പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കു പങ്കില്ലെന്നു പറഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍
തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പങ്കില്ലെന്നു വിജിലന്‍സ് കോടതിയില്‍ പറഞ്ഞതായ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. അഹമ്മദ് സുപ്രഭാതത്തോട് പറഞ്ഞു. കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയല്ലെന്നു പറഞ്ഞ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ പാടില്ലെന്നാണു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിലപാടറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം പാമോയില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് മുന്‍ സെക്രട്ടറിയും എട്ടാം പ്രതിയുമായ പി.ജെ തോമസിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഈ മാസം 27ന് വിധി പറയും. രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസിലെ നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കയാണെന്ന് കോടതി നിരീക്ഷിച്ചു. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ടി. എച്ച്. മുസ്തഫ, അന്നത്തെ വകുപ്പ് സെക്രട്ടറി പി.ജെ.തോമസ് എന്നിവരും പാമോയില്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ രണ്ടു പ്രതിനിധികളും അടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍.
1991-92 കാലത്തെ കെ. കരുണാകരന്‍ മന്ത്രിസഭ ചട്ടങ്ങള്‍ മറികടന്നു മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കരാര്‍ ഒപ്പിടുകയും ഇത് സര്‍ക്കാരിന് 2.32 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനടക്കം എട്ടുപേര്‍ കേസില്‍ പ്രതികളായിരുന്നു. കെ. കരുണാകരന്‍ മരിച്ചു. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന എസ്. പദ്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യു എന്നിവരെ കേസില്‍ നിന്ന് കോടതി ഒഴിവാക്കുകയും ചെയ്തു. ഇതോടെ പ്രതികളുടെ എണ്ണം അഞ്ചായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."