കേന്ദ്ര ബജറ്റ്: ഹെല്‍ത് കെയറില്‍ ജിഡിപി വിഹിതം 5% ആയി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു -ഡോ. ആസാദ് മൂപ്പന്‍
ദുബൈ: ഇടക്കാല കേന്ദ്ര ബജറ്റ് ദരിദ്രര്‍, കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി ബഹുജനങ്ങളുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നുവെന്നത് സന്തോഷകരമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. ബജറ്റ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 50 വര്‍ഷത്തെ പലിശ രഹിത വായ്പകള്‍ക്കായി ഒരു ലക്ഷം കോടി രൂപ അനുവദിച്ചതിലൂടെ, ഇന്ത്യയില്‍ ഇപ്പോള്‍ അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ് സംസ്‌കാരത്തെ അത് പ്രോത്സാഹിപ്പിക്കും. ഈ നീക്കം ഇന്നത്തെ യുവാക്കളെ സംരംഭകരാവാന്‍ പ്രചോദിപ്പിക്കും. അവരുടെ വളര്‍ച്ചയ്‌ക്കൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും.
ഹെല്‍ത് കെയറില്‍ ജിഡിപി വിഹിതം കുറഞ്ഞത് 5% ആയി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പുതിയ സര്‍ക്കാരിന്റെ കീഴില്‍ ഈ വര്‍ഷം ജൂലൈയില്‍ പ്രഖ്യാപിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിന് രാജ്യത്തെ എല്ലാ ജില്ലകളിലും കൂടുതല്‍ ആശുപത്രികള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇത് പരിഹരിക്കുന്നതിന് പൊതു, സ്വകാര്യ പങ്കാളിത്തത്തില്‍ (പിപിപി) ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുവെന്നും, എല്ലാ മാതൃ-ശിശു ആരോഗ്യ സംരക്ഷണവും ഒരു പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുമ്പോള്‍ പിപിപി മോഡല്‍ അത്യന്താപേക്ഷിതമായി വരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
നിലവിലുള്ള ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി കേള്‍ക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. നാളത്തെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അവരുടെ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളിലെ പ്രൊഫഷണലുകളെ പോലെ അത്യാധുനിക മെഡിക്കല്‍ വൈദഗ്ധ്യ രംഗത്തും, സാങ്കേതിക വിദ്യകളിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ പരിഷ്‌കരണവും ഇപ്പോള്‍ അടിയന്തിരമായി നടപ്പാക്കേണ്ട ആവശ്യമാണ്.
ഇന്ദ്ര ധനുഷ് മിഷന് കീഴിലുള്ള കുട്ടികള്‍ക്കും ഗര്‍ഭാശയ അര്‍ബുദത്തിന് പെണ്‍കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള ശക്തമായ പ്രേരണ രാജ്യത്ത് പ്രതിരോധ പരിചരണ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും. സാംക്രമികവും സാംക്രമികമല്ലാത്തതുമായ രോഗങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."