പരകാല പറയുന്ന സത്യങ്ങള്‍
വി. മുസഫര്‍ അഹമ്മദ്
നരേന്ദ്ര മോദി അധികാരത്തിലെത്തിയിട്ട്്് ഒമ്പത്് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നമ്മുടെ മുന്നില്‍ നിരത്തപ്പെടുന്ന വായ്ത്താരികള്‍ക്കപ്പുറം യഥാര്‍ഥ വസ്്തുതകള്‍ എന്തൊക്കെയാണ്? നമ്മുടെ രാഷ്ട്രീയവ്യവസ്ഥയും സമൂഹവും സമ്പദ്‌വ്യവസ്ഥയും തകര്‍ക്കപ്പെട്ടിരിക്കുന്നു. രാജ്യം ഭയാനക ദുരന്തത്തിലേക്ക്് നീങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ എല്ലായിടത്തും കണ്ടുതുടങ്ങിയിരിക്കുന്നു (പരകാല പ്രഭാകര്‍/ ആരൂഡം വളഞ്ഞ നവ ഇന്ത്യ- ചിന്ത പബ്ലിഷേഴ്‌സ്.മലയാള വിവര്‍ത്തനം ടി.എ രാജശേഖരന്‍). ഇന്ത്യ എന്ന രാജ്യം ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അകപ്പെട്ടിരിക്കുന്ന മഹാദുരന്താവസ്ഥയെക്കുറിച്ച്് വിശദമാക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്്്തകം. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവാണ് പരകാല. ഒരുകാലത്ത് ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എത്രമാത്രം ഇന്ത്യാവിരുദ്ധമാണെന്നും നുണകളില്‍ മാത്രം കെട്ടിപ്പടുത്തതാണെന്നും മനസിലാക്കി ബി.ജെ.പി വിട്ടയാള്‍ കൂടിയാണ് പരകാല പ്രഭാകര്‍. The Crooked Timeber of India Essays On A Republic In Crisis എന്ന ശീര്‍ഷകത്തില്‍ 2023ല്‍ ഇംഗ്ലിഷില്‍ പരകാല എഴുതിയ ലേഖനങ്ങളുടെ സമാഹാരത്തിന്റെ മലയാള പരിഭാഷയാണ് ആരൂഡം വളഞ്ഞ ഇന്ത്യ (മോന്തായം വളഞ്ഞ ഇന്ത്യ എന്നായിരുന്നെങ്കില്‍ ഇതു കൂടുതല്‍ മനസിലാക്കപ്പെടുമായിരുന്നുവെന്ന് തോന്നുന്നു).
സാമ്പത്തികകാര്യ വിദഗ്ധന്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിവിധ സര്‍വേ സംഘങ്ങളില്‍ അംഗമാവുകയും ചിലതിനെ നയിക്കുകയും ചെയ്തയാളാണ് ഗ്രന്ഥകാരന്‍. അതുകൊണ്ടുതന്നെ രാജ്യവളര്‍ച്ചയെക്കുറിച്ച്് മോദി പറയുന്ന കാര്യങ്ങളില്‍ അദ്ദേഹത്തിനു സംശയം വരാന്‍ തുടങ്ങി. അതിനെക്കുറിച്ച്് തന്റെ അറിവും അനുഭവവുംവച്ച്് അന്വേഷിച്ചു. മോദിയുടെ വാദങ്ങളെല്ലാം നുണകളില്‍ കെട്ടിപ്പടുത്തതാണെന്ന്് മനസിലാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം പുസ്തകം എഴുതുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ വിഷയം സംബന്ധിച്ച് പ്രസംഗിക്കുകയും ചെയ്തത്. കേരളത്തിലും അദ്ദേഹം പല പ്രഭാഷണങ്ങള്‍ക്കായി വരികയുണ്ടായി. 2024ലെ തെരഞ്ഞെടുപ്പില്‍ സത്യത്തിന്റെ പുസ്തകം എന്ന നിലയില്‍ വായിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യേണ്ട രചന കൂടിയാണിത്.
