കണ്ണ് തുറക്കാതെ സർക്കാർ; എൻഡോസൾഫാൻ ദുരിതബാധിതർ ഇന്ന് വീണ്ടും സമരം തുടങ്ങുന്നു
കണ്ണ് തുറക്കാതെ സർക്കാർ; എൻഡോസൾഫാൻ ദുരിതബാധിതർ ഇന്ന് വീണ്ടും സമരം തുടങ്ങുന്നു
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതർ ഇന്ന് മുതൽ വീണ്ടും സമരം തുടങ്ങുന്നു. എൻഡോസൾഫാൻ ദുരിതബാധിതരായി മെഡിക്കൽ ക്യാമ്പുവഴി കണ്ടെത്തിയ 874 പേർക്ക് ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങുന്നത്. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ലിസ്റ്റിൽ നിന്ന് സർക്കാർ ഒഴിവാക്കിയ 1031 തിരിച്ചെടുക്കണമെന്ന ആവശ്യവും സമരത്തിന്റെ മുഖ്യ ആവശ്യമാണ്.
2017 ഏപ്രിലിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി 1905 ദുരിതബാധിതരെ കണ്ടെത്തിയിരുന്നു. ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി പ്രദേശങ്ങളിൽ നടത്തിയ ക്യാമ്പിലാണ് ഇത്രയും പേരെ ദുരിതബാധിതരായി കണ്ടെത്തിയത്. പുനരധിവാസ സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ 1905 ദുരിതബാധിതരുടെ അന്തിമ ലിസ്റ്റ് തയാറാക്കി അവതരിപ്പിക്കാൻ തയ്യാറായിരുന്നു. എന്നാൽ ഇത് സർക്കാർ തടഞ്ഞു. ശേഷം 1905 പേരുടെ പട്ടികയിൽ നിന്ന് വെട്ടിച്ചുരുക്കി പട്ടിക 287 ആയി സെല്ലിൽ അവതരിപ്പിച്ചു. പിന്നീട് പ്രതിഷേധത്തെ തുടർന്ന് 76 പേരെ കൂട്ടിച്ചേർത്തു.
2019 ജനുവരി 30 മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുമ്പിൽ അമ്മമാർ നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടർന്ന് 1905 ൽ പെട്ട 18 വയസിൽ താഴെയുള്ള കുട്ടികളെ പരിശോധനകളൊന്നും നടത്താതെ ലിസ്റ്റിൽ പെടുത്താനും ബാക്കിയുള്ളവരുടെ മെഡിക്കൽ വിവരങ്ങൾ പരിശോധിച്ച് അർഹരെ ഉൾപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിൽ താഴെയുള്ള 511 കുട്ടികളെ കൂടി ലിസ്റ്റിൽപെടുത്തി. ഇതോടെ ലിസ്റ്റിൽപ്പെട്ടവരുടെ എണ്ണവും 874 ആയി. എന്നാൽ, ബാക്കി 1031 പേർ അപ്പോഴും പുറത്താക്കപ്പെട്ടു. ഇവരുടെ കാര്യത്തിൽ പിന്നീട് യാതൊരു നടപടികളുമുണ്ടായില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് മുതൽ സമരം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."