HOME
DETAILS

എയർ ഇന്ത്യ തീർഥാടകരെയും പിഴിയുന്നു!

  
backup
February 01 2024 | 00:02 AM

air-india-overprice-hajj-pilgrims-ticket

കേരളത്തിൽനിന്ന് ഏറ്റവും അധികംപേർ ഹജ്ജിന് പോകുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള അനുഭവങ്ങൾ ഓരോ തീർഥാടകൻ്റെയും ഉള്ളുപൊള്ളുന്ന തുടർക്കഥകളാകുന്നത് സങ്കടകരമാണ്. ആത്മാവും ശരീരവും ഒന്നിക്കുന്ന അവാച്യമായ നിമിഷത്തെക്കുറിച്ചുള്ള ഓർമകളാൽ നിറയേണ്ട യാത്രാ മുന്നൊരുക്കവേളയിൽ പക്ഷേ, വിമാനടിക്കറ്റിനെക്കുറിച്ചുള്ള ആധിക്കും ആശങ്കയ്ക്കും ഇടംനൽകിയത് ഖേദകരം തന്നെയെന്ന് പറയാതിരുന്നുകൂടാ. കോഴിക്കോട് വിമാനത്താവളം വഴി ഹജ്ജിന് പോകുന്ന തീർഥാടകരുടെ വിമാന ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അനിശ്ചിതത്വത്തിന് ഇതുവരെ കൃത്യമായ പരിഹാരമായിട്ടില്ല.


ഹജ്ജ് യാത്രാക്കൂലി കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ പറയുന്നുണ്ടെങ്കിലും എത്ര കുറയുമെന്ന കാര്യത്തിലൊന്നും വ്യക്തതയില്ല. ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളെ ശമിപ്പിക്കാൻ മാത്രമാവരുത് ഈ ഉറപ്പുപറച്ചിൽ. ടിക്കറ്റ് നിരക്കിൽ 40,000 രൂപയുടെ ഇളവ് നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ നിരക്ക് കുറയ്ക്കൽ പ്രഖ്യാപനം വലിയ ആശ്വാസത്തിന് വകയുണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട് വിവിധതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ മറ്റു രണ്ടു വിമാനത്താവളത്തിൽ നിന്നുമുള്ള അതേ നിരക്കിലേക്ക് ഇതുവരെ കരിപ്പൂരിനെയും എത്തിക്കാനായിട്ടില്ല. ഇപ്പോഴുള്ള ടെൻഡർ റദ്ദാക്കി പുതിയ വിമാനക്കമ്പനികൾക്കുകൂടി ടെൻഡറിൽ പങ്കെടുക്കാൻ കഴിഞ്ഞാലേ നിരക്കിളവ് തീർഥാടകർക്ക് ഗുണകരമാകുന്ന വിധത്തിലാകൂ.


സമസ്ത പോലുള്ള സംഘടനകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഹജ്ജ് വെൽഫെയർ അസോസിയേഷനും ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പല സംഘടനകളും പ്രതിഷേധ സമരത്തിലേക്കും കടന്നിട്ടുണ്ട്. കേന്ദ്രത്തിൽ സമ്മർദം ചെലുത്തിയുള്ള അടിയന്തര പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്. പകരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മേൽ കുറ്റം ആരോപിക്കുകയല്ല വേണ്ടത്.


കരിപ്പൂരിൽനിന്ന് അമിതനിരക്ക് ഇടാക്കി ഹജ്ജ് സർവിസ് നടത്താനുള്ള എയർ ഇന്ത്യയുടെ ടെൻഡർ വിവരം പുറത്തായതോടെയാണ് ഹജ്ജ് യാത്രികരുടെ ആശങ്കയ്ക്ക് തുടക്കമായത്. കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നുള്ളതിനേക്കാൾ 79,000 രൂപ അധികമാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ഈ വർഷം ഹജ്ജ് ടെൻഡറിൽ കരിപ്പൂർ എംബാർക്കേഷൻ പോയിന്റിൽനിന്ന് നൽകിയിരിക്കുന്നത്. നെടുമ്പാശേരി, കണ്ണൂർ എന്നിവിടങ്ങളിൽനിന്ന് സഉൗദി എയർലൈൻസും കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസുമാണ് ഹജ്ജ് സർവിസിന് ടെൻഡർ നൽകിയത്. ഇതിൽ എയർ ഇന്ത്യ എക്‌സ്പ്രസ് 1,65,000 രൂപയാണ് വിമാനടിക്കറ്റായി കാണിച്ചിരിക്കുന്നത്.

