അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ
അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ
കൊച്ചി: അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തില്‍ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളില്‍ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം.
2018ല്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനടക്കം മൂന്ന് പേരെ വെട്ടിക്കൊന്ന കേസിലാണ് പ്രതി ബാബു അറസ്റ്റിലാകുന്നത്. കൊലപാതകം, കൊലപാതക ശ്രമം എന്നിവ ഉള്‍പ്പെടെ ആറ് കുറ്റങ്ങളാണ് പ്രതിക്കെതിരെ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.
കൊല നടത്തിയതിന് ശേഷം പ്രതിക്കുണ്ടായ മാറ്റങ്ങള്‍ പരിശോധിക്കാന്‍ ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ടും കോടതി പരിഗണിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മൂത്ത സഹോദരന്‍ അറക്കല്‍ വീട്ടില്‍ ശിവന്‍ (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്തമകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്റെ ഭാര്യ സ്മിത (30) എന്നിവരെയാണ് ബാബു വെട്ടിക്കൊന്നത്. 2018 ഫെബ്രുവരി 12നായിരുന്നു സംഭവം.
അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. കൊലപാതകത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ബാബുവിനെ നാട്ടുകാരും, പൊലിസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."