ബിഹാറില്‍ വന്‍ രാഷ്ട്രീയനാടകം: നിതീഷ് കുമാര്‍ ഇന്ന് രാജിവച്ചേക്കും, അല്ലെങ്കില്‍ RJD മന്ത്രിമാരെ പുറത്താക്കും; മാഞ്ചിയെ മുഖ്യമന്ത്രിയാക്കി ബദല്‍നീക്കവുമായി ലാലു
പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഹാറില്‍ വന്‍ രാഷ്ട്രീയനാടകത്തിന് കളമൊരുക്കി മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് തിരിച്ചുപോകാനുള്ള നീക്കത്തില്‍. സംസ്ഥാനത്തെ ജെ.ഡി.യു- ആര്‍.ജെ.ഡി- കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് നിതീഷിന് പിന്തുണകൊടുത്ത് പുതിയ സര്‍ക്കാരിനെ പ്രതിഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം അവസാന ഘട്ടത്തിലെത്തിയതോടെ ബദല്‍നീക്കവും തുടങ്ങി. നിതീഷ് കുമാര്‍ ഇന്ന് രാവിലെ രാജിവച്ചേക്കുമെന്ന് ജെ.ഡി.യു വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട്‌ചെയ്തു. നിതീഷിനൊപ്പം കോണ്‍ഗ്രസ് എം.എല്‍.എമാരും കൂറുമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജിവയ്ക്കാതെ ആര്‍.ജെ.ഡി മന്ത്രിമാരെ പുറത്താക്കാനുള്ള പദ്ധതി നിതീഷിനുണ്ടെന്നും സൂചനയുണ്ട്. പകരം ബി.ജെ.പി നേതാക്കളെ മന്ത്രിമാരാക്കും.
ബഹുതലത്തില്‍ കരുനീക്കങ്ങള്‍ തകൃതിയായതോടെ കോണ്‍ഗ്രസ്, ബി.ജെ.പി, ജെ.ഡി.യു, ആര്‍.ജെ.ഡി കക്ഷികള്‍ പ്രത്യേകം എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തു. രാഷ്ട്രീയ അട്ടിമറി സംബന്ധിച്ച് കക്ഷികളൊന്നും പരസ്യപ്രതികരണം നടത്തിയിട്ടില്ല. അതേസമയം, പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ സത്യമില്ലെന്നാണ് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് ഉമേഷ് സിങ് കുശ്‌വാഹ പ്രതികരിച്ചത്.
നിതീഷ് എന്‍.ഡി.എയിലേക്ക് പോകുകയാണെങ്കില്‍ അധികാരം നഷ്ടമാകാതെ നോക്കാനുള്ള തന്ത്രങ്ങളുമായി എതിര്‍ ക്യാംപും സജീവമാണ്. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതിന്‍ റാം മാഞ്ചിയെ എന്‍.ഡി.എയില്‍നിന്ന് അടര്‍ത്തിമാറ്റി മുഖ്യമന്ത്രി പദവി വാഗ്ദാനംചെയ്ത് കൂടെ നിര്‍ത്താന്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും നീക്കം നടത്തുന്നുണ്ട്. ഇതിന് കോണ്‍ഗ്രസ് പിന്തുണയമുണ്ട്. നിതീഷിന്റെ കൂടെയുള്ള എം.എല്‍.എമാരെ വരുതുയിലാക്കാനുള്ള നീക്കവും ഇതോടൊപ്പം നടക്കുന്നു. സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആര്‍.ജെ.ഡി ആവശ്യപ്പെടാനും സാധ്യതയുണ്ട്.
ബിഹാറിലെ ഭരണമുന്നണിയിലെ വിള്ളല്‍ പ്രകടമാക്കി വെള്ളിയാഴ്ചത്തെ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്നില്‍ നിതീഷ് തനിച്ചാണ് പങ്കെടുത്തത്. ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് വിരുന്നിനെത്തിയില്ല.
പുതിയ സാഹചര്യത്തില്‍ ലാലു പ്രസാദ് യാദവ്, നിതീഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. നേരത്തെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണിക്കാന്‍ സോണിയാഗാന്ധി വിളിച്ചപ്പോഴും നിതീഷ് ഫോണെടുത്തരുന്നില്ല.
ഒരുകാലത്ത് എന്‍.ഡി.എയുടെ ഭാഗമായിരുന്ന നിതീഷ് മോദിയെ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുന്നണി വിടുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കും ഒപ്പംബിഹാറില്‍ വിശാലസഖ്യം ചേര്‍ന്ന് മുഖ്യമ്‌നത്രിയായി. ഇതിനിടെ വീണ്ടും മുന്നണി പിളര്‍ത്തി ബി.ജെ.പിയുടെ സഹായത്തോടെ മുഖ്യമന്ത്രിയായി. ശേഷം വീണ്ടും വിശാലമതേതരചേരി രൂപീകരിച്ച് മുഖ്യമന്ത്രി. ഇതിനിടെയാണ് വീണ്ടും സംഘ്പരിവാര്‍ ആലയത്തിലേക്ക് പോകാന്‍ നില്‍ക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളില്‍ ഒരാളായി പരിഗണിക്കപ്പെട്ട പേരായിരുന്നു നിതീഷിന്റെത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."