ചരിത്രത്തിലേക്കൊരു സംഘാടനം
എം.പി മുജീബ് റഹ്മാന്‍
2024 ജനുവരി 28. ബംഗളൂരുവിന് അതൊരു പുതിയ അനുഭവമായിരുന്നു. ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത തരത്തില്‍ പാലസ് മൈതാനം സമസ്ത പ്രവര്‍ത്തകരാല്‍ ജനനിബിഡമായി. ബംഗളൂരുവിന്റെ മണ്ണിനും വിണ്ണിനും ഒരേമനസ്. എന്നാല്‍ അനുദിനം തിരക്കിലമരുന്ന ഉദ്യാന നഗരത്തില്‍ ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ സംഗമിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നൂറാംവാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനം നടന്നിട്ടും കാര്യമായ ഗതാഗതക്കുരുക്കുപോലും ഉണ്ടാകാതെയുള്ള ഒരുക്കങ്ങളുടെ പിന്നണിയിലായിരുന്നു സംഘാടകര്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, സ്പീക്കര്‍ യു.ടി ഖാദര്‍, മന്ത്രിമാര്‍, വി.വി.ഐ.പികള്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ എത്തിയിട്ടും പാലസ് ഗ്രൗണ്ടിനു സമീപത്തെ ജയാമഹല്‍ റോഡിലോ ബെല്ലാരി റോഡിലോ കാര്യമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടില്ല. കേരളം, തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ ബംഗളൂരുവിലേക്ക് ഒഴുകിയെത്തിയിട്ടും അവരുടെ പ്രഥമിക കര്‍മങ്ങള്‍ക്കുപോലും സൗകര്യം ഒരുക്കിയാണ് സമസ്ത ബംഗളൂരു സമ്മേളനത്തിന്റെ അണിയറ ശില്‍പികള്‍ ചരിത്രത്തിന്റെ ഭാഗമായത്. അതും പാലസ് മൈതാനം ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയത്തെ സാക്ഷിയാക്കി.
മാതൃകയാക്കേണ്ട ഗതാഗത ക്രമീകരണം
വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ബംഗളൂരുവില്‍ എത്തിയാല്‍ എങ്ങനെ സമ്മേളനം നടക്കുന്ന പാലസ് മൈതാനത്ത് എളുപ്പത്തില്‍ എത്താമെന്നുള്ള വിവരങ്ങളടങ്ങിയ ക്യു.ആര്‍ കോഡ് സമൂഹ മാധ്യമങ്ങളിലൂടെ ട്രാഫിക്, പാര്‍ക്കിങ് കമ്മിറ്റികള്‍ ആദ്യം പങ്കുവച്ചിരുന്നു. ഇതില്‍ ബസ്, ടെംപോ ട്രാവലര്‍, കാര്‍ എന്നിവ പാര്‍ക്കു ചെയ്യേണ്ട വെവ്വേറെ കേന്ദ്രങ്ങളുടെ വിവരങ്ങളും ഉണ്ടായിരുന്നു. ബംഗളൂരു നഗരത്തിലെ ബിഡദി, മൈസൂരു റോഡ്, സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡ്, രാജരാജേശ്വരി മെഡിക്കല്‍ കോളജ് പരിസരം, മജസ്റ്റിക്, മഡിവാള എന്നിവിടങ്ങളിലൊക്കെ 30 പേരടങ്ങിയ ട്രാഫിക് കമ്മിറ്റിയിലെ അംഗങ്ങള്‍ നിര്‍ദേശം നല്‍കാനുണ്ടായിരുന്നു. ഒരേസമയം 250ഓളം പേര്‍ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ ഗതാഗത നിയന്ത്രണത്തിനു മാത്രമായി ഓടിനടന്നു. സമ്മേളനത്തലേന്ന് രാത്രി മുതല്‍ ഉറക്കമൊഴിഞ്ഞായിരുന്നു ഇവരുടെ പ്രവര്‍ത്തനം. സമ്മേളനദിവസം പുലര്‍ച്ചെ 3.30 മുതല്‍ ബംഗളൂരു നഗരത്തിലേക്ക് പാലസ് മൈതാനം ലക്ഷ്യമാക്കി പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരുന്നു.
പാലസ് മൈതാനത്തോടു ചേര്‍ന്ന എട്ടേക്കര്‍ സ്ഥലത്താണ് ബസുകളുടെ പാര്‍ക്കിങ് സൗകര്യം ഒരുക്കിയത്. ജെ.സി നഗര്‍ ഫണ്‍ വേള്‍ഡിനു സമീപം മാത്രം എണ്ണൂറോളം ബസുകള്‍ എത്തിയെന്നാണു കണക്ക്. ഇതിനടുത്ത ടി.വി ടവറിലും കഴിഞ്ഞ് ജയാമഹല്‍ റോഡിലേക്കുള്ള പ്രവേശന ഭാഗത്ത് (പാലസ് ഗ്രൗണ്ടില്‍) അഞ്ഞൂറോളം ടെംപോ ട്രാവലറുകള്‍ക്കും മിനി ബസുകള്‍ക്കും സൗകര്യമൊരുക്കി.
ബെല്ലാരി റോഡില്‍ ഗേറ്റ് നമ്പര്‍ രണ്ടിലായിരുന്നു 3000ത്തോളം കാറുകളുടെ പാര്‍ക്കിങ്ങിനുള്ള ഇടം. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും കടന്നുപോകുന്നതിനും ട്രാഫിക് കമ്മിറ്റി പ്രത്യേക സ്‌കെച്ച് തന്നെ തയാറാക്കിയിരുന്നു. നിഷ്‌കര്‍ഷിച്ച സ്‌കെച്ചിനു പുറത്ത് വാഹനം പാര്‍ക്ക് ചെയ്തവരിലേക്ക് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിയോഗിക്കപ്പെട്ട സ്‌ക്വാഡ് അംഗങ്ങളുടെ കണ്ണെത്തിയിരുന്നു. ട്രാഫിക് കമ്മിറ്റിയുടെ നിര്‍ദേശം പ്രവര്‍ത്തകര്‍ പൂര്‍ണമായും പാലിച്ചതോടെ പുലര്‍ച്ചെ മുതല്‍ അര്‍ധരാത്രി വരെ ആയിരക്കണക്കിനു വാഹനങ്ങള്‍ പാലസ് മൈതാനം ലക്ഷ്യമാക്കി എത്തി മടങ്ങിയെങ്കിലും നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലിസുകാര്‍ക്ക് പാടുപെടേണ്ടി വന്നില്ല.
സംഘാടകരുടെ വരവേൽപ്പ്
സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് ബംഗളൂരുവിലേക്ക് ഒഴുകിയെത്തിയ ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ക്കു കരുതലുമായി സംഘാടകര്‍ വിളിപ്പുറത്തുണ്ടായിരുന്നു. ബിഡദിയില്‍ പുലര്‍ച്ചെ ബസുകളില്‍ എത്തിയ പ്രവര്‍ത്തകര്‍ക്ക് മൂസ ഹാറൂന്‍ മസ്ജിദിനോട് ചേര്‍ന്ന യതീംഖാനയിലാണ് പ്രാഥമികകര്‍മങ്ങള്‍ക്ക് സൗകര്യമൊരുക്കിയത്. സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് സമീപത്തെ ഗൗരി പാളയ മസ്ജിദിലും സൗകര്യമൊരുക്കി. ഇവിടെ അഞ്ഞൂറോളം പേര്‍ക്ക് സൗജന്യ ഭക്ഷണവും തയാറാക്കിയിരുന്നു.
