ഹജ്ജ് തീർത്ഥാടനം: ഉയർന്ന തുക ഈടാക്കി കരിപ്പൂരിനോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം: എസ്.വൈ.എസ്
ഹജ്ജ് തീർത്ഥാടനം: ഉയർന്ന തുക ഈടാക്കി കരിപ്പൂരിനോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണം: എസ്.വൈ.എസ്
കോഴിക്കോട്: കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജിന് പോകുന്ന കരിപ്പൂരിൽ നിന്നുള്ള യാത്രക്കാർക്ക് ഇതര എയർപ്പോർട്ടുകളേക്കാൾ ഇരട്ടിയോളം യാത്രാ നിരക്ക് കൂട്ടി എയർ ഇന്ത്യക്ക് ടെണ്ടർ കൊടുത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധവുമായി സുന്നി യുവജന സംഘം (എസ്.വൈ.എസ്). നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കരിപ്പൂർ എംബാർക്കേഷൻ പുന: സ്ഥാപിച്ചത്. വീണ്ടും അതിനെ ഞക്കിക്കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. പൊതുമേഖലാ സംരംഭങ്ങൾ തകർക്കുന്നതിൻ്റെ ഭാഗം കൂടിയാണിതെന്ന് സുന്നി യുവജന സംഘം മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ ആരോപിച്ചു.
കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള അവഗണന തന്നെയാണ് ഈ ഉയർന്ന നിരക്ക്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകർ പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം. കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 11556 തീർത്ഥാടകരാണ് ഹജ്ജ് തീർത്ഥാടനം നടത്തിയത്. ഇതിൽ 7045 പേരും കോഴിക്കോട് നിന്നാണ് യാത്രതിരിച്ചത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കൻഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ്. കോഴിക്കോട് നിന്ന് ഇത്തവണ 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിക്കപ്പെട്ടത്. കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും 75,000 രൂപയാണ് നിരക്ക്.
കോഴിക്കോട് നിന്നും എയർ ഇന്ത്യയും, കരിപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസിന് അർഹത നേടിയത്. ഇത്തവണത്തെ ഉയർന്ന നിരക്ക് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർക്ക് താങ്ങാൻ കഴിയുന്നതല്ല. നിരക്ക് കുറയ്ക്കണം. ഇതിനായി റീടെണ്ടർ നടത്തണം. ആവശ്യമെങ്കിൽ ഇതിനായി പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് എസ്.വൈ.എസ് പറഞ്ഞു.
എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ്, വെസ്റ്റ്, കോഴിക്കോട് ജില്ലകളുടെ അധ്യക്ഷരായ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് ടി.പി.സി.തങ്ങൾ, സി.എച്ച്. ത്വയ്യിബ് ഫൈസി, ജന. സെക്രട്ടറിമാരായ കെ.കെ.എസ്.തങ്ങൾ വെട്ടിച്ചിറ, നാസർ ഫൈസി കൂടത്തായി, സലീം എടക്കര എന്നിവർ ഇറക്കിയ സംയുക്ത പ്രസ്താവനയിലാണ് അവഗണന അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം നടത്തുമെന്നും അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."