HOME
DETAILS

ഭരണഘടനയാണ് ഗ്യാരണ്ടി

  
backup
January 26 2024 | 05:01 AM

republicdayartclelatestinfo

ദാമോദര്‍ പ്രസാദ്‌

ജനാധിപത്യത്തിന് ഭരണഘടനയാണ് ഗ്യാരണ്ടി. അവകാശബോധമുള്ള പൗരനെയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ലാഭാർഥിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുണഭോക്താവ് സർക്കാരിന്റെയോ ഭരണാധികാരിയുടെയോ ഉദാരതയ്ക്ക് പാത്രമാകുന്നു. സമതുല്യതയ്ക്ക് അടിവരയിടുന്ന ഭരണഘടന ഉറപ്പുതരുന്നതാണ് മൗലികാവകാശങ്ങൾ. ഇൗ അവകാശങ്ങളുടെ ഉറവിടമായ ജനങ്ങളുടെ പരമാധികാര പ്രഖ്യാപനത്തോടെയാണ് ഭരണഘടന ആരംഭിക്കുന്നത്- _"നമ്മൾ, ജനങ്ങൾ' എന്ന പ്രഖ്യാപനം.

ജനത്തിന്റെ കൂടെ നമ്മൾ എന്നു കൂട്ടിച്ചേർക്കപ്പെടുമ്പോൾ പ്രകടമാവുന്നത് ഇന്ത്യൻ ജനതയുടെ പലമയാണ്. ജനത്തിന്റെ പരമാധികാരത്തിൽ വിഘാതമുണ്ടാകുന്നത് "നമ്മൾ' "ജനം' എന്നതിന്റെ നിർവചിതഘടനയിൽ വിള്ളലുകൾ ഉണ്ടാകുമ്പോഴാണ്. "നമ്മളും' "ജന'വും വംശീയമായോ മതപരമായോ നിർവചിക്കുമ്പോൾ പരമാധികാരത്തിന്റെ സങ്കൽപവും അടിസ്ഥാനവും മാറുന്നു. ഭരണഘടനയിൽ ഒരു തിരുത്തും വരുത്താതെതന്നെ പ്രയോഗതലത്തിൽ ഘടനാപരമായ മാറ്റം സാധ്യമാകുന്നതോടെ ആദ്യം സംഭവിക്കുന്നത് മൗലികാവകാശങ്ങൾ ക്ഷയോന്മുഖമാകുന്നു എന്നാണ്. ഇതോടെ പൗരനെന്ന മൂർത്ത അസ്തിത്വത്തിന് അടിസ്ഥാനമില്ലാതാകുന്നു. അധികാരത്തിന്റെ ഉദാരതയുടെ ഭോക്താവാകുന്നതോടെ പരമാധികാരത്തിന്റെ ഉറവിടം ഭരണാധിപനാകുന്നു. രാജവാഴ്ചയാണ് ഇതിന്റെ ഉത്തമ മാതൃക.

