മരുന്നുകളില്ല; ഗസ്സയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചു പൂട്ടുന്നു
മരുന്നുകളില്ല; ഗസ്സയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചു പൂട്ടുന്നു
ഗസ്സ: മരുന്നുകള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഗസ്സയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചു പൂട്ടുന്നു. തെക്കന്‍ ഗസ്സയിലെ റഫ, ഖാന്‍ യൂനിസ് സിറ്റികളിലെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചു പൂട്ടുന്നതായി മിഡില്‍ ഈസ്റ്റ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ റഫയില്‍ താമസിക്കുന്നവരുടെ എണ്ണം നാലിരട്ടിയായതായാണ് കണക്കുകള്‍ പറയുന്നത്.
ഒസ്റ്റിയോപോറോസിസ് രോഗിയായ തന്റെ മാതാവിന് മരുന്ന് നല്‍കിയിട്ട് എത്രയോ നാളായെന്ന് 25കാരനായ ഖാന്‍യൂനിസ് സ്വദേശി പറയുന്നു. ആഴ്ചയില്‍ നല്‍കേണ്ട മരുന്നാണ്. യുദ്ധം തുടങ്ങിയ സമയത്ത് മരുന്നുകള്‍ ലഭ്യമായിരുന്നു.എല്ലാം പെട്ടെന്ന് അവസാനിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അവസാനിച്ചില്ല. മാത്രമല്ല. ഇസ്‌റാഈല്‍ നാലു ഭാഗത്തു നിന്നും ഉപരോധങ്ങള്‍ ശക്തമാക്കുകയും ചെയ്തു. മരുന്നന്വേഷിച്ച് റഫയിലും പോയി. എന്നാല്‍ മൂന്നാഴ്ചയായി തനിക്ക് മരുന്ന് ലഭിച്ചിട്ടില്ല. അദ്ദേഹം പറയുന്നു. തന്റെ മാതാവിന് തുടര്‍ച്ചയായ മരുന്നും ചികിത്സയും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഡയബറ്റിക് രോഗിയായ ഫൈസ (62)യും തനിക്ക് ആവശ്യമായ ചികിത്സയും മരുന്നും ലഭിക്കാത്തത് ചൂണ്ടിക്കാട്ടുന്നു. എവിടേയും മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നതായി കാണുന്നില്ല. അവര്‍ പറയുന്നു. യുദ്ധം തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് അവര്‍ കാലിന് സര്‍ജറിക്ക് വിധേയയായത്. എന്തുകൊണ്ടാണ് അവര്‍ ഗസ്സയിലേക്ക് മരുന്നുകള്‍ പോലും അനുവദിക്കാത്തത്. ഞങ്ങളെ കൊന്നൊടുക്കുകയാണോ അവരുടെ ഉദ്ദേശം- ഫൈസ ചോദിക്കുന്നു.
ആശുപത്രികളിലും ഇതേ അവസ്ഥയാണ്. ഭീകരമായ രീതിയില്‍ അവിടേയും മരുന്നുകളുടെ ക്ഷാമം അനുഭവിക്കുന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജബലി ക്യാംപിലെ താമസക്കാരനായിരുന്ന സിയാദ് പറയുന്നു. വടക്കന്‍ ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍ കുറേ നാള്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വേദന സംഹാരികളല്ലാതെ ഒന്നും ലഭിക്കുന്നില്ല. പുറത്തുള്ള ചികിത്സക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ 95 ശതമാനം മരുന്നുകളും ഇല്ലാത്ത അവസ്ഥയാണ് ആശുപത്രി നേരിടുന്നതെന്ന് യൂറോപ്യന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍അക്കാദ് പറയുന്നു. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, അനസ്‌തെറ്റിക്‌സ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായ മരുന്നുകള്‍, വൃക്കരോഗികള്‍ക്കും നഴ്‌സറികള്‍ക്കും ആവശ്യമായ മറ്റ് സുപ്രധാന മരുന്നുകള്‍ തുടങ്ങിയ അവശ്യ മരുന്നുകളുടെ ഗുരുതരമായ ക്ഷാമം അദ്ദേഹം എടുത്തുപറഞ്ഞു.
'ഗുരുതരമായ പരിക്കുകള്‍ വരെ അടിസ്ഥാന വേദനസംഹാരികള്‍ മാത്രം ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്റിബേയോട്ടിക്കുകള്‍ ഇല്ലാത്തത് ഭീകരമായ അപകടത്തിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് യഥാര്‍ത്ഥ ആരോഗ്യ ദുരന്തമാണ്. അദ്ദേഹം ആവര്‍ത്തിച്ചു.
ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ ഇതുവരെയായി 26,422 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തില്‍ 65,087പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാണാതായ 8000ത്തിലധികം ആളുകള്‍ മരിക്കുകയോ കെട്ടിയാവശിഷ്ടങ്ങള്‍ കുടുങ്ങിയതോ ആവാമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."