യുഎഇ എസ്‌കെഎസ്എസ്എഫ് നാഷണല്‍ സര്‍ഗലയം നാളെ
ദുബൈ: പ്രവാസ ലോകത്തെ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കായി യുഎഇ എസ്‌കെഎസ്എസ്എഫ് നാഷണല്‍ കമ്മിറ്റി ഒരുക്കുന്ന കലാ-സാഹിത്യ മത്സരമായ സര്‍ഗലയം ദേശീയ തല മത്സരങ്ങള്‍ നാളെ (ഞായര്‍) രാവിലെ 8 മുതല്‍ രാത്രി 8 വരെ ദുബൈ അല്‍ഖൂസ് ഡ്യൂ വെയ്ല്‍ സ്‌കൂളില്‍ മര്‍ഹൂം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നഗറില്‍ നടക്കും.
യുഎഇയിലെ പത്തോളം സോണുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കുന്നത്. അമ്പത്തി അഞ്ച് ഇനങ്ങളിലായി സബ് ജൂനിയര്‍,ജൂനിയര്‍, ജനറല്‍ ഗ്രൂപ് മത്സരങ്ങളും ഉണ്ടാകും.
രാവിലെ 8 മണിക്ക് സോണ്‍ നേതാക്കളും മത്സരാര്‍ത്ഥികളും അണിനിരക്കുന്ന സര്‍ഗലയ പരേഡോടെയാണ് പരിപാടികള്‍ തുടങ്ങുക.
ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന്, ഏഴ് വേദികളിലായി മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, അറബി ഗാനം, കഥ പ്രസംഗം, കവിത, പ്രസംഗം, പ്രബന്ധം, ദഫ്, ബുര്‍ദ, ഗ്രൂപ് സോംങ് തുടങ്ങിയ വ്യത്യസ്ത മത്സര പരിപാടികള്‍ നടക്കും.
യുഎഇ നാഷണല്‍ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിക്ക് കീഴില്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് സര്‍ഗലയം നടത്തുന്നത്. മേഖലാ-ജില്ലാ സോണ്‍ തലങ്ങളില്‍ ഒന്നാമതെത്തിയ പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. സമാപന സമ്മേളനം എസ്‌കെഎസ്എസ്എഫ് നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ശുഐബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം ചെയ്യും. ദുബൈ സുന്നി സെന്റര്‍ വര്‍ക്കിംങ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ ദാരിമി അനുഗ്രഹ പ്രഭാഷണം നടത്തും. സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന്, മത്സര വിജയികള്‍ക്കും പ്രതിഭകള്‍ക്കും സമ്മാനദാനവും ഓവറോള്‍ കിരീടവും വിതരണം ചെയ്യും. യുഎഇയിലെ മത-സാമൂഹിക- സാംസ്‌കാരിക-മാധ്യമ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."