പുസ്തകത്തിന്റെ അവതാരികയില്‍ സഞ്ജയ ബാരു എഴുതുന്നു: പ്രഭാകര്‍ പ്രശ്്‌നങ്ങളെ വിലയിരുത്തുന്നത് ദന്തഗോപുരത്തിലിരുന്ന് അപ്രമാദിത്വത്തോടെയല്ല; മറിച്ച് അദ്ദേഹത്തിന്റെ ധാരാളം ലേഖനങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്, അടിസ്ഥാന യാഥാര്‍ഥ്യങ്ങളുടെ മണ്ണില്‍ ചവിട്ടിനിന്നാണ്: ഇപ്പറഞ്ഞ കാര്യം, അടിസ്ഥാന യാഥാര്‍ഥ്യങ്ങളില്‍ ചവിട്ടിനിന്നുകൊണ്ട്് കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതി, അതുതന്നെയാണ് ഈ പുസ്തകത്തെ പ്രകാശമാനമാക്കുന്നത്. അദ്ദേഹം രാജ്യത്തിന്റെ യഥാര്‍ഥ അവസ്ഥയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്് തുടങ്ങുന്നത് ഇങ്ങനെയാണ്: 1990കള്‍ക്കു ശേഷം ആദ്യമായി രാജ്യത്തു പട്ടിണിരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. 2021_22ല്‍ ലോകത്തെ പട്ടിണിക്കാരുടെ നിരയിലേക്ക് 75 ദശലക്ഷം മനുഷ്യരെക്കൂടി ഇന്ത്യ സംഭാവന ചെയ്തിരിക്കുന്നു. ഇതുവഴി യു.എന്‍.ഡി.പിയുടെ ആഗോള മനുഷ്യ വികസന സൂചികയിലെ ഇന്ത്യയുടെ സ്ഥാനം 134 (152 രാജ്യങ്ങളില്‍) ആയി താഴ്ന്നിരിക്കുന്നു: ഈ യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന വന്‍ നുണ മോദിസര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്നത് പുസ്തകം നമ്മെ ഓര്‍മിപ്പിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിത്തുടങ്ങുന്ന പരകാലയുടെ വിശകലനം എല്ലാ മേഖലകളിലും മോദിസര്‍ക്കാര്‍ എങ്ങനെ ഏറ്റവും പ്രതിലോമകരവും ഇന്ത്യയുടെ ബഹുസ്വരതക്കു വിരുദ്ധവുമായി പ്രവര്‍ത്തിക്കുന്നു എന്നതിനെ വിശദമാക്കുന്നു. തന്റെ വിഡിയോ വ്‌ളോഗായ 'മിഡ് വീക്ക് മാറ്റേഴ്‌സി'ല്‍ അവതരിപ്പിച്ച ആശയങ്ങളുടെയും വിമര്‍ശനങ്ങളുടെയും ലിഖിതമാണ് പുസ്തകരൂപത്തില്‍ സമാഹരിച്ചിരിക്കുന്നത്.
