ക്ഷേമപെന്‍ഷന്‍ ഔദാര്യമല്ലെന്ന് പ്രതിപക്ഷം, താളം തെറ്റിച്ചത് കേന്ദ്രമെന്ന് ധനമന്ത്രി; അടിയന്തര പ്രമേയം തള്ളി, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം പുറത്തേക്ക്
ക്ഷേമപെന്‍ഷന്‍ ഔദാര്യമല്ലെന്ന് പ്രതിപക്ഷം, താളം തെറ്റിച്ചത് കേന്ദ്രമെന്ന് ധനമന്ത്രി; അടിയന്തര പ്രമേയം തള്ളി, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം പുറത്തേക്ക്
തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ക്ഷേമപെന്‍ഷന്‍ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങി കിടക്കുകയാണ്. ഇത് മൂലം കോഴിക്കോട് ചട്ടിക്കപ്പാറയില്‍ ജോസഫ് എന്ന ആള്‍ ആത്മഹത്യ ചെയ്തു. കത്തിന് പുറമെ മരുന്നിന്റെ കവറിന് പുറത്തും ജോസഫ് ആത്മഹത്യ കുറിപ്പെഴുതി. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് ആത്മഹത്യയിലേക്ക് വഴിവെച്ചത്.
ക്ഷേമപെന്‍ഷന്‍ കൃത്യമായി നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുന്നില്ല. ഇത് കാരണം സംസ്ഥാനത്ത് ആത്മഹത്യ ഉണ്ടാകുന്നു. ജനങ്ങള്‍ ദുരിതത്തിലാണ്. യു.ഡി.എഫ് കാലത്ത് ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ത്തതിന്റെ രേഖകള്‍ ഹാജരാക്കാന്‍ വിഷ്ണുനാഥ് ധനമന്ത്രിയെ വെല്ലുവിളിച്ചു.
അതേസമയം, ക്ഷേമ പെന്‍ഷന്‍ താളം തെറ്റിച്ചത് കേന്ദ്ര സര്‍ക്കാറാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി സഭയെ അറിയിച്ചു. കേന്ദ്രം വെട്ടിയ തുക തന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ തുക തന്നാല്‍ പെന്‍ഷന്‍ 2,500 രൂപയാക്കാന്‍ സാധിക്കും. വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചട്ടിക്കപ്പാറയിലെ ജോസഫ് നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങിയ നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ്. പെന്‍ഷന്‍ കൊടുക്കരുതെന്ന വാദം ഉന്നയിച്ചത് അന്നത്തെ യു.ഡി.എഫ് നേതാക്കളാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പ്ലക്കാര്‍ഡുമായാണ് നിയമസഭയിലെത്തിയത്. നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുമ്പില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു. ധനമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതോടെ സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങി. പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി പുറത്തിറങ്ങി പ്രതിഷേധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."