പുതിയ നിക്ഷേപം സ്വീകരിക്കരുത്; പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ആര്‍ബിഐ വിലക്ക്
പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ആര്‍ബിഐ വിലക്ക്
പേടിഎം പേയ്‌മെന്റ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. പുതിയ നിക്ഷേപം സ്വീകരിക്കല്‍,ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയ്ക്കാണ് വിലക്ക്. മാര്‍ച്ച് ഒന്ന് മുതലാണ് ഇത് ബാധകമാകുക എന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
2024 ഫെബ്രുവരി 29 ന് ശേഷം ബാങ്കിന്റെ പരിധിയിലുള്ള ഉപഭോക്തൃ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍ എന്നിവയില്‍ പുതിയ നിക്ഷേപങ്ങളോ ടോപ്പ്അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ നടത്തുന്നതില്‍ നിന്നാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയിരിക്കുന്നത്.
സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്നും ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം പലിശ, ക്യാഷ് ബാക്ക്, റീഫണ്ട് എന്നിവ ഏത് സമയത്തും ക്രെഡിറ്റ് ചെയ്യാവുന്നതാണ്. നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് പണം കൈമാറ്റത്തിന് തടസ്സമില്ല.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള അക്കൗണ്ടുകളില്‍ നിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ ബാലന്‍സ് ഉള്ള തുക പിന്‍വലിക്കാനോ ഉപയോഗിക്കാനോ ഉപഭോക്താക്കള്‍ക്ക് അനുമതിയുണ്ടെന്നും കേന്ദ്രബാങ്ക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."