നാൽപതിലും യുവത്വം മറക്കാതെ ഹീറോ
വിനീഷ്
തങ്ങളുടെ നാല്‍പതാം വയസില്‍ യൂത്തിനെ ലക്ഷ്യമിട്ട് ഒരു പുതിയ ബൈക്കുമായി എത്തിയിരിക്കുകയാണ് ഹീറോമോട്ടോര്‍ കോര്‍പ്പ്. 1984 ല്‍ ഹോണ്ടയുമായി ചേര്‍ന്ന് ബൈക്ക് നിര്‍മാണം തുടങ്ങി ഒടുവില്‍ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളിലൊന്നായി മാറിയ ഈ ഇന്ത്യന്‍ കമ്പനിയുടെ തേരോട്ടം ഇന്ന് നാലുദശകം പിന്നിട്ടിരിക്കുകയാണ്. എക്‌സ്ട്രീം 125 ആര്‍ എന്ന 125 സി.സി ബൈക്കുമായാണ് ഹീറോ ഇപ്പോഴത്തെ സര്‍പ്രൈസ് എന്‍ട്രി. ടി.വി.എസ് റൈഡര്‍ 125, പള്‍സര്‍ NS 125 പോലുള്ള വമ്പന്‍മാരുമായി മുട്ടാനിറങ്ങുന്ന മോഡലിന് 95,000 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില വരുന്നത്. താങ്ങാവുന്ന വിലയില്‍ ഒരു ഫണ്‍ റൈഡര്‍ മെഷീന്‍ എന്ന, തങ്ങളുടെ 125 സി.സി ബൈക്കായ റൈഡറില്‍ ടി.വി.എസ് ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് ഹീറോയും ഇവിടെ പറയറ്റുന്നത്. ഹീറോയുടെ തന്നെ എക്‌സട്രീം 160യുടെ ഒരു കുഞ്ഞനുജന്‍ കൂടിയാണ് പുതിയ ബൈക്കെന്ന് പറയേണ്ടി വരും.
ബോഡി വര്‍ക്കിലെ കൗതുകങ്ങള്‍ കാരണം ഒരുവലിയ ബൈക്കിന്റെ ഫീല്‍ തരുന്നുണ്ട് പുതിയമോഡല്‍. റേസര്‍ ഷാര്‍പ്പ് സ്‌റ്റൈലിംഗ് തന്നെയാണ് വാഹനത്തിന്റെ ഹൈലൈറ്റ്. വ്യത്യസ്തമായി ഡിസൈന്‍ ചെയ്തിരിക്കുന്ന ടാങ്കിലെ സൈഡ് പാനലുകളും ഇതിന് സഹായിക്കുന്നുണ്ട്. സ്പ്‌ളിറ്റ് കോണ്‍ഫിഗറേഷനിലുള്ള റിയര്‍ സീറ്റ് കാഴ്ചയില്‍ അല്‍പം ഉയര്‍ന്നതാണ് . എന്നാല്‍ എക്‌സ്ട്രീം 160 പോലെ ഉയര്‍ന്നിരിക്കുന്നതല്ലെന്നാണ് ഹീറോ പറയുന്നത്. കസ്റ്റമേഴ്‌സ് ഇത് ഇങ്ങനെ സ്വീകരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭാവിയില്‍ ഒരു സിംഗിള്‍ സീറ്റ് വേര്‍ഷനുമായി എക്‌സ്ട്രീം 125 എത്തുമോ എന്തോ. പിന്‍വശത്തും മാസ് ലുക്കാണ് ബൈക്കിന്. എക്‌സോസ്റ്റ് ഡിസൈനും എടുത്തുപറയാതിരിക്കാനാവില്ല. ഗ്‌ളാമര്‍ 125 സി.സിയിലുള്ള എന്‍ജിനെ അടിമുടി പരിഷ്‌കരിച്ചാണ് എക്‌സ്ട്രീം 125യില്‍ ഹീറോ ഒരുക്കിയിരിക്കുന്നത്. ഒന്നുകൂടി അഗ്രസീവ് പെര്‍ഫോമന്‍സിന് വേണ്ടി ട്യൂണ്‍ ചെയ്തപ്പോള്‍ ചില വൈബ്രേഷന്‍ പ്രശ്‌നങ്ങള്‍ ഈ എന്‍ജിന്‍ കാണിച്ചിരുന്നു. എങ്കിലും ഒരു ബാലന്‍സര്‍ ഷാഫ്റ്റും കൂടാതെ സൈലന്റ് കാം ചെയിന്‍ എന്നിവ വഴി ഈ പ്രശ്‌നം ഹീറോ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. 11.5 ബി.എച്ച്.പി വരുന്ന എന്‍ജിന്‍ പവര്‍ ഏകദേശം ടി.വി.എസ് റൈഡറിന് സമാനമാണ്. പള്‍സര്‍ 125 എന്‍.എസിനേക്കാള്‍ അല്‍പം കുറവാണെന്ന് പറയേണ്ടിവരും. ഒപ്പം അഞ്ച് സ്പീഡ് ഗിയര്‍ ബോക്‌സുമായി വരുന്ന ബൈക്ക് 66 കി.മീ എന്ന നല്ല മൈലേജും നല്‍കുന്നുണ്ട്. ഫ്രണ്ട് ഫോര്‍ക്കുകള്‍ എക്‌സ്ട്രീം 160 യില്‍ നിന്ന് കടമെടുത്തതാണ്. സെവന്‍ സ്റ്റെപ്പ് പേലോഡ് ആഡ്ജസ്റ്റബിള്‍ ആണ് പിന്നിലെ മോണോഷോക്ക് സസ്‌പെന്‍ഷന്‍. റൈഡിങ് പൊസിഷന്‍ ആകട്ടെ, വലിയ ബൈക്കിന്റെ ഫീലും തരുന്നുണ്ട് . ഫ്രണ്ടില്‍ ഡിസ്‌ക്ക് ബ്രേക്കുകള്‍ സ്റ്റാന്‍ഡേര്‍ഡായി തന്നെ ലഭിക്കും.
കാല്‍ അല്‍പം പിറകിലേക്ക് മടങ്ങുന്ന രീതിയില്‍ സ്‌പോര്‍ട്ടാണ് ഫുട്ട് പെഗ് പൊസിഷന്‍. 125 സി.സി കമ്മ്യൂട്ടര്‍ ബൈക്കുകളിലെ പ്രീമിയം വിഭാഗത്തിലാണ് ഹീറോയുടെ പുതിയ മോഡല്‍ ഇടംപിടിക്കുന്നത്.
99,500 രൂപയ്ക്ക് ഡ്യുവല്‍-ചാനല്‍ എ.ബി.എസ് മോഡലും ലഭിക്കും. സേഫ്റ്റി കൂട്ടുന്ന ഒരുഘടകമാണെന്നതുകൊണ്ടു തന്നെ കുറച്ച് ആയിരങ്ങള്‍ അധികം മുടക്കുന്നതായിരിക്കും നല്ലത്. ഫെബ്രുവരി 20 മുതല്‍ നിരത്തിലിറങ്ങുന്ന വാഹനം സ്‌റ്റൈലും പെര്‍ഫോമെന്‍സും പുതിയ ഫീച്ചറുകളും ഇഷ്ടപ്പെടുന്ന 125 സി.സി മോട്ടോര്‍സൈക്കിള്‍ തേടുന്നവര്‍ക്കുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."