കരിപ്പൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് മാത്രം ഇരട്ടിയിലേറെ തുക; കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
കരിപ്പൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് മാത്രം ഇരട്ടിയിലേറെ തുക; കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് ഇരട്ടിയിലേറെ പണം നൽകേണ്ട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേര്‍ ഹജ്ജിന്ന് പോകുന്ന കരിപ്പൂരിൽ, മറ്റു വിമാനത്താവളങ്ങളെക്കാൾ ഇരട്ടിയിലേറെ യാത്രാ നിരക്ക് കൂട്ടി എയർ ഇന്ത്യക്ക് ടെണ്ടർ കൊടുത്ത കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം ഉയരുന്നത്. കരിപ്പൂരിൽ നിന്ന് ഇത്തവണ 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. കേന്ദ്ര സർക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിക്കപ്പെട്ടത്. എന്നാൽ, കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും 75,000 രൂപയ്ക്ക് ഹജ്ജിന് പോകാം.
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് എംബാർക്കേഷൻ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചാർജ്ജ് കൂടുന്നതോടെ ആളുകൾ കണ്ണൂരും കൊച്ചിയും തിരഞ്ഞെടുക്കും. ഇതുവഴി കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് എംബാർക്കേഷൻ അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 11556 തീർത്ഥാടകരാണ് ഹജ്ജ് നിർവഹിക്കാൻ പുറപ്പെട്ടത്. ഇതിൽ 7045 പേരും ഇവിടെ നിന്നാണ് യാത്ര തിരിച്ചത്. ഇത് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇടക്കാലത്ത് കരിപ്പൂരിൽ നിന്ന് ഒഴിവാക്കിയ എംബാർക്കേഷൻ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് പുനഃസ്ഥാപിച്ചത്.
മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂർ ജില്ലയിൽ നിന്നുള്ളവരെല്ലാം കരിപ്പൂരിനെ ആശ്രയിക്കുന്നുണ്ട്. പ്രത്യേകിച്ച് മലബാർ മേഖലയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള അവഗണനയാണ് ഇവിടെ നിന്ന് ഏർപ്പെടുത്തിയ ഉയർന്ന നിരക്ക്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കരിപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും സഊദി എയർലൈൻസുമാണ് സർവീസിന് ടെണ്ടർ നേടിയത്. ഇത്തവണത്തെ ഉയർന്ന നിരക്ക് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് കനത്ത ബാധ്യത വരുത്തും. 85,000 രൂപയോളം ഇവിടെ നിന്ന് പുറപ്പെടുന്നവർ അധികം നൽകേണ്ടി വരും. നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."