ജനാധിപത്യത്തിൽ ഭരണകൂടത്തിൽ നിക്ഷിപ്‌തമായ ഉത്തരവാദിത്വമാണ് ക്ഷേമപ്രവർത്തനം. ഇത് ജനത്തിന്റെ അവകാശമാണ്. സമതുല്യത ഉറപ്പാക്കാനുമാണ് അവകാശം. എന്നാൽ ചങ്ങാത്ത മുതലാളിത്തം ഭരണവർഗ നയങ്ങൾക്ക് പ്രമാണമാകുന്നതോടെ സംഭവിക്കുന്നത് ജനത്തെ ഭോക്താവെന്ന നിലയിൽ കാണാൻ തുടങ്ങുന്നുവെന്നാണ്. ഭരണകൂടം നിയമപരമായ സാധൂകരണത്തിലൂടെയോ(പലപ്പോഴും) നിയമബാഹ്യമായോ മൂലധനശക്തികൾക്ക് പ്രീണനമായി വഴിവിട്ടുകൊണ്ടുള്ള ഇളവുകളും സഹായങ്ങളും സൗകര്യങ്ങളും ഉറപ്പുനൽകുന്നു. ഭരണാധികാരികൾ അടുപ്പം പുലർത്തുന്ന ഏതാനും മൂലധനശക്തികൾക്കാണ് ഈ പ്രയോജനം ലഭിക്കുന്നത്. തൽഫലമായി പരസ്പര സഹായക പുത്തൻ സാമ്പത്തികക്രമമാണ് വ്യവസ്ഥപ്പെടുന്നത്. നിയമപരമായി അനധികൃതമാണ് ഈ വ്യവസ്ഥ. സമ്പത്ത് ഏതാനും വ്യക്തികളിലേക്ക് പരിമിതപ്പെടുന്നുവെന്നു മാത്രമല്ല ഒലിഗോപോളിയിലേക്ക്(oligopoli) ഇതു നയിക്കുന്നു. അതായത് ഉൽപാദനവും വിപണിയും ചുരുക്കം ചിലർ നിയന്ത്രിക്കുന്ന അവസ്ഥ. സമ്പത്തിന്റെ കുന്നുകൂടൽ സാമൂഹിക അസമത്വത്തെ പെരുപ്പിക്കുന്നു. ഭരണഘടനയിൽനിന്ന് ഉരുവംകൊള്ളുന്ന നിയമങ്ങളുടെ നിഷേധമാണ് ഇവിടെ സംഭവിക്കുന്നത്. ഈ അക്രമവ്യവസ്ഥയെ സന്തുലനപ്പെടുത്താൻ പൗരർക്ക് ഒരു വിഹിതം നൽകൽ പൗരനെ ലാഭാർഥിയാക്കുകയാണ്.

