ഒാർമകൾ ഉണ്ടായിരിക്കണം
pk parakkadavu
നീഗ്രോകൾഅരുമയായവർ, ഇണക്കമുള്ളവർ
വഴങ്ങുന്നവർ, വിനയമുള്ളവർ, ദയയുള്ളവർ;
അവരുടെ മനംമാറുന്ന ദിനം
കരുതിയിരിക്കുക.
പരുത്തിച്ചെടികളിലെ കാറ്റ്
ഇളംമാരുതൻ-
അത് മരങ്ങളെ കടപുഴക്കുന്ന
മണിക്കൂറുകളെ
കരുതിയിരിക്കുക.
(താക്കീത്_-ലാങ്സ്റ്റൺ ഹ്യൂസിന്റെ ആഫ്രോ_അമേരിക്കൻ കവിത)
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എൻ.എസ് മാധവന്റെ ഏറെ പ്രശസ്തമായ കഥ ‘തിരുത്ത്’ ഇക്കഴിഞ്ഞ ആഴ്ച, പലരുടെയും സംഭാഷണങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ നിറഞ്ഞുനിന്നിരുന്നു. ചുല്യാറ്റ് കുനിഞ്ഞുനിന്ന് മേശപ്പുറത്ത് പരത്തിവച്ച പ്രധാന വാർത്തയ്ക്ക് തലക്കെട്ടായി കംപ്യൂട്ടറിൽ ടൈപ് ചെയ്തിരുന്ന ‘തർക്കമന്ദിരം തകർത്തു’ എന്നതിലെ ആദ്യവാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ച് പല തവണ വെട്ടി. എന്നിട്ട് വിറയ്ക്കുന്ന കൈകൊണ്ട് പാർക്കിൻസൺസിന്റെ ലാഞ്ചന കലർന്ന വലിയ അക്ഷരങ്ങളിൽ വെട്ടിയ വാക്കിന്റെ മുകളിൽ എഴുതി; ‘ബാബരി മസ്ജിദ്’.
പള്ളി പൊളിച്ചിടത്ത് ക്ഷേത്രം പണിതപ്പോൾ നമ്മുടെ എത്ര ചുല്യാറ്റുമാർ പത്രങ്ങളിലെ തലക്കെട്ടുകൾ സൂക്ഷ്മമായി എഴുതാനുള്ള നിർദേശം കൊടുത്തു എന്ന് കണ്ടറിയണം. ഒരു പത്രം കൊടുക്കുന്ന തലക്കെട്ടിൽ രാഷ്ട്രീയമുണ്ട്. ഒരു സംഭവത്തെ എങ്ങനെയാണ് പത്രമാധ്യമങ്ങളും ചാനലുകളുമൊക്കെ നോക്കിക്കാണുന്നത് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വാഴുന്നവനെ വാഴ്ത്തുന്ന പത്രമാധ്യമങ്ങളാണ് ഇന്നേറെയും.
മതവും രാഷ്ട്രവും രാഷ്ട്രീയവും തമ്മിലെ അതിർവരമ്പ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വെട്ടിനിരപ്പാക്കുന്നതിന്റെ കാഴ്ചകളാണ് അയോധ്യയിൽ കണ്ടത്.
പല പത്രമാധ്യമങ്ങളും അഴകൊമ്പൻ നയം സ്വീകരിച്ചപ്പോൾ നിവർന്നുനിന്ന് സത്യം പറഞ്ഞത് മലയാളത്തിലെ വലിയ എഴുത്തുകാരൻ ടി. പത്മനാഭനായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിൽപനച്ചരക്കായി ശ്രീരാമനെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. ‘വച്ചയുടൻ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണ്. ശ്രീരാമന്റെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്പരം കണ്ടുമുട്ടുമ്പോൾ ജയ്ശ്രീരാം വിളിച്ച് അഭിവാദ്യം ചെയ്തില്ലെങ്കിൽ കുത്തിക്കൊല്ലുന്ന രാജ്യമായി ഇന്ത്യ മാറി. പാർലമെന്റ് തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കുമ്പോൾ വലിയ തുറുപ്പുചീട്ട് ശ്രീരാമന്റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കും. ഏറ്റവും വലിയ ശ്രീരാമഭക്തൻ ഗാന്ധിയായിരുന്നു. ജീവിതത്തിൽ അദ്ദേഹം ഒരു ഇന്ത്യൻ സിനിമയേ കണ്ടിട്ടുള്ളൂ. അത് വിജയഭട്ടിന്റെ ‘രാമരാജ്യ’മായിരുന്നു. ഇഷ്ടദൈവമായ ശ്രീരാമനെക്കുറിച്ചായതുകൊണ്ടാണത്. അന്ത്യശ്വാസം വലിക്കുമ്പോൾ ഉച്ചരിച്ചത് ‘ഹേ റാം’ എന്നാണ്’-_ടി. പത്മനാഭൻ പറഞ്ഞു.
