24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 112 ഫലസ്തീനികളെ, പരുക്കേറ്റത് 148 പേർക്ക്; കൂട്ടക്കുരുതി തുടർന്ന് ഇസ്‌റാഈൽ
24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 112 ഫലസ്തീനികളെ, പരുക്കേറ്റത് 148 പേർക്ക്; കൂട്ടക്കുരുതി തുടർന്ന് ഇസ്‌റാഈൽ
ഗസ്സ: ഗസ്സയിൽ ഇസ്‌റാഈൽ തുടരുന്ന കൂട്ടക്കുരുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 112 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 148 പേർക്ക് പരിക്കേറ്റു. ഒക്‌ടോബർ 7 മുതൽ ഇതുവരെ 27,131 പേർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 66,287 പേർക്ക് പരിക്കേറ്റു. 2.3 മില്യൺ വരുന്ന ജനസംഖ്യയുടെ 75 ശതമാനവും കുടിയൊഴിക്കപ്പെട്ടവരാണ്. ഭക്ഷണവും വെള്ളവും മരുന്നും തലചായ്ക്കാനൊരിടവുമില്ലാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനത.
കൂടാതെ, യുദ്ധക്കെടുതിയില്‍ അസ്വസ്ഥരായ ഗസ്സയിലെ 12 ലക്ഷം കുട്ടികള്‍ക്ക് മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്) കണക്കാക്കുന്നതായി യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസ്സയിലെ 17,000ത്തോളം കുട്ടികള്‍ ബന്ധുക്കള്‍ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടതായും യുനിസെഫ് പറയുന്നു.
അതിനിടെ, നേരത്തെ സുരക്ഷിത മേഖലയായി വിശേഷിപ്പിക്കപ്പെട്ട റഫയില്‍ ആക്രമണം അഴിച്ചു വിടുമെന്ന ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചത് ഗസ്സയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തെക്കന്‍ ഗസ്സയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കാനാണ് ഇസ്‌റാഈല്‍ ഒരുങ്ങുന്നത്. മറ്റു ഭാഗങ്ങളില്‍ ബോംബാക്രമണം ശക്തമായപ്പോള്‍ നിരവധി ഫലസ്തീനികള്‍ അഭയം തേടിയത് ഈ ഭാഗത്താണ്. പ്രദേശത്ത് അഭയം തേടിയ 10 ലക്ഷത്തിലധികം ഫലസ്തീനികളില്‍ പുതിയ ആക്രമണ നീക്കം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍നിന്ന് പൂര്‍ണമായി പിന്‍വാങ്ങണമെന്നും മുതിര്‍ന്ന ഹമാസ് നേതാവ് ഉസാമ ഹംദാന്‍ ലബനാനിലെ ബൈറൂത്തില്‍ പ്രതികരിച്ചു. ഖത്തര്‍, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്റെ പ്രതികരണം. രണ്ടുമാസത്തേക്ക് വെടിനിര്‍ത്താമെന്നും അതിനിടക്ക് ഘട്ടംഘട്ടമായി ഇസ്‌റാഈലി ബന്ദികളെയും ഫലസ്തീനി തടവുകാരെയും മോചിപ്പിക്കണമെന്നുമുള്ള നിര്‍ദേശമാണ് മധ്യസ്ഥ ചര്‍ച്ചയില്‍ ഇസ്‌റാഈല്‍ മുന്നോട്ടുവെച്ച നിര്‍ദേശം.
എന്നാല്‍ ബന്ദികള്‍ സ്വതന്ത്രമായാല്‍ ഇസ്‌റാഈല്‍ വീണ്ടും ക്രൂരമായ ആക്രമണം നടത്തുമെന്നും ഫലസ്തീനികളെ കസ്റ്റഡിയിലെടുക്കുമെന്നും ഹമാസ് കരുതുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര കരാറിന്റെ പിന്‍ബലമുള്ള സ്ഥിരമായ യുദ്ധവിരാമത്തിന് മാത്രമേ വഴങ്ങൂ എന്നാണ് അവരുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."