ബഹ്‌റൈനിലും സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ 70-ാമത് സ്വാതന്ത്ര്യ ദിനം ബഹ്‌റൈനിലും സമുചിതം ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയുടെയും വിവിധ പ്രവാസി സംഘടനകളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങും വൈവിധ്യമാര്‍ന്ന പരിപാടികളും നടന്നു.
അദ്‌ലിയയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്ത് ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ദേശീയപതാകയുയര്‍ത്തിയ ശേഷം രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.
തുടര്‍ന്ന് ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ അംഗങ്ങളും ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.
ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ രാവിലെ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള പതാക ഉയര്‍ത്തി. വൈകീട്ട് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ കേരളീയ സമാജവുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ ബഹ്‌റൈന്‍ വിദേശകാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ മുഖ്യാതിഥിയായി പങ്കെടുത്തു.
ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും ബഹ്‌റൈലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത് ഹൃദ്യമായി.
ഇന്ത്യന്‍ സ്‌കൂളില്‍ സെക്രട്ടറി ഷെമിലി പി ജോണ്‍ പതാക ഉയര്‍ത്തി. ഭരണ സമിതി അംഗങ്ങളായ എസ്.കെ രാമചന്ദ്രന്‍, ഭൂപീന്ദര്‍ സിംഗ്, ജയഫര്‍ മൈദാനി എന്നിവരും രക്ഷിതാക്കളും സംബന്ധിച്ചു.
ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ കോണ്‍കോര്‍ഡ് ഹോട്ടലില്‍ വെച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡണ്ട് ബിനു കുന്നന്താനം അദ്ധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈന്‍ മദ്‌റസകളിലും പ്രത്യേക സന്ദേശ പരിപാടികള്‍ നടന്നു. സമസ്ത കേന്ദ്രഏരിയാ നേതാക്കളും മദ്‌റസാ അധ്യാപകരും പങ്കെടുത്തു.
അതേ സമയം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്രീഡം സ്‌ക്വയര്‍ വെള്ളിയാഴ്ച രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്വാതന്ത്രം, സൗഹാര്‍ദ്ദം, സമാധാനം എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് (ദുബൈ) ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."