ലോകത്തിലെ മോശം ബിസിനസ് ക്ലാസ്സിൽ നാലാം സ്ഥാനം എയർ ഇന്ത്യക്ക്; ഏറ്റവും മികച്ചത് ഈ എയർലൈൻസ്, പട്ടിക പുറത്തുവിട്ടു
ലോകത്തിലെ മോശം ബിസിനസ് ക്ലാസ്സിൽ നാലാം സ്ഥാനം എയർ ഇന്ത്യക്ക്; ഏറ്റവും മികച്ചത് ഈ എയർലൈൻസ്, പട്ടിക പുറത്തുവിട്ടു
ന്യൂഡൽഹി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനിയായ എയർ ഇന്ത്യക്ക് നാണക്കേടിന്റെ നാലാം റാങ്ക്. മോശം ബിസിനസ് ക്ലാസ് ഉള്ള എയർലൈനുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ സർവേയിലാണ് എയർ ഇന്ത്യക്ക് നാലാം സ്ഥാനം. 10-ൽ 7.4 സ്‌കോർ നേടിയാണ് ഇന്ത്യയുടെ ബജറ്റ് എയർലൈൻ നാണക്കേടിന്റെ പട്ടികയിൽ ഇടം പിടിച്ചത്.
യുകെ ആസ്ഥാനമായുള്ള ഏജൻസിയായ ബൗൺസ് ആണ് ലോകത്തിലെ ഏറ്റവും മോശം ബിസിനസ് ക്ലാസ് ഉള്ള എയർലൈനുകൾ സർവേയിലൂടെ വെളിപ്പെടുത്തിയത്. ക്യാബിൻ, സീറ്റ് സൗകര്യം, വിമാന സർവീസ്, വിനോദം, സൗകര്യങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള എയർലൈനുകളെ റാങ്ക് ചെയ്തത്.
റാങ്കിംഗ് അനുസരിച്ച്, എയർ ഇന്ത്യ 10 പോയിൻ്റിൽ 7.4 നേടി, ലോകത്തിലെ ഏറ്റവും മോശം ബിസിനസ്സ് ക്ലാസ് ഉള്ള നാലാമത്തെ എയർലൈനായി. ഈജിപ്ത് എയർ (5.71) ആണ് ഒന്നാം സ്ഥാനത്ത്. കോപ്പ എയർലൈൻസ് (6.71), കുവൈറ്റ് എയർവേയ്‌സ് (7) എന്നിവയാണ് തങ്ങളുടെ വിമാനങ്ങളിൽ ഏറ്റവും മോശം ബിസിനസ് ക്ലാസ് ഉള്ള രണ്ടും മൂന്നും സ്ഥാനത്തുള്ള എയർലൈനുകൾ.
എയർ ഇന്ത്യയുടെ ക്യാബിൻ സീറ്റുകളാണ് ബിസിനസ് ക്ലാസ് സൗകര്യങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നമെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു. ക്യാബിൻ സീറ്റുകൾക്ക് 6/10 സ്‌കോറാണ് ലഭിച്ചത്. ബാക്കിയുള്ള സേവനങ്ങളായ ഇൻ-ഫ്ലൈറ്റ് വിനോദം, പാചകരീതി, എയർപോർട്ട് അനുഭവം, പാനീയങ്ങൾ എന്നിവയ്ക്ക് 7/10 ലഭിച്ചു.
നേരത്തെ, സർക്കാർ പോതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യയെ ഈയിടെയാണ് ടാറ്റ ഏറ്റെടുത്തത്. നിലവിൽ വളർച്ചയുടെ പാതയിലേക്ക് ചുവട് എടുത്ത് വെക്കുകയാണ് എയർ ഇന്ത്യ എന്നതിനാൽ ഈ തിരിച്ചടി അവരെ ബാധിക്കില്ല. എയർ ഇന്ത്യ നിലവിൽ 40 ലെഗസി ബോയിംഗ് 787, 777 വിമാനങ്ങൾ ഉയർന്ന നിലവാരത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയാണ്. 2024 ജൂലൈയിൽ സീറ്റുകളും വിനോദ സംവിധാനങ്ങളും പൂർണ്ണമായും മാറ്റിസ്ഥാപിക്കുന്നു. 41 എ320 വിമാനങ്ങളുടെ നവീകരണവും ആരംഭിക്കുന്നു. എയർ ഇന്ത്യ ലോഞ്ചുകൾ നവീകരിക്കുന്നതിനായി ലോകപ്രശസ്ത ഹോസ്പിറ്റാലിറ്റി ഇൻ്റീരിയർ ഡിസൈൻ സ്ഥാപനമായ ഹിർഷ് ബെഡ്‌നർ അസോസിയേറ്റ്‌സുമായി (എച്ച്‌ബിഎ) എയർലൈൻ പ്രവർത്തിക്കുന്നു.
അതേസമയം, എയർലൈനുകളുടെ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് സൗകര്യങ്ങളും ബൗൺസ് ഏജൻസി റാങ്ക് ചെയ്തിട്ടുണ്ട്. 9.57/10 സ്‌കോറോടെ സിംഗപ്പൂർ എയർലൈൻസ് ഒന്നാം സ്ഥാനത്തും ഖത്തർ എയർവേയ്‌സ് (9.43), ഒമാൻ എയർ (9.29) എന്നിവർ അടുത്ത സ്ഥാനങ്ങളിലുമെത്തി.
ബിസിനസ് ക്ലാസ് സേവനങ്ങളെ അടിസ്ഥാനമാക്കി എയർപോർട്ടുകളും റാങ്ക് ചെയ്തിട്ടുണ്ട്. ലണ്ടനിലെ ഹീത്രൂ എയർപോർട്ട് 7.60/10 ആയി ചാർട്ടിൽ ഒന്നാമതെത്തി. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (7.09) രണ്ടാം സ്ഥാനത്തും ജർമനിയിലെ മ്യൂണിക്ക് വിമാനത്താവളം (6.99) മൂന്നാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."