മറ്റ് വിമാന കമ്പനികൾ ആരും കരിപ്പൂരിൽനിന്ന് ടെൻഡർ നൽകിയിട്ടില്ല. കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് 86,000 രൂപയാണ് സഉൗദി എയർലൈൻസ് നൽകിയിരിക്കുന്നത്. 79,000 രൂപയുടെ മാറ്റമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ തമ്മിലുള്ളത്. കഴിഞ്ഞ വർഷം എയർ ഇന്ത്യ എക്‌സ്പ്രസ് 1,20,000 രൂപയാണ് കരിപ്പൂരിൽനിന്ന് ഈടാക്കിയത്. കണ്ണൂർ, നെടുമ്പാശേരി എന്നിവിടങ്ങളിൽ നിന്ന് 1,21,000 രൂപയും. സഉൗദി എയർലൻസ് മുൻ വർഷത്തേക്കാൾ 42,000 രൂപ കുറവ് വരുത്തിയപ്പോൾ 45000 രൂപ അധികമാണ് കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കാനൊരുങ്ങുന്നത്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനനിരക്ക് റീ ടെൻഡറിൽ കുറച്ചില്ലെങ്കിൽ കരിപ്പൂർ ഹജ്ജ് സർവിസ് പ്രതിസന്ധിയിലാകുമെന്ന കാര്യത്തിൽ സംശയമില്ല. തീർഥാടകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം മാത്രമല്ല,

കരിപ്പൂരിന്റെ ഭാവിയെ തന്നെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ഇവിടെനിന്ന് ഹജ്ജിന് പുറപ്പെടാൻ അനുമതി തേടിയ തീർഥാടകൾ വിമാനനിരക്ക് കുറവുള്ള നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരും. കരിപ്പൂർ ഹജ്ജ് എംപാർക്കേഷൻ പോയിന്റ് നൽകിയ തീർഥാടകർ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. തീർഥാടകർ കൈവിട്ടാൽ കരിപ്പൂരിന്റെ എംപാർക്കേഷൻ പോയന്റിനെയാവും ബാധിക്കുക. അത് വിമാനത്താവളത്തിന്റെ ചിറകരിയാനാണ് ഇടയാക്കുക.


എയർ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ചാർജ് കുറക്കുകയോ റീടെൻഡർ വിളിച്ച് മറ്റ് കമ്പനികൾക്കുകൂടി സർവിസ് ആരംഭിക്കാനാവുന്ന തരത്തിൽ മാറ്റം വരുത്തുകയോ ആണ് പ്രശ്‌നത്തിനുള്ള പരിഹാരം. ഇതിന് സംസ്ഥാന സർക്കാരും എം.പിമാരും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം.


റീ ടെൻഡർ ക്ഷണിച്ചാൽ നേരത്തെ ഹജ്ജ് സർവിസ് നടത്തിയിരുന്ന ഫ്‌ളൈ നാസും നിലവിൽ മറ്റു വിമാനത്താവളങ്ങളിൽനിന്ന് സർവിസ് നടത്തുന്ന ഇൻഡിഗോ, സ്‌പെയ്‌സ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികളും ടെൻഡറിൽ പങ്കെടുത്തേക്കും. ഇതോടെ നിരക്ക് കുറച്ച് ടെൻഡറിൽ പങ്കെടുക്കാൻ എയർ ഇന്ത്യ നിർബന്ധിതമാകും.
കരിപ്പൂരിൽ 2002ൽ ഹജ്ജ് സർവിസിന് എയർ ഇന്ത്യ ജെംബോ വിമാനമാണ് എത്തിച്ചിരുന്നത്. വിദേശ വിമാന കമ്പനികളും അന്താരാഷ്ട്ര പദവിയും ലഭിക്കുന്നതിന് മുമ്പാണിത്. തുടർന്ന് 2020 വരെ വലിയ വിമാനങ്ങൾ സർവിസ് നടത്തിയിരുന്നു. എന്നാൽ കരിപ്പൂരിൽ വിമാനം അപകടത്തിൽ പെട്ടതോടെ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഇത് ഹജ്ജ് സർവിസിനും തിരിച്ചടിയായി. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള അനുമതി ലഭിച്ചാൽ മാത്രമേ ഇത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാകൂവെന്നത് മറക്കരുത്. ഇതിന് സാങ്കേതികമായി ഒരു തടസവും നിലവിലില്ലെങ്കിലും കരിപ്പൂരിനെ തളർത്താനുള്ള നീക്കങ്ങൾ പിന്നിലുണ്ട് എന്നുതന്നെയാണ് വിചാരിക്കാവുന്നത്. തീർഥാടകരെ പിഴിഞ്ഞ്, കൊള്ളലാഭം കൊയ്യാമെന്ന വിമാന കമ്പനിയുടെ ദുരാഗ്രഹത്തിനൊപ്പമാകരുത് ഇരു സർക്കാരുകളും.

കരിപ്പൂർ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ യശസുയർത്തുന്ന വിമാനത്താവളമാണ്. സൗകര്യങ്ങളുടെയും ലാഭത്തിന്റെയും പട്ടികയിലും മുമ്പിലാണ്. അതിനാൽ കരിപ്പൂരിനെ തളർത്തുന്ന ഒന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയുമരുത്; തീർഥാടകരെ അതിന്റെ പേരിൽ പ്രയാസപ്പെടുത്തുകയും അരുത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  20 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago