ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ഈ ഗൾഫ് നഗരം; ആദ്യ ആറിൽ നാലും ഈ രാജ്യത്ത്
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ഈ ഗൾഫ് നഗരം; ആദ്യ ആറിൽ നാലും ഈ രാജ്യത്ത്
അബുദാബി: 2024-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഒന്നാം സ്ഥാനത്തെത്തി. ഓൺലൈൻ ഡാറ്റാബേസ് ആയ നംബിയോ (Numbeo) ആണ് സുരക്ഷിത നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. യുഎഇയിലേ അജ്മാൻ, ദുബൈ, റാസൽഖൈമ എന്നീ മൂന്ന് എമിറേറ്റുകൾ ആഗോളതലത്തിൽ മികച്ച ആറ് നഗരങ്ങളിൽ ഇടംപിടിച്ചു. 2017 മുതൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പേര് അബുദാബിയ്ക്ക് സ്വന്തമാണ്.
സുരക്ഷാ സൂചികയിൽ ഏറ്റവും മികച്ചതും (86.8) കുറ്റകൃത്യങ്ങളുടെ തോതിൽ അവസാനവുമാണ് (13.1) അബുദാബി. 82.2 കുറ്റകൃത്യ സൂചികയും 17.8 സുരക്ഷയുമായി തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിലെ കാരക്കാസാണ് ഏറ്റവും മോശം സ്കോർ ചെയ്തത്. ഒരു നിശ്ചിത നഗരത്തിലോ രാജ്യത്തിലോ ഉള്ള കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള കണക്കാണ് ക്രൈം ഇൻഡക്സ്. നംബിയോ അതിൻ്റെ കുറ്റകൃത്യ സൂചികയിൽ 329 നഗരങ്ങളെ റാങ്ക് ചെയ്തു.
"20-ൽ താഴെയുള്ള കുറ്റകൃത്യങ്ങളുടെ തോത് വളരെ താഴ്ന്നതും, 20-നും 40-നും ഇടയിലുള്ള കുറ്റകൃത്യങ്ങളുടെ തോത് കുറവും, 40-നും 60-നും ഇടയിൽ മിതമായതും, 60-നും 80-നും ഇടയിൽ ഉയർന്നതും, 80-ൽ കൂടുതൽ കുറ്റകൃത്യങ്ങളുടെ തോത് വളരെ ഉയർന്നതും ആയി ഞങ്ങൾ കണക്കാക്കുന്നു," നംബിയോ വെബ്സൈറ്റ് പറയുന്നു.
“സുരക്ഷാ സൂചിക കുറ്റകൃത്യ സൂചികയ്ക്ക് വിപരീതമാണ്. നഗരത്തിന് ഉയർന്ന സുരക്ഷാ സൂചികയുണ്ടെങ്കിൽ, അത് വളരെ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. 331 നഗരങ്ങൾ ഉൾക്കൊള്ളുന്ന സുരക്ഷാ സൂചികയെക്കുറിച്ച് നുംബിയോ പറഞ്ഞു.
മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലും പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ജീവിതനിലവാരം ഉയർത്തുന്നതിലും എമിറേറ്റിൻ്റെ ആഗോള നേതൃത്വത്തെയാണ് എട്ടാം തവണയും നഗരത്തിൻ്റെ ഏറ്റവും സുരക്ഷിതമായ റാങ്ക് പ്രതിഫലിപ്പിക്കുന്നതെന്ന് അബുദാബി പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂയി അഭിപ്രായപ്പെട്ടു.
നംബിയോ റിപ്പോർട്ട് പ്രകാരം ആദ്യ പത്തിൽ ആറ് നഗരങ്ങളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവയാണ്. ലോകത്തിലെ സുരക്ഷിതമായ നഗരങ്ങളിൽ മൂന്നാം സ്ഥാനത്ത് ദോഹയും, നാല് - ദുബൈയും, അഞ്ച് - അജ്മാനും, ആറാം സ്ഥാനത്ത് റാസ് അൽ-ഖൈമയും, ഏഴാം സ്ഥാനത്ത് മസ്‌കത്തും ഇടപിടിച്ചു.
ആദ്യ പത്തിൽ ഇടം പിടിച്ച നഗരങ്ങൾ
1. അബുദാബി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് 86.8
2. തായ്‌പേയ്, തായ്‌വാൻ 84.4
3. ദോഹ, ഖത്തർ 84.0
4. ദുബൈ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് 83.5
5. അജ്മാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് 83.5
6. റാസ് അൽ-ഖൈമ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് 83.3
7. മസ്‌കത്ത്, ഒമാൻ 80.2
8. ഹേഗ്, നെതർലാൻഡ്സ് 79.9
9. ബേൺ, സ്വിറ്റ്സർലൻഡ് 79.5
10. മ്യൂണിക്ക്, ജർമ്മനി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."