മഹാരാജാസ് കോളജ് സംഘര്‍ഷത്തില്‍ നടപടി; 21 വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
മഹാരാജാസ് കോളജ് സംഘര്‍ഷത്തില്‍ നടപടി
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്ഥികള്ക്കെതിരേ നടപടി. എട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തേ 13 കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ 21 വിദ്യാര്‍ഥികളാണ് സസ്പെന്‍ഷനിലായിരിക്കുന്നത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശിക്കാന്‍ പാടില്ല.
കഴിഞ്ഞ 15 മുതല്‍ കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ആകെ 8 കേസുകളാണ് സെന്‍ട്രല്‍ പൊലീസ് എടുത്തിട്ടുള്ളത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ സംഭവത്തില്‍ 15 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മഹാരാജാസ് കോളജില്‍ കഴിഞ്ഞ രണ്ടു മാസമായി വിദ്യാര്‍ഥി സംഘര്‍ഷം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കോളജ് അധികൃതര്‍ എസ്.എഫ്.ഐ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന്
വിമര്‍ശനമുയര്‍ന്നിരുന്നു. ആദ്യഘട്ടത്തില്‍ കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് എതിരെ മാത്രമാണ് അധികൃതര്‍ നടപടിയെടുത്തിരുന്നത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."