ഭരണഘടന ജനത്തിന്റെ പരമാധികാരരേഖയെന്ന നിലയ്‌ക്കൊപ്പംതന്നെ പ്രായോഗികമായ സാമ്പത്തിക ലോകവീക്ഷണത്തെയും മുന്നോട്ടുവയ്ക്കുന്നു. ഈ വീക്ഷണത്തിന്റെ അടിസ്ഥാനം ക്ഷേമരാഷ്ട്രസങ്കൽപമാണ്. സാമൂഹികക്ഷേമ സങ്കൽപം ഭരണഘടന വിഭാവനം ചെയ്തതും ഉറപ്പുവരുത്തുന്നതും നിർദേശകതത്വങ്ങളുടെയും മൗലികാവകാശത്തിന്റെയും സവിശേഷ നിദർശനത്തിലൂടെയാണ്. ഈ തിരിച്ചറിവിൽ നിന്നാണ് സർക്കാരുകൾ ക്ഷേമപ്രവർത്തനത്തെ അന്വർഥമാക്കുന്ന നിയമനിർമാണങ്ങൾ നടത്തുന്നത്. നിയമങ്ങൾക്ക് ഭരണഘടനാപരമായ സാധുതനൽകിയും മൗലികാവകാശത്തിന്റെ പരിധിയിലേക്ക് ക്ഷേമപദ്ധതികളെ കൊണ്ടുവന്നുമാണ് സാമൂഹിക, സാമ്പത്തിക അവകാശങ്ങൾ ഭദ്രമാക്കുന്നത്. ഇതിനുവേണ്ടി നിർദേശകതത്വങ്ങളിലെ കാഴ്‌ചപ്പാടിനെ നിയമപരമായ വ്യവസ്ഥപ്പെടുത്തുകയുണ്ടായി. ഭരണഘടനയുടെ അടിസ്ഥാനത്തിൽ സർക്കാരുകൾ പൗരാവകാശത്തിനു സമശീർഷകമായി ക്ഷേമപദ്ധതി നിർവഹണത്തിനുള്ള നിയമങ്ങൾ നടപ്പാക്കുകയാണ്. അത് നടപ്പാക്കിയതിന്റെ നേട്ടം സർക്കാരുകൾ അവകാശപ്പെടുകയും തെരഞ്ഞെടുപ്പ് വേളയിൽ ജനത്തെ വോട്ടിന് സമീപിക്കുമ്പോൾ ക്ഷേമപ്രവർത്തനത്തിനു വ്യക്തമായ ഊന്നൽ നൽകുകയും ചെയ്യാറുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് അവർ നിർവഹിച്ചിരിക്കുന്നത് എന്നതാണ് ഇതിൽ അന്തർലീനമായ ആശയം.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റു ഭരണഘടനയുടെ അടിസ്ഥാനത്തിൽ സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾക്കുവേണ്ടി ആസൂത്രണം നടത്തിയിരുന്നെങ്കിലും നിയമപരമായി അതെന്തു സ്വഭാവമായിരിക്കണമെന്നു നിഷ്കർഷിച്ചില്ല. എങ്കിൽ തന്നെയും വിവാദപരമായ ഒന്നാം ഭരണഘടനാഭേദഗതിയിൽ സാമൂഹികമാറ്റത്തിന്റെ കാഴ്ചപ്പാടാണ് നെഹ്‌റു മുന്നോട്ടുവച്ചത്. നെഹ്റുവിന്റെ വിമർശകർ ഉയർത്തുന്ന വാദം അഭിപ്രായസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ നീക്കമെന്നായിരുന്നു. അക്കാലത്തെ സംവാദങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഇത് അവാസ്തവമാണെന്നു മനസിലാവും. സാമൂഹിക, സാമ്പത്തിക അവകാശങ്ങൾക്ക് ഭരണഘടനയാകണം ഉറപ്പെന്നുള്ളതിൽ ബി.ആർ അംബേദ്കറിന് വ്യക്തതയുണ്ടായിരുന്നു. മാധവ് കോസ് ലയുടെ "ഭരണഘടന ഇന്ത്യയുടെ ഉദ്ഘാടന മുഹൂർത്തം' എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പട്ടിണിയിൽനിന്നും കിടപ്പാടും നഷ്ടപ്പെടുന്നതിൽ നിന്നുമുള്ള മോചനവും മക്കളെ സ്കൂളിലേക്ക് അയയ്ക്കാതിരിക്കേണ്ട സ്ഥിതി ഒഴിവാക്കാനുമൊക്കെ മൗലികാവകാശപരമായ ഉറപ്പ് അനിവാര്യമാണ്. അല്ലാത്തപക്ഷം ജീവിക്കാനുള്ള തത്രപ്പാടുകൾക്ക് വ്യക്തിയുടെ അഭിമാനംതന്നെ അടിയറവയ്‌ക്കേണ്ടതായിവരും. ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം അടിസ്ഥാനപരമായ സാമൂഹിക, സാമ്പത്തിക അവകാശമായി മാറുന്നു. കിടപ്പാടമില്ലാത്തവർക്ക് കിടപ്പാടം നൽകണമെന്നുള്ള പ്രത്യേക നിർദേശം ഭരണഘടനയെ അടിസ്ഥാനമാക്കി കോടതികൾ ഉത്തരവാക്കിയിട്ടില്ല. എങ്കിൽ തന്നെയും ഭരണകൂടത്തിന്റെ ഉത്തരവാദിത്വ നിർവഹണത്തിന്റെ ഭാഗമായാണ് കിടപ്പാടമില്ലാത്തവർക്ക് അതുറപ്പാക്കാനുള്ള ക്ഷേമപദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ഈ കിടപ്പാടങ്ങൾക്കുമേൽ ഭരണാധികാരിയുടെ മുദ്ര ഉദാരതയുടെ അടയാളമാകുന്നു. ഭോക്താവ് ഇത് അംഗീകരിച്ചേക്കാം. എന്നാൽ ഒരു പൗരനെ സംബന്ധിച്ചടുത്തോളം അഭിമാനക്ഷതമാണത്.
എന്നാൽ കിടപ്പാടങ്ങൾക്കുമേൽ ഭരണകൂടത്തിന്റെ ബുൾഡോസറുകൾ കയറിയിറങ്ങുന്ന തികച്ചും നിയമബാഹ്യമായ അധികാരപ്രയോഗത്തിനാണ് സമകാലിക ഇന്ത്യ സാക്ഷ്യംവഹിക്കുന്നത്. ജനജീവിതത്തിനുനേരെ ബുൾഡോസറുകൾ ഉരുളാൻ തുടങ്ങുന്നത് അടിയന്തരാവസ്ഥക്കാലത്താണ്. സഞ്ജയ് ഗാന്ധിയുടെ കുപ്രസിദ്ധ തുർക്മാൻ ഗേറ്റ് മനോഹരമാക്കൽ പദ്ധതിയുടെ ഭാഗമായാണ് കിടപ്പാടങ്ങളെയും കച്ചവടസ്ഥാപനങ്ങളെയും നിരപ്പാക്കിയത്. മുസ് ലിം ജനവിഭാഗമാണ് ഈ നിർദയ വികസനപ്രക്രിയക്ക് ഇരയാക്കപ്പെട്ട വലിയൊരു ശതമാനം. ഭരണഘടനാദത്തമായ മൗലികാവകാശങ്ങൾ ഒരു വിഭാഗത്തിന് നിഷേധിക്കുകയെന്ന് മാത്രമല്ല ഇരയാക്കപ്പെടുന്ന ജനത്തിനുള്ള മുന്നറിയിപ്പ് എന്ന നിലയിലുമാണ് ബുൾഡോസർ അതിക്രമം ദൃശ്യപ്പെടുത്തുന്നത്.