ഈ രാജ്യം ഇങ്ങനെയൊക്കെ ആയതിൽ ഫാസിസ്റ്റ് ചിന്താഗതിക്കാർ മാത്രമല്ല ഉത്തരവാദികൾ. അവർക്കെതിരേ നിലപാടെടുക്കാൻ ഭയപ്പെടുന്ന പത്രമാധ്യമങ്ങൾ കൂടി ഇതിന് കാരണക്കാരാണ്.
മതപുരോഹിതന്മാരാണ് ഇത്തരം ചടങ്ങുകൾക്ക് നേതൃത്വം നൽകേണ്ടത്. ഇന്ത്യൻ പ്രധാനമന്ത്രി മോദിയും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും യു.പി മുഖ്യമന്ത്രി ആദിത്യനാഥും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തപ്പോൾ അതൊരു വോട്ടുപ്രതിഷ്ഠയായി മാറി എന്നത് കേവലം സത്യംമാത്രം. പ്രഭാതത്തിൽ നാം ചായയോടൊപ്പം വായിക്കുന്ന എത്ര പത്രങ്ങൾ ഇത് വിളിച്ചുപറയാനുള്ള ആർജവം കാട്ടിയെന്ന് ചിന്തിക്കണം.
മതങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന അപകടം നാം തിരിച്ചറിയണം. വിദ്വേഷ പ്രചാരണങ്ങൾ ഒരുഭാഗത്ത് നിന്നും ഉണ്ടാവരുത്.
എല്ലാവരെയും വിചാരണ ചെയ്യുന്ന പത്രങ്ങളും ചാനലുകളും സ്വയം വിമർശനം നടത്താൻ സമയമായി. പത്രപ്രവർത്തനരംഗത്ത് നമ്മുടെ നാട്ടിൽ ധീരമായ നിലപാടെടുക്കുന്ന, ഇടിമുഴക്കമുള്ള തലക്കെട്ടുകളിലൂടെ സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച, ദി ടെലഗ്രാഫ് എഡിറ്റർ അറ്റ് ചാർജ് ആർ. രാജഗോപാൽ ഒരു അഭിമുഖത്തിൽ പറയുന്നു _‘പ്രശസ്ത പത്രപ്രവർത്തകൻ സിയാഉസ്സലാമിന്റെ ‘ബീയിങ് മുസ്‌ലിം ഇൻ ഹിന്ദു ഇന്ത്യ’ എന്ന പുസ്തകം വായിച്ചു തീരുമ്പോൾ കാഴ്ച മറക്കുംവിധം എന്റെ കണ്ണീർ പൊടിഞ്ഞിരുന്നു. കണ്ണീരുണങ്ങിയതോടെ, ഒരു പത്രപ്രവർത്തകനെന്ന നിലയിൽ എന്റെ പരാജയത്തെക്കുറിച്ചോർത്ത് എന്നിൽ ലജ്ജ ഇരച്ചുകയറി. സിയാഉസ്സലാം ഈ പുസ്തകത്തിൽ പറയുന്ന അനേകം വസ്തുതകളിൽ പലതും അറിയുന്നതിലും പറയുന്നതിലും ഓർക്കുന്നതിലും പരാജയപ്പെട്ട ഞാനെന്ന പത്രപ്രവർത്തകനോടുള്ള കടുത്ത അജ്ഞതയാണ് ഈ വായനയുടെ അവസാനത്തിൽ എന്നെ ഗ്രസിച്ചത്’.
ലോകപ്രശസ്ത ഫലസ്തീൻ കവി മഹ്മൂദ് ദർവീഷിന്റെ ഒരു കവിതയിലെ വരികളുണ്ട്.
‘കാറ്റ് ഞങ്ങളുടെ ആദിയും
അന്ത്യവും ചൊല്ലിത്തരും
ഞങ്ങളുടെ വർത്തമാനം ചോരയൊലി
പ്പിക്കുകയാണെങ്കിലും
ഞങ്ങളുടെ നാളുകൾ ഐതിഹ്യത്തിന്റെ
ചാരം മൂടിക്കിടക്കുകയാണെങ്കിലും’
അതുകൊണ്ട് സത്യം ധീരമായി തുറന്നുപറയാൻ നമ്മുടെ പത്രമാധ്യമങ്ങൾക്ക് കഴിയേണ്ടതുണ്ട്. അതവർ പറഞ്ഞില്ലെങ്കിലും വർത്തമാനകാലത്ത് സത്യം ജനങ്ങൾ അറിയാതെ പോവില്ല.
കഥയും കാര്യവും
അധികാരത്തോടുള്ള മനുഷ്യരുടെ പോരാട്ടമെന്നത് മറവിക്കെതിരേ ഓർമ നടത്തുന്ന പോരാട്ടമാണ്_-മിലൻ കുന്ദേര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."