ഇത് തീക്കളിയാണെന്ന് വി മുരളീധരന്, ഗവര്‍ണറുടെ സമനില തെറ്റിയെന്ന് വി ശിവന്‍കുട്ടി, ചിരിയിലൊതുക്കി മുഖ്യമന്ത്രി
ഇത് തീക്കളിയാണെന്ന് വി മുരളീധരന്, ഗവര്‍ണറുടെ സമനില തെറ്റിയെന്ന് വി ശിവന്‍കുട്ടി, ചിരിയിലൊതുക്കി മുഖ്യമന്ത്രി
കാസര്‍കോട്: എസ്.എഫ്.ഐക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുണ്ടകളാണെന്നും അവരിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപായപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്. ഇത് തീക്കളിയാണെന്ന് മുഖ്യമന്ത്രി മനസിലാക്കണം.ഭരണഘടനപരമായ ഉത്തരവാതിത്വം പാലിക്കാന്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു.ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമം.കൊല്ലത്തെ സംഭവം പൊലീസിന് മുന്‍കൂട്ടി അറിയാം.വേണ്ട മുന്‍കരുതല്‍ എടുത്തില്ല.ആവശ്യമായ സുരക്ഷ ഒരുക്കിയില്ല.വിയോജിക്കുന്നവരെ കായികമായി ആക്രമിച്ചു ഇല്ലാതാക്കാനുള്ള ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികരണം ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രി ചിരിയിലൊതുക്കി.
അതേസമയം, ഗവര്‍ണറുടെ സമനില തെറ്റിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ഗവര്‍ണര്‍ക്ക് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷ പൊലിസ് നല്‍കുന്നുണ്ട്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ പെരുമാറിയാല്‍ എന്താണ് ചെയ്യേണ്ടതെന്നും വി ശിവന്‍കുട്ടി ചോദിച്ചു. പ്രതിഷേധമൊക്കെ സാധാരണ നിലയില്‍ ഉണ്ടാകുന്ന ഒന്നല്ലെ. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ വരെ പ്രതിഷേധമുണ്ടാകാറുണ്ട്. ഇതൊക്കെ സാധാരണയാണ്. ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെയുണ്ടെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഗവര്‍ണര്‍ കേരളത്തിനെതിരായ വികാരം ഉണ്ടാക്കാനാണ് നോക്കുന്നത്. ദേശീയ വാര്‍ത്തയാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. തന്റെ പദവി പോലും നോക്കാതെയുള്ള പ്രകടനമാണ് നടത്തുന്നത്. കേരളത്തെ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നും ഇതുപോലൊരു ഗവര്‍ണറെ കണ്ടിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."