ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം. ബിഹാര്‍ സംസ്ഥാന നേതാക്കളെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. ബിഹാറില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആര്‍ജെഡിയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കവെയാണ് എന്‍ഡിഎയിലേക്ക് മടങ്ങാന്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ പടരുന്നത്.
നിതിഷ് കുമാറും ജെഡിയുവും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. എന്‍ഡിഎ മുന്നണിയിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് ജെഡിയു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിതിഷ് കുമാര്‍ എല്ലാ എംഎല്‍എമാരെയും പട്‌നയിലേക്ക് വിളിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ രൂപീകരിച്ച ശേഷം, നിലവിലെ സഭ പിരിച്ചുവിടാനും പുതിയ ജനവിധി തേടാനും നിതിഷ് ശുപാര്‍ശ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വര്‍ഷങ്ങളോളം എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്ന ജെഡിയു, നരേന്ദ്രമോദി പ്രധാനമന്ത്രിയായ 2014ലാണ് മുന്നണി വിട്ടത്. ശേഷം ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. തേജസ്വി യാദവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹാസഖ്യം വിട്ട് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ മുന്നണിയുമായുണ്ടായ പിണക്കത്തെ തുടര്‍ന്ന് വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് മടങ്ങിയേക്കുമെന്ന് അഭ്യൂഹം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."