ചരിത്രം തങ്ങളുടെ സൗകര്യത്തിനു വേണ്ടി മാറ്റിയെഴുതുന്ന ഇന്നത്തെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടും വിമര്‍ശിച്ചുകൊണ്ടും 'സുഭാഷ് ചന്ദ്രബോസും പുതിയ ഇന്ത്യയിലെ പൈതൃക കവര്‍ച്ചക്കാരും' എന്ന ലേഖനം ഇങ്ങനെ തുടങ്ങുന്നു: 'പുതിയ ഇന്ത്യ'യുടെ നേതാക്കന്‍മാരെല്ലാം വിജയശ്രീലാളിതരായ പൈതൃക കവര്‍ച്ചക്കാരാണ്. പട്ടേലിനെ കൈവശപ്പെടുത്താനുള്ള ശ്രമം ഏതാണ്ട്് പൂര്‍ണമായിക്കഴിഞ്ഞു. അവരുടെ ഏറ്റവും പുതിയ ആക്രമണം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൈതൃകം കൈയടക്കാനാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ശക്തമായ വെല്ലുവിളികളൊന്നുമില്ലാതെ അവര്‍ക്കത്് നേടാനുമാകും. നരേന്ദ്ര മോദിക്കുമുമ്പുള്ള 'പഴയ ഇന്ത്യ'യെ അദ്ദേഹവും സംഘവും ചേര്‍ന്ന് 'പുതിയ ഇന്ത്യ' ആക്കിയല്ലോ. 'പഴയ ഇന്ത്യ' ഭരിച്ചിരുന്നവര്‍ ചരിത്രപുരുഷന്‍മാരെ ബോധപൂര്‍വം തെറ്റായി ചിത്രീകരിച്ചത് തിരുത്തി ശരിയാക്കാനുള്ള തത്രപ്പാടിലാണല്ലോ അവരിപ്പോള്‍: ഇത്തരത്തില്‍ രൂക്ഷമായ പരിഹാസവും കൂടി കലര്‍ന്ന പരകാലയുടെ വിമര്‍ശനങ്ങള്‍ വായനക്കാരിലേക്ക് എളുപ്പത്തില്‍ എത്തുംവിധം ലളിതവും കുറിക്കുകൊള്ളുന്നതുമാണ്. മലയാള പരിഭാഷയും ലളിതവും ഒഴുക്കുള്ള മലയാളത്തിലുമാണ്. ഇതു വായനയെ എളുപ്പമുള്ളതും കൂടുതല്‍ അര്‍ഥപൂര്‍ണമാക്കുകയും ചെയ്യുന്നു.
രാജ്യത്ത് ജനസംഖ്യാ നിരക്ക് വര്‍ധിക്കുന്നു, പ്രത്യേകിച്ചും മുസ്‌ലിംകളുടെ എണ്ണം പെരുകുന്നു, അത് രാജ്യത്തെ അപകടത്തിലേക്കു നയിക്കുന്നു തുടങ്ങിയ സംഘ്്പരിവാറിന്റെ സ്ഥിരംപ്രചാരണം വന്‍നുണയാകുന്നത് എങ്ങനെയെന്ന് ഗ്രന്ഥകാരന്‍ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സ്ഥാപിക്കുന്നു: 2001നു 2011നും ഇടയില്‍ ഹിന്ദുസ്ത്രീകളുടെ മൊത്തം പ്രത്യുല്‍പ്പാദന നിരക്ക് 1.5 കണ്ട് കുറഞ്ഞ് 4.1 ഒന്നില്‍ നിന്ന് 2.6ല്‍ എത്തി. ഇതേ കാലയളവില്‍ മുസ്‌ലിംകളുടെ മൊത്ത പ്രത്യുല്‍പ്പാദന നിരക്ക് 1.9 കണ്ട്് കുറഞ്ഞ് 4.8ല്‍ നിന്ന് 2.9ല്‍ എത്തി. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും പ്രത്യുല്‍പ്പാദന നിരക്ക് ഏറെക്കുറെ അടുത്തു വരുന്നുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്. 2001ല്‍ അന്തരം 0.7 ആയിരുന്നത് യാതൊരു തരത്തിലുള്ള സര്‍ക്കാര്‍ പ്രോത്സാഹനമോ നിരുത്സാഹപ്പെടുത്തലോ ഇല്ലാതെ തന്നെ 2011ല്‍ 0.3 ആയിക്കുറഞ്ഞു: ഇത്തരത്തില്‍ തന്റെ ലേഖനങ്ങളിലൂടെ കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ബി.ജെ.പി_പരിവാര്‍ വാദങ്ങളെ പരകാല പ്രഭാകര്‍ പൊളിച്ചടുക്കുന്നു.
തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട ലേഖനം അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: ഒരു ശ്രേഷ്ഠഭാരതമെന്നാല്‍ അല്ലെങ്കില്‍ ആത്മനിര്‍ഭര ഭാരതമെന്നാല്‍ എല്ലാ മതത്തിലും പ്രദേശങ്ങളിലും ഭാഷയിലുംപെട്ട വൈദഗ്ധ്യം ലഭിച്ച മനുഷ്യരുടെ ഭാരതമാണ്. ഇഷ്ടമതക്കാരെക്കൊണ്ട് മാത്രം നേടാവുന്നതല്ല. ഹിന്ദുത്വ വോട്ടര്‍മാര്‍ക്ക്് മാത്രമായി സൃഷ്ടിച്ചെടുക്കാവുന്നതുമല്ല. അഭിമത പ്രബല ഭാഷയായ ഹിന്ദിയാല്‍ ആര്‍ജിക്കാനും കഴിയില്ല. നൈപുണ്യ ഇന്ത്യ എന്ന അടിയന്തര ആവശ്യം നേടാനായി രാജ്യത്ത് സര്‍ക്കാര്‍ സത്യസന്ധമായ നിക്ഷേപം നടത്തണം. ഭാരതത്തിലെ എല്ലാ ആണ്‍പെണ്‍ മക്കളുടെയും പൊതുവും ശോഭനവുമായ ഭാവിക്കായി സര്‍ക്കാര്‍ ആത്മാര്‍ഥമായി യത്‌നിക്കണം: ഇന്നത്തെ സര്‍ക്കാര്‍ ആത്മാര്‍ഥമായി എന്തിനു വേണ്ടിയാണ് പ്രയത്‌നിക്കുന്നത്, പ്രവര്‍ത്തിക്കുന്നത് എന്ന് ആഴത്തില്‍ മനസിലാക്കിത്തന്നെയാണ് പരകാല സര്‍ക്കാരിനെ 'ഉപദേശിക്കുന്നത്'.
സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നിലപാടുകളെ അദ്ദേഹം അതിരൂക്ഷമായി വിമര്‍ശിക്കുന്നു: കൃഷിക്കാരന് എന്താണോ ഗുണകരമാകുന്നത് അതുതന്നെയായിരിക്കും രാജ്യത്തിനും ഗുണകരമാകുന്നത്. കര്‍ഷകന് സമൃദ്ധി നല്‍കാതെ ഇന്ത്യയ്ക്കു സമൃദ്ധി ലഭിക്കില്ല. അവരാണ് സമ്പത്ത് ഉല്‍പ്പാദകര്‍. നമ്മുടെ തീന്‍മേശകളില്‍ ഭക്ഷണം എത്തിക്കുന്നവര്‍. നമ്മെ കൊള്ളയടിച്ചശേഷം അവര്‍ ആന്റിഗ്വിയിലേക്കും ലണ്ടനിലേക്കും ഒളിച്ചോടില്ല: ഈ ഒളിച്ചോട്ടക്കാര്‍ ആരാണെന്ന് വായനക്കാര്‍ക്കറിയാം. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വന്‍തുകക്കുള്ള വായ്പകള്‍ എടുത്ത ശേഷം അതില്‍ ഒരു നയാപൈസ പോലും തിരിച്ചടക്കാതെ മറ്റു രാജ്യങ്ങളില്‍ പോയി സുരക്ഷിതരായി ഒളിവിലല്ല, തെളിവില്‍ തന്നെ ജീവിക്കുന്ന കോര്‍പറേറ്റ് മാന്യന്‍മാരെയാണ് പരകാല ഈ കുറച്ചു വാചകങ്ങളിലൂടെ പിച്ചിച്ചീന്തുന്നത്. കര്‍ഷകസമരം പോലുള്ള അടിത്തട്ട് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയും ഒടുവില്‍ ആവശ്യങ്ങളെല്ലാം പരിഗണിച്ചുവെന്നും പറയുകയും എന്നാല്‍ ഒന്നും ചെയ്തുകൊടുക്കാതിരിക്കുകയും ചെയ്ത്് തനിനിറം വ്യക്തമാക്കിയ മോദി സര്‍ക്കാരിനെ തുറന്നുകാട്ടാനും പരകാല ഇവിടെ ശ്രമിക്കുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ വീണ്ടും സമരത്തിന് തയാറെടുക്കുന്നു എന്നാണല്ലോ ഇപ്പാള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