തൊണ്ണൂറ്റിയൊന്നു മുതൽ നടപ്പാക്കുന്ന ഉദാരവൽക്കരണത്തിന്റെ ഘടനാപരമായ പരിഷ്കാരങ്ങൾ സാമൂഹികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു. സാർവത്രിക റേഷൻ സംവിധാനത്തിൽനിന്ന് ലക്ഷ്യകേന്ദ്രിത റേഷനിങ് ക്ഷേമപ്രവർത്തനത്തിന്റെ ഭാഗമായുള്ള പൊതുറേഷനിങ് സമ്പ്രദായത്തിനുമേൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. നവലിബറൽ പരിഷ്‌കാരങ്ങൾ ക്ഷേമരാഷ്ട്രപ്രവർത്തനങ്ങളുടെ പരിപൂർണ നിഷേധമാവുകയും അസമത്വവും ദാരിദ്ര്യവും വർധിക്കുന്നുവെന്ന ഘട്ടത്തിലുമാണ് യു.പി.എ സർക്കാർ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാൻ നിർബന്ധിതമാകുന്നത്. ഇതിൽനിന്ന് തീർത്തും വ്യതിരിക്തമായുള്ള സാമൂഹിക പദ്ധതികളാണ് 2014നുശേഷം അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്. പൊതുസമൂഹത്തിൽനിന്ന് ഉയർന്നുവന്ന അവകാശസമരങ്ങളോടുള്ള അനുഭാവപൂർവ സമീപനത്തിന്റെ ഫലമായിരുന്നു മൻമോഹൻസിങ് ഭരണക്കാലത്തു നടപ്പാക്കിയ ശ്രദ്ധേയമായ പല നിയമങ്ങളും. സർക്കാരിന്റെയോ പ്രധാനമന്ത്രിയുടെയോ വ്യക്തിഗത ഉറപ്പെന്നതിനേക്കാൾ ഭരണഘടനാപരമായ ഉൾക്കൊള്ളൽ ജനാധിപത്യത്തിനെ വികസ്വരമാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ളതായിരുന്നു അത്.

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയാണെങ്കിലും വിവരാവകാശം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസാവകാശം തുടങ്ങിയ നിയമങ്ങളും ഒപ്പംതന്നെ വികസനാവശ്യങ്ങൾക്ക് കിടപ്പാടവും ജീവസന്ധാരണ മാർഗങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള സാമ്പത്തിക പരിഹാരം ഉറപ്പുവരുത്തുന്ന നിയമങ്ങളും ക്ഷേമരാഷ്ട്രം സങ്കൽപനം ഉദാരവൽക്കരണനയത്തിൽ വരുത്തിയ തിരുത്തലുകളാണ്. ക്ഷേമരാഷ്ട്രപ്രവർത്തനങ്ങളെ മാത്രമല്ല വികസനപ്രക്രിയയെ തന്നെ കൂടുതൽ ജനാധിപത്യപരമാക്കുന്നതായിരുന്നു ഈ നിയമങ്ങൾ.
നരേന്ദ്ര മോദി സർക്കാരും സാമൂഹിക നയപരമായ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഭരണാധികാരിയുടെ മുദ്രചാർത്തിയ പദ്ധതികളായിരിക്കെ അവകാശാധിഷ്ഠിത (Rights- based approach) സമീപനത്തിന്റെ ഭാഗമായുള്ളതല്ല. സിംഗപ്പൂർ പോലുള്ള നവ മുതലാളിത്ത കിഴക്കനേഷ്യൻ രാജ്യങ്ങൾക്ക് സമാനമായി മുകളിൽനിന്ന് നടപ്പാക്കപ്പെടുന്ന നയപരമായ യോജനകളാണത്. കേന്ദ്രസർക്കാർ സാമൂഹിക നയപരമായ നടപടികൾ നടപ്പാക്കുമ്പോൾ തന്നെ ഏറെ അംഗീകരിക്കപ്പെട്ടതായി നടപ്പുപദ്ധതികൾക്കുള്ള വിഹിതം വെട്ടികുറയ്ക്കുകയും കാര്യക്ഷമമായി നടന്നിരുന്ന പരിപാടികൾ അവഗണിക്കപ്പെടുകയും ചെയ്തു. 2023-_24ൽ കാലയളവിലേക്കുള്ള ബജറ്റിൽ ധനമന്ത്രി തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 2021ലെ വകയിരുത്തിയ 1.11 ലക്ഷം കോടിയിൽ നിന്ന് 60000 കോടിയായി വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. ക്ഷേമപദ്ധതികൾ രാഷ്ട്രീയമായി ബ്രാൻഡ്‌ ചെയ്യപ്പെടുകയും പദ്ധതികൾ പ്രധാനമന്ത്രിയും ഗുണഭോക്താവായ പൗരനുമായുള്ള നേർബന്ധമായി വ്യവസ്ഥപ്പെടുകയും ചെയ്യുന്നു. നേതാവിനെ ഏക രക്ഷാധികാരിയായും ദാതാവായും ഉയർത്തിക്കാട്ടിക്കൊണ്ട് പൂജാവിഗ്രഹമാക്കി പ്രതിഷ്ഠിക്കുക്കുകയായിരുന്നു ലക്ഷ്യം. ഇതോടെ വ്യക്തിയുടെ കൈകളിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്നു. രാഷ്ട്രീയ പാർട്ടിയും നേതാവിന്റെ കീഴിലാകുന്നു. ഇത് ജനാധിപത്യത്തിനു ഹിതകരമല്ലെന്നു പ്രത്യേകം പറയേണ്ടതില്ല. ജനാധിപത്യത്തിനു അനിവാര്യമാകുന്നത് അവകാശാധിഷ്ഠിതമായ ഭരണഘടനയുടെ ഗ്യാരണ്ടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കവരൈപേട്ട ട്രെയിന്‍ അപകടം; 19 പേര്‍ക്ക് പരുക്ക്, 4 പേരുടെ നില ഗുരുതരം

National
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago