HOME
DETAILS

ചരിത്രത്തിൻ്റെ സാക്ഷ്യപത്രം

  
backup
January 26 2024 | 05:01 AM

abouthistory-velliprabhatham

തന്‍സീര്‍ ദാരിമി കാവുന്തറ

അനുപമ ചരിത്രപാരമ്പര്യവും സാംസ്കാരിക പൈതൃകവും ഇന്ത്യയുടെ സവിശേഷതയാണ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ കീർത്തിയും യശസും ഉയർത്തിയതിൽ പൈതൃകധാരയിലൂടെയുള്ള സഞ്ചാരത്തിനു വലിയ പങ്കുണ്ട്. രാജ്യത്തെ പൈതൃക നഗരികളും ചരിത്രസ്മാരകങ്ങളും സമ്പന്നമായ മുസ് ലിം ഭൂതകാലത്തെക്കുറിച്ചുള്ള മിഴിവുറ്റ ചിത്രങ്ങളാണ് നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ അറേബ്യൻ കച്ചവടക്കാരിലൂടെയും ഉത്തരേന്ത്യയില്‍ സാത്വികരായ സ്വൂഫിവര്യന്മാരിലൂടെയുമാണ് ഇസ് ലാം പ്രചരിച്ചത്. ഇസ് ലാമിന്റെ ആത്മീയചൈതന്യം ഇവിടത്തെ വിശ്വാസദർശനങ്ങൾക്ക് പുതുവെളിച്ചം പകര്‍ന്നു. മനുഷ്യസമത്വം, സാഹോദര്യം, സമാധാനം, നീതി തുടങ്ങിയ ഉന്നതമൂല്യങ്ങള്‍ ജനം അനുഭവിച്ചറിഞ്ഞു. ഇസ് ലാമിലെ ഏകദൈവ വിശ്വാസം ഇന്ത്യന്‍ ജനതയിൽ ആഴത്തില്‍ സ്വാധീനം ചെലുത്തിയതായി കെ.എം പണിക്കര്‍ നിരീക്ഷിക്കുന്നുണ്ട്(എ സർവേ ഓഫ് ഇന്ത്യൻ ഹിസ്റ്ററി).

സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളില്‍ പലയിടത്തും ഇസ് ലാമിലെ സമത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്: "സമത്വത്തിന്റെ ദൂതനാണ് മുഹമ്മദ്. മുഹമ്മദീയരില്‍ സമ്പൂര്‍ണമായ സമത്വവും സാഹോദര്യവും വേണമെന്ന് മുഹമ്മദ് ജീവിതത്തില്‍ കാണിച്ചു. അവിടെ വര്‍ഗത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ വര്‍ണത്തിന്റെയോ പ്രശ്നമുണ്ടായിരുന്നില്ല'(ക്രിസ്റ്റഫര്‍ ഇഷര്‍വുഡ്, ടീച്ചിങ് ഓഫ് വിവേകാനന്ദ). "ഇസ് ലാം അതിന്റെ അനുയായികളെ തുല്യരായി കാണുന്നു. പ്രായോഗികമായി തന്നെ ആ മതം അനുയായികളെ സഹോദരന്മാരായി കാണുന്നു. ഇതാണ് മുഹമ്മദന്‍ മതത്തിന്റെ മുഖ്യ ഭാഗം തന്നെ' എന്നും സ്വാമി പറഞ്ഞിട്ടുണ്ട്(കംപ്ലീറ്റ് വർക്സ് ഓഫ് വിവേകാനന്ദ - ഭാഗം -_2). മുസ് ലിംകള്‍ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന സമത്വ-സാഹോദര്യ സിദ്ധാന്തം ഹിന്ദുക്കളുടെ ഹൃദയത്തില്‍ ശക്തമായ പ്രതികരണം സൃഷ്ടിച്ചു എന്ന് നെഹ്റു രേഖപ്പെടുത്തിയിട്ടുണ്ട് (ഡിസ്ക്കവറി ഓഫ് ഇന്ത്യ, 335---_336).
ഭരണാധികാരികളുടെ ക്രാന്തദർശിത്വവും ഈ രാജ്യത്തെ വലിയതോതില്‍ പുരോഗതിയിലേക്ക് നയിച്ചു. ജാതിവൈകൃതങ്ങള്‍ക്കെതിരിലും സ്ത്രീവിരുദ്ധമായ അത്യാചാരങ്ങള്‍ക്കെതിരിലും മുസ് ലിം ഭരണാധികാരികള്‍ പ്രായോഗിക നടപടികള്‍ കൈക്കൊണ്ടു. അനേകം നാട്ടുരാജ്യങ്ങളായി വിഘടിച്ചും തമ്മിലടിച്ചും കഴിഞ്ഞുപോന്ന ഈ ഭൂപ്രദേശത്തെ ഒരു രാജ്യമെന്ന സങ്കല്‍പം നല്‍കി ഏകീകരിക്കുന്നതില്‍ മുസ് ലിം ഭരണാധികാരികള്‍ വഹിച്ച പങ്ക് അനൽപമാണ്.
"മുസ് ലിംകള്‍ നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുകയും നമ്മുടെ ഭരണത്തെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ വിദൂരവിഭാഗങ്ങളെ പരസ്പരം അടുപ്പിക്കുകയും ചെയ്തു. സാമൂഹിക ജീവിതത്തിലും സാഹിത്യ മണ്ഡലത്തിലും മുസ് ലിംകള്‍ ചെലുത്തിയ സ്വാധീനം ആഴമുള്ളതാണ്'(പട്ടാഭി സീതാരാമയ്യ ജയ്പൂരിലെ കോണ്‍ഗ്രസ് യോഗത്തില്‍ നടത്തിയ പ്രസംഗം). 'ഇസ് ലാമിന്റെയും വ്യത്യസ്ത ജീവിതശൈലികളും ഉയര്‍ന്ന ചിന്തകളുമുള്ള ജനവിഭാഗങ്ങളുടെയും ഇവിടേക്കുള്ള ആഗമനം ഇന്ത്യയുടെ വിശ്വാസത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അഫ്ഗാനികള്‍ ഇന്ത്യയില്‍ നേടിയ വിജയത്തിന് പല പ്രയോജനങ്ങളും ഉണ്ടായിരുന്നു. ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ ഒട്ടേറെ പരിവര്‍ത്തനങ്ങളുണ്ടായി. മുഗളര്‍ വന്നതോടെ പരിവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ആഴമുള്ളതാവുകയും ചെയ്തു. കാരണം മുഗളര്‍ അഫ്ഗാനികളെക്കാള്‍ സംസ്‌കാരമുള്ളവരും പുരോഗതി പ്രാപിച്ചവരുമായിരുന്നു. ഇറാന്റെ സവിശേഷ സൗന്ദര്യബോധം അവര്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ചു'(ഡിസ്ക്കവറി ഓഫ് ഇന്ത്യ 1/511).