കൊവിഡ് കാലത്ത് മോദിസര്‍ക്കാര്‍ എങ്ങനെ ജനവിരുദ്ധമായി മാത്രം പ്രവര്‍ത്തിച്ചുവെന്നതിലേക്ക് വെളിച്ചം വീശുന്ന 'ഒരു മഹാമാരിയുടെ സഞ്ചാര വിവരങ്ങള്‍, 2021' എന്ന ലേഖനം വളരെ പ്രധാനപ്പെട്ടതാണ്. ആ ലേഖനത്തില്‍ സര്‍ക്കാരിനെ അദ്ദേഹം ഇങ്ങനെ തിരിച്ചറിയുന്നു: സര്‍ക്കാരിന്റെ ധാരണയും ദുരന്തയാഥാര്‍ഥ്യവും തമ്മില്‍ നല്ല അന്തരമുണ്ട്. സത്യത്തില്‍ യാഥാര്‍ഥ്യം മനസിലാക്കാനുള്ള സര്‍ക്കാരിന്റെ ശേഷിക്കുറവല്ല, മറിച്ച് യാഥാര്‍ഥ്യത്തെ അംഗീകരിക്കാനുള്ള സര്‍ക്കാരിന്റെ മനസില്ലായ്മയാണ് യഥാര്‍ഥ ദുരന്തം. നമ്മുടെ പൗരസമൂഹത്തിന്റെ നല്ലൊരു ഭാഗം സര്‍ക്കാരിന്റെ ഈ നിഷേധസമീപനത്തിനൊപ്പമാണ്: സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോടൊപ്പം മോദിക്കു ബലംനല്‍കുന്ന പൗരസമൂഹത്തെക്കുറിച്ചുകൂടി പറഞ്ഞുകൊണ്ട് ഇന്ത്യയകപ്പെട്ടിരിക്കുന്ന അതിസങ്കീര്‍ണമായ പ്രതിസന്ധിയെ ഇവ്വിധം ഗ്രന്ഥകര്‍ത്താവ് തുറന്നു കാണിക്കുന്നു.
ആര്‍.എസ്.എസിനെക്കുറിച്ച് പരകാലയുടെ നിരീക്ഷണം ഇങ്ങനെ: സ്വാതന്ത്ര്യസമര രംഗത്ത് പൂജ്യമായിരുന്ന, സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് ദുര്‍ബലമായിരുന്ന ആര്‍.എസ്.എസ്, ഇന്ന് ഒരു അധീശത്വ സാന്നിധ്യമായി മാറിക്കഴിഞ്ഞു. ദേശത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഭൂമികയിലെ അങ്ങേയറ്റം ഇരുണ്ടതും ക്രൂരവുമായ വൈകാരികതയെ നാം മാറ്റിയെടുത്തത് ദശാബ്ദങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിലൂടെയാണ്. സ്വതന്ത്രഇന്ത്യയുടെ അടിത്തറയായ സ്വാതന്ത്ര്യസമരത്തോടും അതിന്റെ ഉല്‍പ്പന്നമായ ഭരണഘടനയോടും നീരസവും വെറുപ്പും ഉണ്ടായിട്ടും ഇന്ന് രാജ്യത്തെ ഏറ്റവും ശക്തമായ ദേശാഭിമാന സംഘടന എന്ന മുദ്ര അതിനു ചാര്‍ത്തിക്കിട്ടി. ആര്‍.എസ്.എസ് കരുത്തോടെ വളരുമ്പോഴും അതിന്റെ കാഴ്ചപ്പാട് കൂടുതല്‍ നിന്ദ്യവും പിശകേറിയതുമായി മാറുന്നു. അല്ല, അതിനു നേരെമറിച്ചാകാന്‍ കഴിയില്ലല്ലോ: വളരെ കൃത്യമായി ഈ വാക്കുകളില്‍ ആര്‍.എസ്്്.എസിനെ അദ്ദേഹം വരച്ചിടുന്നു.
