കരയുദ്ധത്തിനിടെ തട്ടിക്കൊണ്ടു പോയ 114 ഫലസ്തീനികളെ ഇസ്‌റാഈല്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്
കരയുദ്ധത്തിനിടെ തട്ടിക്കൊണ്ടു പോയ 114 ഫലസ്തീനികളെ ഇസ്‌റാഈല്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്
ഗസ്സ: ഗസ്സയില്‍ കരയുദ്ധത്തിനിടെ ഇസ്‌റാഈല്‍ തട്ടിക്കൊണ്ടുപോയ 114 ഫലസ്തീനികളെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ ഗസ്സ മുനമ്പിലെ കേരാം ഷാലോം ക്രോസിങ്ങില്‍ വെച്ചാണ് ഇവരെ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് ന്യൂസ് ഏജന്‍സിയായ സിന്‍ഹുവയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മോചിപ്പിച്ചവരെ റഫ നഗരത്തിലെ നജ്ജാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ചിലരുടെ ആരോഗ്യനില മോശമാണെന്നാണ് റിപ്പോര്‍ട്ട്.
കരയുദ്ധത്തിനിടെ നൂറുകണക്കിന് ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം തട്ടികൊണ്ട് പോയിരുന്നു. പിന്നീട് ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇസ്‌റാഈല്‍ തട്ടിക്കൊണ്ടു പോയ ബന്ദികളില്‍ ചിലര്‍ വാര്‍ത്ത ഏജന്‍സിയോട് പ്രതികരണം നടത്തിയിട്ടുണ്ട്. ക്രൂരമായ പീഡനമാണ് ഇസ്‌റാഈല്‍ തടവറകളില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്ന് ഇവര്‍ ഏജന്‍സിയോട് പറയുന്നു.
ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 10 ദിവസങ്ങളായിരുന്നു അതെന്നായിരുന്നു വയോധികനായ ഹമൂദ് ഹസ്സന്‍ അബ്ദുല്‍ കാദല്‍ അല്‍നാബുല്‍സിയുടെ പ്രതികരണം. എന്നെ പൊതിരെ തല്ലി. ശരീരം മുഴുവന്‍ വേദന കൊണ്ട് പുളഞ്ഞു. നാലുനാള്‍ തുള്ളിവെള്ളം പോലും തന്നില്ല. 10 നാള്‍ കൊടുംപീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചു' അദ്ദേഹം പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി അസുഖങ്ങള്‍ കൊണ്ട് വലയുന്ന, വയോധികനായ ഇദ്ദേഹത്തെ സ്വന്തം വീട്ടില്‍ നിന്നാണ് സയണിസ്റ്റ് സേന പിടിച്ചു കൊണ്ടു പോവുന്നത്.
പ്രഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അനുവദിക്കാതെ മൂന്നുനാള്‍ തങ്ങളെ ക്രൂരമായി പീഡിപ്പിച്ചതായി തട്ടിക്കൊണ്ടുപോയവരില്‍ പെട്ട മറ്റൊരു ഗസ്സ നിവാസി ഖാലിദ് അല്‍ നബ്രീസ് പറയുന്നു.
അതേസമയം, ഗസ്സയില്‍ ഇസ്‌റാഈല്‍ അതിക്രമങ്ങള്‍ ശക്തമായി തന്നെ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 27000 കവിഞ്ഞു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."