ബ്രിട്ടിഷ് അധിനിവേശത്തിനുമുമ്പ് ക്ഷേമവും സമൃദ്ധിയും കളിയാടിയ നൂറ്റാണ്ടുകള്‍ രാജ്യത്ത് കഴിഞ്ഞുപോയിട്ടുണ്ട്. കേന്ദ്രീകൃതവും വ്യവസ്ഥാപിതവുമായ ഭരണസംവിധാനം വഴിയാണ് ഡല്‍ഹി സുത്താനേറ്റും മുഗളരും മറ്റും അത് സാധിച്ചത്. പോര്‍ച്ചുഗീസ്-_ഫ്രഞ്ച്-_ബ്രിട്ടീഷ് സാമ്രാജ്യത്വങ്ങളുടെ അധിനിവേശം ഇന്ത്യയെ മുടിച്ചപ്പോള്‍, മുസ് ലിം ഭരണാധികാരികള്‍ രാജ്യത്തെ നിഖിലമേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയായിരുന്നു.
13 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ച ഡല്‍ഹി സുത്താനേറ്റ്, മുഗള്‍ എംപയര്‍, ശര്‍ഖി സുല്‍ത്താനേറ്റ്, ബാഹ്മനി സുല്‍ത്താനേറ്റ്, ഡക്കാന്‍ സുല്‍ത്താനേറ്റ്, ലഖ്നൗവിലെ നവാബുമാര്‍, മൈസൂര്‍ സുല്‍ത്താനേറ്റ്, റാംപൂരിലെ നവാബുമാര്‍, ഹൈദരാബാദിലെ നൈസാമുമാര്‍, ബംഗാളിലെ നവാബുമാര്‍ തുടങ്ങിയവര്‍ രാജ്യവികാസത്തിന്റെയും ജനക്ഷേമത്തിന്റെയും കേന്ദ്രീകൃത ഭരണത്തിന്റെയും പുതിയ മാതൃകകള്‍ കാഴ്ചവയ്ക്കുകയായിരുന്നു. അവരില്‍ മഹാഭൂരിപക്ഷവും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും സുവര്‍ണ അധ്യായങ്ങള്‍ രചിച്ചവരാണ്. ആ കാലഘട്ടങ്ങളില്‍ പണിതുയര്‍ത്തിയ, ഇന്തോ-_ഇറാനിയന്‍-_മുഗള്‍ ശില്‍പ ചാതുരിയുടെ സൗന്ദര്യം തുളുമ്പുന്ന, സൗകര്യങ്ങളില്‍ മുമ്പില്‍ നില്‍ക്കുന്ന ചെറുതും വലുതുമായ കെട്ടിടങ്ങള്‍, നാഗരിക വികാസത്തിന്റെ മികച്ച ഉദാഹരണങ്ങളായി ഉത്തരേന്ത്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ആധുനിക ഇലക്ട്രിക്കല്‍ എയര്‍കണ്ടീഷന്‍ സംവിധാനങ്ങളെ വെല്ലുന്നതും അവയുടെ ദൂഷ്യങ്ങളില്ലാത്തതുമായ "എയര്‍കണ്ടീഷന്‍' ആ കെട്ടിടങ്ങളില്‍ പലതിന്റെയും സവിശേഷതയാണ്. ഭൂമിക്കടിയില്‍ കെട്ടിടങ്ങളുടെ തറകള്‍ക്കകത്തുകൂടി പ്രത്യേക രീതിയില്‍ വെള്ളം ഒഴുക്കിവിട്ട്, വലിയ കെട്ടിടമൊന്നാകെ പ്രകൃതിപരമായി തണുപ്പിച്ചെടുക്കുന്ന ആ പഴയ എൻജിനീയറിങ് ഇന്നും വിസ്മയ കാഴ്ചയാണ്.

വൈജ്ഞാനിക പുരോയാനത്തിന് മുസ് ലിംകള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. പുതിയ ഗ്രന്ഥങ്ങള്‍ രചിച്ചും അമൂല്യകൃതികള്‍ പരിഭാഷപ്പെടുത്തിയും പണ്ഡിതന്മാര്‍ക്ക് പ്രോത്സാഹനം നല്‍കിയും വിദ്യാലയങ്ങള്‍ സ്ഥാപിച്ചും അറിവിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടു. കൊട്ടാരങ്ങളോടു ചേര്‍ന്നും അല്ലാതെയും ഗ്രന്ഥശേഖരങ്ങളുണ്ടായി. പിന്നീട് വലിയ ലൈബ്രറികള്‍ തന്നെ മുസ് ലിംകള്‍ പണിതു.
ഉര്‍ദു ഭാഷയുടെ വളര്‍ച്ചയും വികാസവും വൈജ്ഞാനിക-സാഹിത്യ മേഖലകളില്‍ പുതിയ വഴി വെട്ടിത്തുറന്നു. ഹൈന്ദവ വേദഗ്രന്ഥങ്ങള്‍ ആദ്യമായി പരിഭാഷപ്പെടുത്തി പേര്‍ഷ്യന്‍, ഉര്‍ദു ഭാഷകളില്‍ ലഭ്യമാക്കിയത് മുസ് ലിംകളായിരുന്നു. ലണ്ടനിലെ പ്രഭുക്കളെക്കാള്‍ സമ്പന്നരായിരുന്നു ബംഗാള്‍ തലസ്ഥാനത്തെ ജനങ്ങള്‍ എന്ന് രേഖപ്പെടുത്തിയത് ബ്രിട്ടിഷ് ഗവര്‍ണറായിരുന്ന റോബര്‍ട്ട് ക്ലൈവാണ്. ഇന്ത്യാ ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ശ്രമങ്ങള്‍ ഒരുഭഗത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് ഇന്ത്യന്‍ മുസ് ലിം ഭരണാധികാരികളെക്കുറിച്ചുള്ള സത്യസന്ധമായ ചരിത്രരേഖകള്‍ മണ്ണിട്ടുമൂടാനുള്ള ഹീനശ്രമങ്ങള്‍ അഭംഗുരം നടക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago