ആറാം ബജറ്റ് അടയാളപ്പെടുത്തുന്നത്
ഡോ. രാജേഷ് കേണോത്ത്
ഇന്ത്യയിൽ നവലിബറൽ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത് 1991ലെ ധനകാര്യമന്ത്രി ഡോ. മൻമോഹൻ സിങ്ങാണ്. ഈ പരിഷ്കാരങ്ങളിൽനിന്ന് തിരിച്ചുപോക്ക് അസാധ്യമാകുംവിധം രാജ്യം ഇന്ന് മാറിയിരിക്കുന്നു. ദേശീയ വരുമാന വളർച്ചാ നിരക്കിൽ ചില വർഷങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇന്ത്യ മുന്നേറുകതന്നെയായിരുന്നു. ആ മുന്നേറ്റം 2047 എത്തുമ്പോഴേക്കും വികസിത രാജ്യമാക്കി മാറ്റുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
വാസ്തവത്തിൽ, 58 മിനുട്ട് മാത്രം നീണ്ട തന്റെ ആറാം ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ, 2014 മുതലുള്ള ഭരണനേട്ടങ്ങളും ഇനിയുള്ള അഞ്ചുവർഷത്തെ വികസന സ്വപ്നങ്ങളും പങ്കുവയ്ക്കാനാണ് കൂടുതൽ സമയം ചെലവഴിച്ചത്. വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി മുൻകൂട്ടി പറഞ്ഞിരുന്നെങ്കിലും തെരഞ്ഞെടുപ്പും 2019ലെ അനുഭവവും മുന്നിലുണ്ടായിരുന്നതിനാൽ അത് ആരും മുഖവിലയ്ക്കെടുത്തിരുന്നില്ല. നിരീക്ഷകർ പലതും പ്രതീക്ഷിച്ചു.
മോദി സർക്കാരിന്റെ കീഴിൽ ഏറ്റവും കൂടുതൽ നടന്നത് റോഡ്, റെയിൽവേ തുടങ്ങിയവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ്. ഇത്തവണ റയിൽവേക്കും റോഡ് വികസനത്തിനും മാത്രമായി 5.33 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഇന്ത്യയുടെ ആളോഹരി പ്രതിശീർഷ അടിസ്ഥാന സൗകര്യ മൂലധനം, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും വളരെ കുറവാണെന്നു തിരിച്ചറിഞ്ഞാൽ മാത്രമേ ഈ മേഖലയിലെ മൂലധനനിക്ഷേപത്തെ നമുക്ക് കൃത്യമായി വിലയിരുത്താൻ സാധിക്കുകയുള്ളു. പ്രസ്തുത നിരക്ക്, ഇന്ത്യയിൽ വെറും 91 ഡോളറും ജപ്പാൻ, അമേരിക്ക, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളിൽ യഥാക്രമം 1124, 938, 622 , 256 ഡോളറുമാണ്.
അമൃതകാലവും വികസിതഭാരതവും യാഥാർഥ്യമാകണമെങ്കിൽ അടിസ്ഥാനസൗകര്യങ്ങളിൽ ഏറെ പണം ചെലവഴിക്കേണ്ടതുണ്ടെന്ന സർക്കാരിന്റെ തിരിച്ചറിവ് നല്ലതാണ്. മൂന്ന് പ്രധാന റെയിൽവേ ഇടനാഴികളും നാൽപതിനായിരം കോച്ചുകൾ വന്ദേഭാരത് ട്രെയിനുകളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നതും മെട്രോ പദ്ധതികളും വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നതുമെല്ലാം കാലോചിതമാണ്. ടൂറിസം, പാർപ്പിടം, എണ്ണക്കുരുക്കൾ, മത്സ്യബന്ധനം, പാൽ, തുടങ്ങി പല മേഖലകളെക്കുറിച്ചും ധനമന്ത്രി ബജറ്റിൽ പരാമർശിച്ചത് പ്രസ്തുത മേഖലകൾക്ക് പ്രതീക്ഷ നൽകുന്നു.
സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള കാർബൺ ബഹിർഗമനം ഒഴിവാക്കാനുള്ള നടപടികൾ ഈ ബജറ്റിലും തുടരുന്നു. 2070 ഓടെ ആ ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മേൽക്കൂരയിലെ സൗരോർജ ഉൽപ്പാദനമൊക്കെ പ്രഖ്യാപനംപോലെ നടന്നുകഴിഞ്ഞാൽ നന്ന്.
ബജറ്റ് പ്രസംഗത്തിൽ രണ്ടിടത്ത് വ്യത്യസ്‍ത രീതികളിൽ കാസ്റ്റ്(ജാതി) എന്ന പദം ഉപയോഗിച്ചത് ശ്രദ്ധിക്കാനിടയായി. സാമൂഹികക്ഷേമം പറയുമ്പോൾ എല്ലാ ജാതിയിലുള്ളവർക്കും ശാക്തീകരണം ഉറപ്പിക്കുമെന്ന് പറയുന്നു. മറ്റൊരിടത്ത് സമർഥമായി, നാല് ജാതിയിലാണ് നാം ശ്രദ്ധിക്കേണ്ടതെന്ന കാര്യം പ്രധാനമന്ത്രി പറഞ്ഞെന്ന് പറയുന്നുണ്ട്. അവിടെ ജാതിയെന്ന് ഉദ്ദേശിച്ചത് ദരിദ്രൻ, സ്ത്രീ, ചെറുപ്പക്കാർ, കർഷകർ എന്നിവരാണ്. ജാതിയും ഒരു രാഷ്ട്രീയായുധമാക്കി ഉപയോഗിക്കുന്ന പാർട്ടി ഈ വാക്ക് യാദൃച്ഛികമായി പ്രയോഗിച്ചതാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. സാമൂഹികക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളെക്കാൾ കൂടുതൽ അവകാശവാദങ്ങളാണ്.
25 കോടി ജനങ്ങൾ ബഹുമുഖ ദാരിദ്ര്യത്തിൽനിന്ന് പുറത്തുകടന്നെന്ന് ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. നമ്മുടെ ദാരിദ്ര്യരേഖയും ഐക്യരാഷ്ട്ര സഭയുടെ കണക്കുകളും തമ്മിലുള്ള അന്തരം എന്തുകൊണ്ടോ ഇവിടെ അധികം ചർച്ച ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കഴിഞ്ഞ പത്തുവർഷംകൊണ്ട് 23ൽ നിന്ന് 37 ശതമാനമായി വർധിച്ചെന്നും ധനമന്ത്രി അവകാശപ്പെടുന്നുണ്ട്. ഇതുപോലെ ഒരു കുതിച്ചു ചാട്ടം ഉണ്ടായതായി ഗവേഷണങ്ങളൊന്നും കാണാനായില്ല.
ചെറുപ്പക്കാരുടെ ഉന്നമനങ്ങൾക്ക് സ്കിൽ ഇന്ത്യ ഉൾപ്പെടയുള്ള നിർദേശങ്ങൾ ഇത്തവണയുമുണ്ട്. രാജ്യത്തെ ഐ.ഐ.ടി (I.I.T)കൾ, എയിംസ്, യൂനിവേഴ്സിറ്റികൾ തുടങ്ങിയവയുടെ എണ്ണത്തിലെ വർധനവും ഒരുനേട്ടമായി ധനമന്ത്രി സൂചിപ്പിക്കുകയുണ്ടായി. അതേസമയം, നാമമാത്ര പ്രഖ്യാപനങ്ങളൊഴിച്ച് കർഷകനെ സംബന്ധിച്ച് ഈ ഇടക്കാല ബജറ്റ് 2019നെ അപേക്ഷിച്ചു വലിയ ആശ്വാസത്തിനുള്ള വലിയ വകയൊന്നും നൽകുന്നില്ല. സാമൂഹികക്ഷേമ പരിപാടികളിലെ നേട്ടം ആവർത്തിക്കുമ്പോൾ, മാനവ വികസന സൂചിക ഉൾപ്പെടെയുള്ള കണക്കെടുപ്പിൽ എന്തുകൊണ്ട് രാജ്യം ഇപ്പോഴും പിന്നോക്കം നിൽക്കുന്നെന്ന് പറയാനുള്ള ബാധ്യത സർക്കാരിനും ധനമന്ത്രിക്കുമുണ്ട്. നിർഭാഗ്യവശാൽ അത്തരം വിശകലനം ഇവിടെ കാണാറില്ല.
ആരോഗ്യ, ഗ്രാമീണ മേഖലയ്ക്കനുസരിച്ചുള്ള പരാമർശങ്ങൾ ഇത്തവണ താരതമ്യേനെ കുറവാണ്. എങ്കിലും ഒമ്പതിനും പതിനാലിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ കാൻസറിനെതിരേയുള്ള പ്രതിരോധപദ്ധതി പ്രഖ്യാപിച്ചത് ആശ്വാസമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കും നാമമാത്ര വർധന മാത്രമേ ബജറ്റിലുള്ളൂ. ആദായ നികുതി നിരക്കിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരും നിരാശരായി. നിലവിലെ ഇന്ധനവില, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ കുറയ്ക്കാനുള്ള നേരിട്ടുള്ള നിർദേശങ്ങൾ ഒന്നും കണ്ടില്ല. ഏതായാലൂം ഒരു കാര്യം വ്യക്തമാണ്. നിലവിലെ ഭരണപക്ഷം തെരഞ്ഞെടുപ്പിനെ ഭയക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."