്യയിൽ ശക്തമായ മാധ്യമസംവിധാനമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ഏറെ ബുദ്ധിമുട്ടേണ്ടിവരില്ല. കാരണം, മാധ്യമങ്ങൾക്കുമേലുള്ള ഭരണകൂടത്തിന്റെയും വൻകിട കോർപറേറ്റുകളുടെയും സ്വാധീനം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത് നേരിട്ടുകാണുന്നവരാണ് നമ്മൾ. നിശ്ചിത താൽപര്യങ്ങളുള്ള വ്യക്തികളും കമ്പനികളും സ്വതന്ത്രമാധ്യമസ്ഥാപനങ്ങളെ ഏറ്റെടുക്കുന്നതും മാധ്യമങ്ങളുടെ നിലപാടുകളിൽ വെള്ളം ചേർക്കുന്നതും വർധിച്ച ആശങ്കയോടെ വീക്ഷിക്കേണ്ടതാണ്. പലവിധ മാധ്യമസംരംഭങ്ങളിൽ നിന്നുള്ള വാർത്തകളും നിലപാടുകളും വിമർശനങ്ങളും രാജ്യത്തിന്റെ സുപ്രധാന ദൃശ്യത്തെയായിരുന്നു നിർമിച്ചുകൊണ്ടിരുന്നത്. എന്നാൽ അടുത്ത കാലത്തായി മാധ്യമമേഖലകളിൽനിന്നുപോലും ആശങ്കാജനകമായ ചോദ്യങ്ങൾ മാത്രമാണ് ഉയരുന്നത്.
ഇന്ത്യയിൽ ഇപ്പോഴും ശക്തമായ മാധ്യമസംവിധാനമുണ്ടോ അതോ നിയന്ത്രണങ്ങൾക്കും പരിശോധനകൾക്കും പൂർണമായും വിധേയമായിരിക്കുകയാണോ എന്നത് ഏറെ പ്രസക്തമാണ്. നിലനിൽക്കുന്ന മാധ്യമസംവിധാനങ്ങളുടെ വ്യാപ്തിയും വൈവിധ്യവും നിഷേധിക്കാനാവില്ലെന്നത് നേരുതന്നെ. സ്വതന്ത്രമായ പത്രങ്ങൾ, പ്രാദേശിക വാർത്താ ചാനലുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ ധാരാളമായി ഇന്ത്യക്കുണ്ട്. അതിൽ രാജ്യത്തിന് അഭിമാനവുമുണ്ട്. അവയോരോന്നും പ്രേക്ഷകരുടെ ശ്രദ്ധയ്ക്കുവേണ്ടി തീവ്രമായി മത്സരിക്കുന്നു. മാധ്യമങ്ങളുടെ വൈവിധ്യവും ബാഹുല്യവും ബഹുസ്വരവും നിർണായകവുമായ ഒരു മാധ്യമാന്തരീക്ഷത്തിന്റെ സാധ്യതകൾ പ്രദാനം ചെയ്യുന്നു. അധികാരകേന്ദ്രങ്ങളെ ഉത്തരവാദിത്വമുള്ളതാക്കാനും പൗരന്മാരെ അവരുടെ ജീവിതത്തെ ബാധിക്കുന്ന അസംഖ്യം പ്രശ്‌നങ്ങളെക്കുറിച്ച് അറിയിക്കുന്നതിനും ഈ മാധ്യമാന്തരീക്ഷം ഏറെ ഗുണം ചെയ്യും.
എന്നാൽ ഇതിനെല്ലാം താഴെ, വളരെ അടിസ്ഥാനമായി പരിശോധിച്ചാൽ ഈ വ്യവസ്ഥയിലും വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. വൈകാരിക വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ, പ്രത്യേകിച്ച് സർക്കാരിനെയോ അതിന്റെ നയങ്ങളെയോ വിമർശിക്കുന്നവർക്ക് ഭരണകൂടത്തിൽ നിന്നുള്ള ശത്രുതയും ഉപദ്രവങ്ങളും അനുഭവിക്കേണ്ടിവരുന്നുണ്ട്. ഓൺലൈൻ ട്രോളുകളും ഭീഷണിയും മുതൽ ശാരീരിക ആക്രമണങ്ങളും നിയമപരമായ ഭീഷണികളും ഇതിന്റെ വ്യത്യസ്ത തലങ്ങളാണ്. കൂടാതെ, പരസ്യവരുമാനത്തിൽ ഗവൺമെന്റിന്റെ നിയന്ത്രണവും ദേശീയ സുരക്ഷാ നിയമം(എൻ.എസ്.എ) പോലെയുള്ള ക്രൂരമായ നിയമങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗവും വിമർശന ശബ്ദങ്ങളെ കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നവയാണ്.
പരമ്പരാഗത മാധ്യമങ്ങൾക്കുനേരെ മാത്രമാണ് ഇത്തരം നിയന്ത്രണങ്ങളെന്നു കരുതരുത്. തുടക്കത്തിൽ, സാമൂഹികമാധ്യമങ്ങളുടെ ഉയർച്ചയെ ജനാധിപത്യ ശക്തിയായാണ് കണ്ടിരുന്നതെങ്കിൽ ഇന്നത് തെറ്റായ വിവരങ്ങളുടെയും സെൻസർഷിപ്പിന്റെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഒരു സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ വിധി അങ്ങോട്ടോ ഇങ്ങോട്ടോ എന്ന രീതിയിൽ തൂങ്ങിക്കിടക്കുകയാണ്. ഇവിടെ ശക്തമായ മാധ്യമസംവിധാനം സാധ്യമാകണമെങ്കിൽ, സ്വതന്ത്ര പത്രപ്രവർത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും പരിശ്രമങ്ങൾ, ബന്ധപ്പെട്ട പൗരന്മാരുടെ ജാഗ്രത, അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, സെൻസർഷിപ്പിന്റെയും നിശബ്ദ ശബ്ദങ്ങളുടെയും മാത്രം കേന്ദ്രമായി മാധ്യമങ്ങൾ മാറും. ഇത് ജനാധിപത്യത്തിന്റെ ചടുലതയെ ഇല്ലാതാക്കും.
ഇനി ആദ്യമുന്നയിച്ച ചോദ്യത്തിലേക്ക് നീങ്ങാം, പ്രായപൂർത്തി വോട്ടവകാശത്തിലെ കുറവുകളും ബഹുപാർട്ടി സംവിധാനത്തിന്റെ അപചയവും സ്വതന്ത്ര ജുഡീഷ്യറിയെക്കുറിച്ചുള്ള ആശങ്കകളും അഭിവൃദ്ധി പ്രാപിക്കുന്ന മാധ്യമങ്ങളുടെ അഭാവവും നിലനിൽക്കുമ്പോൾ, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പറയാൻ സാധിക്കുമോ? പറയാനാഗ്രഹിക്കുന്നുണ്ടെങ്കിൽ പോലും സംശയം അവശേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."