കെ.എസ്.ആര്‍ ബംഗളൂരു റെയില്‍വേ സ്റ്റേഷനിലും മജസ്റ്റിക് കര്‍ണാടക ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലും എത്തിയവര്‍ക്ക് തവക്കല്‍ മസ്താന്‍ ദര്‍ഗയോട് ചേര്‍ന്നുള്ള മസ്ജിദിലും സൗകര്യമുണ്ടായിരുന്നു. മഡിവാളയില്‍ എത്തിയവര്‍ക്ക് ബി.ടി.എം മസ്ജിദിലായിരുന്നു സൗകര്യം. പാലസ് മൈതാനത്ത് നേരിട്ടെത്തിയവര്‍ക്ക് നഗരത്തിലെ വിവിധ ഹമാമിലും (പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സ്ഥലം) സൗകര്യങ്ങള്‍ ചെയ്തു നല്‍കി.
പാലസ് മൈതാനവും ഹൈടെക്
സമ്മേളനത്തിനെത്തിയവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് നഗരിയായ പാലസ് മൈതാനത്തെ ആധുനിക സൗകര്യങ്ങളായിരുന്നു. 300 പേര്‍ക്കിരിക്കാവുന്ന കൂറ്റന്‍വേദിയില്‍ സംഘാടകര്‍ക്ക് കടന്നുപോകാന്‍ പിന്‍വശത്ത് പ്രത്യേക പാസേജും സജ്ജമാക്കിയിരുന്നു. ലക്ഷക്കണക്കിനു പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ എല്ലാവര്‍ക്കും വേദി കാണാനാകുമോ എന്നായിരുന്നു സംഘാടകരുടെ പ്രധാന വെല്ലുവിളി. ഇതു മറികടക്കാന്‍ മൈതാനത്തിന്റെ ഓരോ മുക്കിലുമായി അമ്പതോളം എല്‍.ഇ.ഡി വാളുകളാണ് സ്ഥാപിച്ചത്. ഇതുവഴി മൈതാനത്തെത്തിയ ഓരോ പ്രവര്‍ത്തകനും കൃത്യമായി സമ്മേളനം വീക്ഷിക്കാനായി. ആധുനിക ശുചിമുറിയും നിസ്‌കാരത്തിനു മുമ്പ് അംഗശുദ്ധി (വുളു) വരുത്താനുള്ള പ്രത്യേകം സൗകര്യവും സജ്ജീകരിച്ചിരുന്നു. എസ്.വൈ.എസും എസ്.കെ.എസ്.എസ്.എഫ് 'മീമും' ചേര്‍ന്ന് രക്തദാന ക്യാംപും സൗജന്യ മെഡിക്കല്‍ ക്യാംപും ഒരുക്കിയിരുന്നു. ആവശ്യമായവര്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്‍കി. 14 ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി. സമ്മേളന നഗരിയില്‍ എത്തുന്നവര്‍ക്ക് 45 പവലിയനുകളിലൂടെ മിതമായ നിരക്കില്‍ ഭക്ഷണ പാനീയങ്ങളും നല്‍കാനായി.
ചിട്ടയായ പ്രവര്‍ത്തനം
ചുരുങ്ങിയ കാലയളവാണ് സമ്മേളന നടത്തിപ്പിനായി ബംഗളൂരുവിലെ സംഘാടകര്‍ക്കു ലഭിച്ചത്. മഹാനഗരത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും കൈമെയ് മറന്നുള്ള ഒരുമാസക്കാലത്തെ ഉറക്കമൊഴിച്ചുള്ള ചിട്ടയായ പ്രവര്‍ത്തനമാണ് സമസ്തയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ചരിത്രസമ്മേളനത്തിനു വഴിമാറിയത്. ഇനി നൂറാം വാര്‍ഷിക സമ്മേളനവും ചരിത്രമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങാനുള്ള തയാറെടുപ്പിലാണ് മഹാനഗരത്തിലെ ഓരോ സമസ്ത പ്രവര്‍ത്തകനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."