നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണർ നയം പ്രഖ്യാപിക്കും, വിവാദങ്ങളിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണർ നയം പ്രഖ്യാപിക്കും, വിവാദങ്ങളിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിനു ഇന്ന് തുടക്കമാകും. ബജറ്റും ഗവർണറുടെ നയപ്രഖ്യാപനവുമുൾപ്പെടെ വിവിധ വിഷയങ്ങൾക്ക് സഭ വേദിയാകും. വിവിധ വിഷയങ്ങളിലെ സർക്കാർ, പ്രതിപക്ഷ പോരിനും സഭ സാക്ഷിയാകും. മാർച്ച് 27 വരെ നീളുന്ന ദീർഘമായ സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സഭ തുടങ്ങുക. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രസംഗം മുഴുവൻ വായിക്കുമോ എന്നതാണ് ആകാംക്ഷ. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണ്ണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. എന്നാൽ കേന്ദ്ര വിമർശനം ഉൾപ്പെടുന്ന നയപ്രഖ്യാപനത്തിൽ നിന്ന് എന്തെല്ലാം വായിക്കും എന്നത് കണ്ടറിയണം. ഭരണപക്ഷം ഗവർണറുമായി തെരുവിൽ പരസ്യ പോരാട്ടം നടക്കുന്നതിനിടെയാണ് ഗവർണർ നയം പ്രഖ്യാപിക്കാൻ പോകുന്നത്.
ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതടക്കമുള്ള സാമ്പത്തിക വെല്ലുവിളികൾ മുന്നിൽ നിൽക്കുന്ന സാഹചര്യത്തിൽ ബജറ്റിൽ എന്ത് മാജിക് ആകും പുറത്തെടുക്കുക എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രഖ്യാപിക്കുമ്പോൾ വിലക്കയറ്റം ഉൾപ്പെടെയുള്ളവ പിടിച്ചുകെട്ടാൻ എന്ത് നടപടി ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് സാധാരണക്കാർ ഉൾപ്പെടെയുള്ള ജനങ്ങൾ.
ഓർഡിനൻസുകൾക്ക് പകരമുള്ള മൂന്ന് ബില്ലുകൾ അടക്കം ആകെ എട്ട് ബില്ലുകളാണ് ഈ സമ്മേളനത്തിൽ പരിഗണിക്കുക. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർഒസി കണ്ടെത്തലുകൾ, അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, നവകേരള സദസ്സിനെ ചൊല്ലിയുള്ള വിവാദങ്ങൾ, പ്രതിപക്ഷ സമരങ്ങളോടുള്ള പൊലിസ് നടപടി അടക്കമുള്ള വിഷയങ്ങളും സഭയിൽ ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."