ജനപ്രതിനിധികളെ പണം കൊടുത്തു വാങ്ങുക, രാഷ്ട്രീയക്കാര്‍ പണത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പാര്‍ട്ടികളും മുന്നണികളും മാറുക തുടങ്ങിയ ഇന്നത്തെ രാഷ്ട്രീയത്തില്‍ നിത്യസംഭവമെന്നോണം നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു: നമ്മുടെ ജനപ്രതിനിധി സഭകളുടെ ഇന്നത്തെ അവസ്ഥ എന്താണ്? നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയാരീതി എത്രമാത്രം ആരോഗ്യകരമാണ്? ഇപ്പോള്‍ത്തന്നെ പറയാം. അവ അങ്ങേയറ്റം ന്യൂനത നിറഞ്ഞതാണ്. എന്നാല്‍ ആരും അതേക്കുറിച്ച് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുന്നില്ല. സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും ചെലവു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു കൊടുക്കുന്ന കണക്ക് വ്യാജമാണെന്ന് എല്ലാവര്‍ക്കുമറിയാം. ചീയല്‍ അവിടെ ആരംഭിക്കുന്നു. സൗകര്യപൂര്‍വമുള്ള സഖ്യംചേരലുകള്‍, കൂറുമാറലുകള്‍, കുതിരക്കച്ചവടം തുടങ്ങിയ തെറ്റായ നടപടികള്‍ ഇവിടെത്തുടങ്ങുന്നു. ജനപ്രതിനിധികളെ പണം കൊടുത്ത് തട്ടിയെടുക്കുകയെന്നത് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ അനിവാര്യ ഭാഗമാണിന്ന്: ഇങ്ങനെ ഇന്നത്തെ സംഘ്്പരിവാര്‍ ഇന്ത്യയെ തെളിമയോടെ പരകാല ഈ പുസ്തകത്തിന്റെ 275 താളുകളിലൂടെ, 30 അധ്യായങ്ങിലൂടെ അവതരിപ്പിക്കുന്നു.
സമകാലിക ഇന്ത്യയുടെ യാഥാര്‍ഥ്യങ്ങള്‍ കണക്കുകള്‍ സഹിതം ('ദാരിദ്ര്യത്തിന്റെ ഡാറ്റയും ഡാറ്റയുടെ ദാരിദ്ര്യവും' എന്ന ശീര്‍ഷകത്തിലുള്ള ലേഖനം എന്തൊക്കെ കണക്കുകള്‍ നമുക്കു കിട്ടുന്നില്ല, കിട്ടാതെ പോകുന്നവയുടെ സ്വഭാവം എന്താണ് എന്നതിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നു) പറയുന്ന ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വളരെക്കുറവാണ്. അപൂര്‍വമായി ഇംഗ്ലിഷില്‍ ഇറങ്ങുന്ന അത്തരം പുസ്തകങ്ങളില്‍ പലതിന്റെയും മലയാളപരിഭാഷ ലഭ്യമാകാറുമില്ല. ഇന്ന് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു കൈപ്പുസ്തകമായി ഉപയോഗിക്കേണ്ട രചന എന്ന പ്രാധാന്യത്തിലേക്ക് 'ആരൂഡം വളഞ്ഞ നവ ഇന്ത്യ' വളര്‍ന്നിരിക്കുന്നു. അല്ലെങ്കില്‍ സംഘ്്പരിവാര്‍ രാഷ്ട്രീയം അതിനെ ബദല്‍രാഷ്ട്രീയത്തിന്റെ ഗ്രന്ഥമാക്കി ഉയര്‍ത്തിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."