മറാഠാ സംവരണം; പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍, സമരം അവസാനിപ്പിച്ചു
മറാഠാ സംവരണം; പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍, സമരം അവസാനിപ്പിച്ചു
മുംബൈ: മറാഠാ സംവരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായതോടെ നിരാഹാരസമരം അവസാനിപ്പിച്ച് സമരനേതാവ് മനോജ് ജരാങ്കെ പാട്ടീല്‍. സംവരണ ഓര്‍ഡിനന്‍സിന്റെ കരട് മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് സമരം അവസാനിച്ചത്. പിന്നാലെ പ്രക്ഷോഭകര്‍ ആഹ്ലാദപ്രകടനം നടത്തി.
മറാഠവിഭാഗത്തിന് വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുംബൈയില്‍ വെള്ളിയാഴ്ചയായിരുന്നു പാട്ടീല്‍ സമരം തുടങ്ങിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ പ്രക്ഷോഭമായിരുന്നു മറാത്ത സംവരണ പ്രക്ഷോഭം. സംവരണം നല്‍കുന്നതിന് സര്‍ക്കാരുകള്‍ മുന്‍പും നടപടി സ്വീകരിച്ചില്ലെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല.
കുറച്ചു കാലമായി കൃഷിത്തകര്‍ച്ചമൂലം സമുദായം വലിയ പ്രതിസന്ധി നേരിടുകയാണ്. അടുത്തിടെ സാമ്പത്തികമായി സമുദായം ഏറെ പിന്നോക്കാവസ്ഥയിലായതാണ് പ്രതിഷേധത്തിന് ചൂടുപിടിക്കാന്‍ കാരണം. മറാഠാക്കാരെ ഒ.ബി.സി ഉപ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സില്‍ ഉള്ളതെന്നാണ് സൂചന. 16 ശതമാനം മറാഠാ സംവരണം റദ്ദാക്കിയ സുപ്രിംകോടതി വിധി മറികടക്കുകയാണ് ലക്ഷ്യം. സംവരണം നടപ്പായാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ജോലി തുടങ്ങിയവയിലെല്ലാം ഇവര്‍ക്ക് പ്രാതിനിധ്യം കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."